പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ പഠനം മുടങ്ങുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അധികാരികളും മേഖലയിലെ ജനപ്രതിനിധികളും പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ശാശ്വത പരിഹാരത്തിന് നടപടികളില്ല.
മലയോര മേഖലയില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യങ്ങളില്ല. ചില മേഖലയില്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണോ ടിവിയോ ഇല്ല. മൊബൈലുള്ളവര്ക്കാകട്ടെ നെറ്റ്വര്ക്കില്ലാത്ത അവസ്ഥയാണ്. ചില മേഖലകളില്‍ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ടിവിയുണ്ടെങ്കിലും വൈദ്യുതി മുടക്കം ബുദ്ധിമുട്ടിക്കുന്നു. പിറവന്തൂര്‍ പഞ്ചായത്തിലെ മുള്ളുമല, കിഴക്കേ വെള്ളംതെറ്റി, കുരിയോട്ടുമല ആര്യങ്കാവ് പഞ്ചായത്തിലെ അച്ചന്‍കോവില്‍, ആര്യങ്കാവ്, തെന്മല പഞ്ചായത്തിലെ ഉറുകുന്ന് എന്നിവിടങ്ങളിലെ ഗിരിജന്‍കോളനിയിലെ വിദ്യാര്‍ത്ഥികളുടെ പഠനമാണ് മുടങ്ങുന്നത്. സ്കൂള്‍ അധിക്യതര്‍ പോലും തിരിഞ്ഞ് നോക്കാതായതോടെ വനവാസി ഊരില്‍ ഓണ്‍ലൈന്‍ പഠനം ഏതാണ്ട് നിലച്ച മട്ടാണ്.
മൊബൈലിന് കവറേജ് ഇല്ലാത്തതും അടിക്കടി മുടങ്ങുന്ന വൈദ്യുതിയുമാണ് വനവാസി ഊരിലെ കുട്ടികളുടെ പഠനം മുടക്കിയത്. പ്രദേശത്ത് ടവര്‍ സ്ഥാപിച്ച് നെറ്റ് വര്‍ക്ക് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു പറ്റിച്ച ജനപ്രതിനിധികള്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് മുള്ളുമലക്കാര്.
കിഴക്കേ വെള്ളംതെറ്റി വനവാസി കുടുംബങ്ങള്‍. ആശുപത്രി കേസിനും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി വാഹനം വിളിക്കാന്‍പോലും മൊബൈലില്‍ ബന്ധപ്പെടാന്‍ പറ്റാത്ത സ്ഥിതിയാണ്. മിക്ക വീടുകളിലും ഇപ്പോഴും ടിവിയോ മൊബൈലോ ഇല്ലാത്ത സ്ഥിതിയുമുണ്ട്. കോളനികളില്‍ ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള കുട്ടികളുടെ പഠനമാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്. ജനപ്രതിനിധികള്‍ക്ക് വനവാസികളോട് എന്നും അവഗണന മാത്രമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടികളുടെ പഠനത്തിനായി റേയ്ഞ്ച് നോക്കി വന്യമൃഗങ്ങളുള്ള വനത്തിലേക്ക് പോകേണ്ട ഗതികേടുമാണ്. നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ജനപ്രതിനിധികള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: