ന്യൂദല്‍ഹി : സംസ്ഥാനങ്ങള്‍ക്കുള്ള കോവിഡ് വാക്സിന് വിതരണം സൗജന്യമായി തന്നെ തുടരും. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 25.87 കോടി ഡോസ് കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം വാക്സിനുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കായി വിതരണം ചെയ്യും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നേരിട്ടുള്ള വിതരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 25,87,41,810 കോടി വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പക്കല്‍ 1,12,41,187 വാക്സിന് ഡോസുകളുടെ സ്റ്റോക്ക് ഇപ്പോള്‍ ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. രാജ്യം കൊവിഡ് രണ്ടാം തരംഗ വ്യാപനത്തില്‍ നിന്നും അതിവേഗം മുക്തി നേടുകയാണ്. രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായിട്ടുണ്ട്. രോഗ മുക്തി നിരക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കയുണ്ടാക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന മൊത്തം വാക്സിന്റെ 75 ശതമാനവും നേരിട്ട് വാങ്ങുമെന്ന് അടുത്തിടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളുടെത് കൂടി ഇതോടെ കേന്ദ്രം നേരിട്ട് കൈകാര്യം ചെയ്യും. അവശേഷിച്ച 25 ശതമാനം സ്വകാര്യ മേഖലക്കാണ്.
അതേസമയം രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് നല്കിയ വാക്സിനുകളില്‍ ഭൂരിഭാഗവും കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 1.85 കോടി വാക്സിന് അനുവദിച്ചിട്ട് ഇതില്‍ 17 ശതമാനം അഥവാ 22 ലക്ഷം ഡോസ് വാക്സിന് മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലെത്തി ഉയര്‍ന്ന തുക നല്കി വാക്സിന് സ്വീകരിക്കുന്നതിന് പകരം സൗജന്യ വാക്സിന് മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള വാക്സിന് വിതരണം മന്ദഗതിയിലാകാന്‍ കാരണം. നിലവില്‍ കോവിഷീല്‍ഡ് വാക്സിന് 780 രൂപയും കൊവാക്സിന് 1,410 രൂപയും, സ്പുട്നികിന് 1,145 രൂപയുമാണ് ഒരു ഡോസിന് വില. നികുതിയും 150 രൂപ സര്‍വീസ് തുകയും ഉള്‍പ്പെടുത്തിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: