ന്യൂദല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ നടപടിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ അന്വേഷണം വേണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. 370 റദ്ദാക്കിയതും ജമ്മു കാശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞതും കോണ്‍ഗ്രസ് പുനഃപരിശോധിക്കുമെന്നായിരുന്നു സമൂഹമാധ്യമമായ ക്ലബ് ഹൗസില്‍ നടത്തിയ സംഭാഷണത്തില്‍ ദിഗ്വിജയ സിംഗ് പറഞ്ഞത്.
പാര്‍ലമെന്റ് എടുത്ത തീരുമാനത്തെ പാക്കിസ്ഥാനെപ്പോലെ ദിഗ്വിജയ സിംഗും എതിര്‍ക്കുന്നുവെന്ന് പ്രസ്താവനയിലൂടെ അദ്ദേഹം തെളിയിച്ചുവെന്ന് കത്തില്‍ ശര്‍മ പറഞ്ഞു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവകാശമുണ്ടെന്ന് ചിന്തിച്ച് അദ്ദേഹത്തെപ്പോലുള്ളവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് ശര്‍മയുടെ കത്തിലുണ്ട്. ദിഗ്വിജയ സിംഗ് മുന്‍പ് പറഞ്ഞ ചില വാക്കുകളെക്കുറിച്ചും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭീകരരായ ഒസാമ ബിന്‍ ലാദനെ ‘ഒസാമാജി’, ഹാഫിസ് സയീദിനെ ‘സാഹിബ്’ എന്നിങ്ങനെ പരാമര്‍ശിച്ചതും കത്തില്‍ ഓര്‍മിപ്പിക്കുന്നു.
പുല്‍വാമ ആക്രമണം വെറുമൊരു അപകടം മാത്രം, 26/11 ആക്രമണം ആര്‍എസ്എസിന്റെ ഗൂഢാലോചന, പിഒകെ ‘ഇന്ത്യന്‍ ഒക്യൂപൈഡ് കാശ്മീര്‍’ എന്നീ അഭിപ്രായപ്രകടനങ്ങള്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി നടത്തിയതും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: