തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളെ തുടര്‍ന്ന് യുഎഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരെയെല്ലാം പിരിച്ചുവിട്ടു. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരായിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. റിക്രൂട്ടിങ് ഏജന്‍സി വഴി നിയമിക്കപ്പെട്ടവരെയാണ് ഇത്തരത്തില്‍ പിരിച്ചുവിട്ടിരിക്കുന്നത്.
യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഡിപ്ലോമാറ്റിക് വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിനെ തുടര്‍ന്ന് ഇനി മുചല്‍ ഡിപ്ലോമാറ്റിക് അല്ലാത്ത വിഭഗങ്ങളിലേക്കും വിദേശകാര്യ മന്ത്രാലയം തന്നെ നിയമനം നടത്തും. സ്വപ്ന അടക്കമുള്ളവര്‍ യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്ക് കയറിയത് ബാഹ്യ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു. സെക്രട്ടറിയായി ആദ്യം കണ്ടെത്തിയ യുവതിയെ ഒഴിവാക്കിയാണ് സ്വപ്നയെ നിയമിച്ചത്. സെക്രട്ടറിയായിരുന്ന സ്വപ്നയും പിആര്‍ഒ സരിത്തും യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് വാങ്ങിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനിയുള്ള നിയമനങ്ങള്‍ യുഎഇ വിദേശകാര്യ മന്ത്രാലയം നേരിട്ട് നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
വിവാദങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് പോയ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബി പിന്നീട് ഇതുവരെ തിരിച്ചുവന്നിട്ടില്ല. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കോണ്‍സുല്‍ ജനറലിനെതിരെ നിയമനടപടി കൈക്കൊണ്ടതായും റിപ്പോര്‍ട്ടുണ്ട്. അല്‍സാബിക്ക് തത്കാലം പ്രധാന ചുമതലകളൊന്നും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. സ്വര്‍ണക്കടത്ത് സംബന്ധിച്ച് യുഎഇയിലും അന്വേഷണം നടന്നു വരികയാണ്. ഇത് പൂര്‍ത്തിയായ ശേഷമായിരിക്കും അല്‍സാബിക്കെതിരെ നടപടി സ്വീകരിക്കുക.
സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനേയും മുന്‍ അറ്റാഷേ റഷീദ് ഖമീസ് അല്‍ ഷെമേലി എന്നിവരെ പ്രതിചേര്‍ക്കാന്‍ വിദേശകാര്യമന്ത്രാലയം കസ്റ്റംസിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാലും യുഎഇയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇവരെ ചോദ്യം ചെയ്യാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: