തിരുവനന്തപുരം: സിപിഎം സിപിഐ മന്ത്രിമാരെ മാറ്റിയതും വകുപ്പുകളില്‍ ക്രമീകരണം നടത്തിയതും ഭരണത്തിലെ കൊള്ള മൂടിവയ്ക്കാന്‍. മുഖ്യമന്ത്രി ഒഴികെ സിപിഎമ്മിന്റെ പഴയമന്ത്രിമാരാരും ഇപ്പോള്‍ ഇല്ല. സിപിഐ മന്ത്രിമാരുടെയും സ്ഥിതി അത് തന്നെ. നിലനിര്‍ത്തിയ മന്ത്രിമാരും കേരള കോണ്‍ഗ്രസ്സിന്റെ ഏക മന്ത്രിയും പിണറായി വിജയന്റെ അജ്ഞാനുവര്‍ത്തികളുമാണ്. മുട്ടില്‍ മരം മുറി അടക്കം തന്റെ മൗനസമ്മതത്തോടെ നടന്ന അഴിമതി ഉപയോഗിച്ച് പിണറായി വിജയന് സിപിഐയെ വരുതിയിലാക്കി. അതിനിടെ ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം കേസ് അട്ടിമറിക്കാനുള്ള നാടകമാണെന്നും ആരോപണമുണ്ട്. വനംവകുപ്പ് മാത്രമല്ല മറ്റു പല വകുപ്പുകളിലും അഴിമതി നടന്നുവെന്നും മന്ത്രിമാര്‍ തുടര്‍ന്നാല്‍ ഇത് പുറത്തുവരുമെന്നും മുഖ്യമന്ത്രിക്ക് മനസിലായതാണ് മന്ത്രിമാരെ മാറ്റാന്‍ കാരണം.
സിപിഎമ്മും സിപിഐയും പരസ്പര ധാരണയോടെ മരംമുറിക്ക് കൂട്ടുനിന്നെന്നാണ് പുറത്ത് വരുന്ന വിവരം. ഏറെക്കാലമായി വനം വകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐ ആണ്. തോട്ടം ഉടമകള്‍ക്ക് അനുകൂല നിലപാട് എടുത്ത ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ സിപിഐയുടെ കയ്യിലിരുന്ന റവന്യൂ, വനം വകുപ്പുകള്‍ പിണറായി വിജയന്റെ ഇംഗിതത്തിന് നിന്നിരുന്നില്ല. അതേസമയം അവര്‍ അവരുടെ രീതിയില്‍ അഴിമതി നടത്തുകയും ചെയ്തു. ഈ സാഹചര്യം നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പിനിടെയുള്ള സമയത്ത് വന്‍ വനം കൊള്ള നടന്നത്. ഈ അഴിമതിയക്ക് മൗനസമ്മതം നല്കിയ പിണറായി വിജയന് ഇതേ അഴിമതി ഉയര്‍ത്തിക്കാട്ടി സിപിഐയില്‍ നിന്നും വകുപ്പ് മാറ്റിയെന്നാണ് സൂചന.
സിപിഐയില്‍ നിന്നും വനം മാറ്റുമ്പോള്‍ സിപിഎമ്മില്‍ നിന്നും ഒരു പ്രധാന വകുപ്പ് ഘടകകക്ഷികള്‍ക്ക് നല്‍കണം. ഒരൊറ്റ രാജ്യം ഒരൊറ്റഗ്രിഡ്, വൈദ്യുതി നിരക്ക് ഏകീകരണവും വരുന്നതോടെ വൈദ്യുതി വകുപ്പില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. വൈദ്യുതി മുടങ്ങി ഉണ്ടാകുന്ന തലവേദന സിപിഎമ്മില്‍ നിന്നും മാറുകയും ചെയ്യും. മാത്രമല്ല ജനതാദള്‍ എസിന് നല്‍കുന്നതോടെ അത് മുഖ്യമന്ത്രിക്ക് നേരിട്ട് നിയന്ത്രിക്കാനും ആകും. അതുകൊണ്ട് തന്നെ വൈദ്യുത വകുപ്പ് വിട്ടുനല്‍കുകയും ചെയ്തു. ഇതോടെ രണ്ട് പാര്‍ട്ടിയും പ്രധാന വകുപ്പ് വിട്ടുനല്കിയെന്ന ധാരണ ഉണ്ടാക്കുകയുമായിരുന്നു.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണം കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യം ഉന്നയിച്ചാല്‍ അതിന് തടയിടാനും വിജിലന്‍സ് അന്വേഷണത്തിലൂടെ സാധിക്കും. ലൈഫ് മിഷന് അഴിമതിയില്‍ അടക്കം സംസ്ഥാന വിജിലന്‍സ് ഫയലുകള്‍ പിടിച്ചെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികള്‍ക്ക് ഫയല്‍ നല്‍കാതെ അന്വേഷണത്തെ തടയാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു.
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചിരുന്നു. സ്പ്രിങ്കഌ അഴിമതി ഇടപാടില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സിപിഐ ഓഫീസിലെത്തി കാനം രാജേന്ദ്രനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരല്ല സിപിഐ മന്ത്രിമാര്‍ എന്ന് വരുത്തി തീര്‍ക്കുവാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു. റവന്യൂ വകുപ്പിലടക്കം മുഖ്യമന്ത്രി കൈകടത്തുന്നുവെന്ന് വിലാപം ഉയര്‍ത്തി. ഇതെല്ലാം അഴിമതിക്കുള്ള മറായായിരുന്നുവെന്നാണ് വനം കൊള്ളയിലൂടെ പുറത്ത് വരുന്നത്.
ജോസ്കെ മാണി അടക്കം ആവശ്യപ്പെട്ട വനം വകുപ്പ് എന്‍സിപിക്ക് നല്‍കിയത് പിണറായി വിജയന്റെ കൈപിടിയില്‍ നിര്‍ത്താനാണ്. ഇ ബസ് അഴിമതിയില്‍ ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്റെ പേര് എങ്ങും ഉയര്‍ന്ന് വന്നിരുന്നില്ല. എന്നാല്‍ ഗതാഗത സെക്രട്ടറിയുടെയുംമുഖ്യമന്ത്രിയുടെയും ഇടപെടലുകള്‍ പുറത്ത് വരികയും ചെയ്തു. എ.കെ. ശശീന്ദ്രന് വിധേയനായി നിന്നതിനാല്‍ ഗതാഗത വകുപ്പ് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്തിരുന്നുവെന്നാണ് വിവരം. ഇതേ രീതിയില്‍ വനം വകുപ്പ് കൈകാര്യം ചെയ്യാനാണ് എ.കെ.ശശീന്ദ്രന് നല്‍കിയതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: