പരവിദ്യയുടെ ലക്ഷണം ഒന്നാം മുണ്ഡകത്തിലെ ഒന്നാം ഖണ്ഡത്തിലിങ്ങനെ:
‘യത്തദദ്രേശ്യമഗ്രാഹ്യമഗോത്രമവര്‍ണ്ണ
മചക്ഷുഃ ശ്രോത്രം തദപാണിപാദം
നിത്യം വിഭും സര്‍വ്വഗതം സുസൂക്ഷ്മം
തദവ്യയം യദ് ഭൂതയോനിം പരിപശ്യന്തി ധീരാഃ (6)
അര്‍ത്ഥം: നേത്രാദിജ്ഞാനേന്ദ്രിയങ്ങള്‍ക്കു വിഷയമല്ലാത്തതും കൈ, കാല് മുതലായ കര്‍മേന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്തതും മൂലമായി യാതൊന്നുമില്ലാത്തതും വര്‍ണം മുതലായ പ്രത്യേകലക്ഷണങ്ങളൊന്നുമില്ലാത്തതും കണ്ണ്, ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങളും കൈ, കാല് മുതലായ കര്‍മ്മേന്ദ്രിയങ്ങളും ഇല്ലാത്തതും, ശാശ്വതവും വിവിധരൂപങ്ങളില്‍ പ്രകാശിക്കുന്നതും സര്‍വ്വവ്യാപിയും അത്യന്തസൂക്ഷ്മവും നാശമില്ലാത്തതും എല്ലാ ഭൂതങ്ങള്‍ക്കും കാരണഭൂതവുമായി പ്രസിദ്ധമായിട്ടുളള ആ സത്യവസ്തുവിനെ ധീരന്മാര് ഏതുവിദ്യകൊണ്ടാണോ സര്‍വ്വാത്മാവായി സാക്ഷാത്കരിക്കുന്നത് അതാകുന്നു പരവിദ്യ.
വിദ്യയല്ലാത്ത വിദ്യ അഥവാ അവിദ്യയാണ് അപരവിദ്യയെങ്കില്‍ യഥാര്‍ത്ഥ വിദ്യയാണ് പരവിദ്യ. അവ്യാപ്തിയോ അതിവ്യാപ്തിയോ കൂടാതെ പരവിദ്യയെ കിറുകൃത്യമായി ഋഷികവി നിര്‍വചിച്ചിരിക്കുന്നു. ഇങ്ങനെ ഒതുക്കിപ്പറയാം. പരവിദ്യ അതീന്ദ്രിയം, നിരവയവം, നിത്യം, സര്‍വഗതം, സുസൂക്ഷ്മം, അവ്യയം.
മഹാചൈതന്യമായ അക്ഷരബ്രഹ്മത്തില്‍നിന്നും ഈ ജഗത്തുമുഴുവനും ഉണ്ടാകുന്നു. എങ്ങനെ?
‘യഥോര്ണനാഭിഃ സൃജതേ ഗൃഹ്ണതേ ച
യഥാ പൃഥിവ്യാമോഷധയഃ സംഭവന്തി
യഥാ സതഃ പുരുഷാത് കേശലോമാനി
തഥക്ഷരാത് സംഭവതീഹ വിശ്വം (1:1:7)
അര്‍ത്ഥം: അപ്രകാരമാണോ എട്ടുകാലി തന്നില്‍നിന്നുതന്നെ നൂലുണ്ടാക്കി വലകെട്ടുകയും ആവശ്യം കഴിയുമ്പോള്‍ ആ നൂലുകളെ തന്നിലേക്കുതന്നെ പിന്‍വലിക്കുകയും ചെയ്യുന്നത്, എപ്രകാരമാണോ ഭൂമിയില്‍നിന്നും ഓഷധികളും ധാന്യങ്ങളും മുളച്ചുണ്ടാകുന്നത്, എപ്രകാരമാണോ ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനില്‍ മുടിയും രോമങ്ങളും വളരുന്നത്, അതുപോലെ അക്ഷരബ്രഹ്മത്തില്‍നിന്ന് ഈ ജഗത്തുമുഴുവന്‍ ഉണ്ടാകുന്നു.
മൂന്നു ദൃഷ്ടാന്തങ്ങളാണിവിടെ ഋഷി ചൂണ്ടിക്കാണിക്കുന്നത്.
1.ചിലന്തിയുടെ ഉള്ളില്‍നിന്നും വലയുടെ നൂലെന്നപോലെ ചരാചരങ്ങള്‍ ജന്മംകൊള്ളുന്നു.
2.ഭൂമി ചെടികളെ മുളപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതുപോലെ സ്വാര്‍ത്ഥരഹിതമായി പ്രപഞ്ചം പിന്നെയും പിന്നെയും തളിര്‍ക്കുന്നു.
3.ചൈതന്യവാനായ മനുഷ്യനില്‍ ജഡങ്ങളായ രോമങ്ങളും നഖങ്ങളും യാതൊരു ശ്രമവും കൂടാതെ സ്വയം വളരുന്നതുപോലെ ചൈതന്യസ്വരൂപമായ ബ്രഹ്മത്തില്‍നിന്നും പ്രപഞ്ചം ആവിര്‍ഭവിക്കുന്നു.
ഈ മൂന്ന് ഉപമാനങ്ങളും വര്‍ണ്യവിഷയത്തെ പ്രദ്യോതിപ്പിക്കുകയും ഉദാത്തീകരിക്കുകയും ചെയ്യുന്നു. എട്ടുകാലി ബാഹ്യോപാധികള്‍ സ്വീകരിക്കാതെയാണ് വല നെയ്യുന്നത്. എന്റെ നൂല്, എന്റെ വല എന്നൊരു മമകാരം ഈ ക്ഷുദ്രജീവിയ്ക്കു തോന്നാതിരിക്കുമോ? എട്ടുകാലിയുടെ വല
നിര്‍മ്മാണത്തിലിത്തിരി സ്വാര്‍ത്ഥസ്പര്‍ശമുണ്ടാവാം. രണ്ടാമത്തെ ഉപമനോക്കൂ. വളര്‍ന്നവകളുടെ ഫലം ഒന്നുമേ വളര്‍ത്തിയ ഭൂമിമാതാവിനുവേണ്ട. ഭൂമി സസ്യസമൃദ്ധി നല്‍കുന്നത് സ്വാര്‍ത്ഥോദ്ദേശ്യപരതയാലല്ല. ജഡത്വശങ്ക ഒഴിവാക്കാനായിട്ടാണ് ചൈതന്യവാനായ മനുഷ്യനില്‍ ചൈതന്യരഹിതമായ മുടിയും രോമവും വളരുന്നതെന്നുപറഞ്ഞത്. ചേതനത്വത്തിലെ അചേതനത്വം.
സൃഷ്ടികര്‍മത്തിന്റെ സ്വതന്ത്രമായ സ്വച്ഛന്ദഗതിയാണ് ഈ മന്ത്രം മുഴുവനും. ഒന്നാം മുണ്ഡകത്തിലെ രണ്ടാം ഖണ്ഡം അപരവിദ്യയേയും അതിന്റെ ഫലങ്ങളേയും വിവരിക്കുന്നു. ഉത്കൃഷ്ടമായ കര്‍മഫലത്തെ ആഗ്രഹിക്കുന്നവര്‍ വേദപ്രോക്തങ്ങളായ കര്‍മങ്ങളെ നിത്യവും അനുഷ്ഠിക്കണം. ഇവിടെ ഒരു കാര്യം ഓര്‍മിക്കേണ്ടതുണ്ട്. അപരവിദ്യയറിഞ്ഞെങ്കില്‍ മാത്രമേ പരവിദ്യ അറിയാനാവൂ. അഗ്നിഹോത്രാദികര്‍മങ്ങളുടെ പ്രാധാന്യം തുടര്‍ന്നു വ്യക്തമാക്കുന്നു.
അഗ്നിദേവതയെപ്പറ്റിയുള്ള സസൂക്ഷ്മമായ പഠനം മുണ്ഡകം നടത്തുന്നുണ്ട്. അഗ്നിയുടെ നാവുകള്‍ ഏഴ്. ഈ മന്ത്രം നോക്കുക:
‘കാളീ കരാളീ ച മനോജവാ ച
സുലോഹിതാ യാ ച സുധൂമ്രവര്‍ണാ
സ്ഫുലിംഗിനീ വിശ്വരുചീ ച ദേവീ
ലേലായമാനാ ഇതി സപ്ത ജിഹ്വാ (1:2:4)
കാളി, കരാളി, മനോജവ, സുലോഹിത, സുധൂമ്രവര്‍ണ, സ്ഫുലിംഗിനി, വിശ്വരുചി – ഇവയാണ് അഗ്നിയുടെ സപ്തജിഹ്വകള്‍.
ഈ ഖണ്ഡത്തില്‍ വിരോധശ്രീകലര്‍ന്ന ഒരു പ്രകരണം കാണാം. ഉപനിഷദൃഷി ആദ്യം യജ്ഞത്തെ സ്തുതിക്കുന്നു. തുടര്‍ന്ന് അവയെ നിന്ദിക്കുന്നു. അവിദ്യയുടെ നടുവില്‍ നിന്നുകൊണ്ട് പണ്ഡിതന്മാരാണു തങ്ങളെന്ന് അഹങ്കരിച്ചുനടക്കുകയാണ് യജ്ഞപ്രിയര്‍. കുരുടന് കുരുടനെയെന്നപോലെ ഇക്കൂട്ടര്‍ ആപത്തില്‍പ്പെടുത്തുകയാണ്. കര്‍മമല്ല ജ്ഞാനമാണ് ശ്രേഷ്ഠം എന്ന് പറയാതെ പറയുകയാണ് ഋഷി. മഹത്തായ ചൈതന്യത്തെ ജ്ഞാനംകൊണ്ടാണ് മനസ്സിലാക്കേണ്ടത്. കര്‍മങ്ങള്‍ മാത്രം അനുഷ്ഠിക്കുന്നവര്‍ ഉയര്‍ന്ന നിലവാരത്തിലല്ല.
അപരവിദ്യയേയും അതിന്റെ ഫലങ്ങളേയും വിവരിച്ചതിനുശേഷം ജീവിതലക്ഷ്യപ്രാപ്തിക്ക് അവ അപര്യാപ്തമെന്ന് ഉപനിഷത്ത് പറയുന്നു. അപരവിദ്യയില്‍ വിരക്തിവന്ന വ്യക്തിയ്ക്കുമാത്രമേ പരവിദ്യയില്‍ അധികാരമുള്ളു.
തസ്മൈ സ വിദ്വാനുപസന്നായ സമ്യക്
പ്രശാന്തചിത്തായ ശമാന്വിതായ
യേനാക്ഷരം പുരുഷം വേദസത്യം
പ്രോവാച താം തത്ത്വതോ ബ്രഹ്മവിദ്യാം
ഗുരു വിദ്വാനാവണം. ശിഷ്യനാവട്ടെ ശമദമാദി ഗുണസമ്പന്നനുമാവണം. ശിഷ്യന് സമാര്‍ഹനെന്നുകണ്ടാല്‍ ഗുരു ബ്രഹ്മവിദ്യ ഉപദേശിച്ചുകൊടുക്കണം. സംസാരസാഗരത്തില്‍ മുങ്ങിത്താഴാന്‍ ശിഷ്യനെ ഗുരു ഒരിക്കലും അനുവദിക്കരുത്.
പരവിദ്യയറിഞ്ഞാല്‍ എല്ലാം അറിയാനാകുമെന്ന് പല ഉപനിഷത്തുക്കളും ഉറപ്പുനല്‍കുന്നുണ്ട്. ഇതറിഞ്ഞാല്‍ എല്ലാമറിയാമെന്ന് ബൃഹദാരണ്യകത്തില്‍ യാജ്ഞവല്ക്യന് മൈത്രേയിയോടുപറയുന്നു. കേള്‍ക്കപ്പെടാത്തത് കേള്‍ക്കാനും ചിന്തിക്കപ്പെടാത്തത് ചിന്തിക്കാനും അറിയപ്പെടാത്തത് അറിയാനും ഉതകുന്ന വിദ്യ പഠിച്ചുവോ എന്ന് ശ്വേതകേതുവിനോട് ഛാന്ദോഗ്യത്തില്‍ പിതാവുചോദിക്കുന്നു.
രണ്ടാം മുണ്ഡകത്തിന്റെ ഒന്നാം ഖണ്ഡം പരവിദ്യയ്ക്ക് വിഷയമായ ബ്രഹ്മത്തിന്റെ സ്വരൂപവും സ്വഭാവവും വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: