തൃശൂര്‍: ലോക്ഡൗണിന്റെ മറവില്‍ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സംഘങ്ങള്‍ വന്‍തോതില്‍ ലാഭമുണ്ടാക്കുമ്പോള്‍ സാധാരണക്കാരായ ഹോട്ടലുകാര്‍ പ്രതിസന്ധിയില്‍. സ്വിഗി, സൊമാട്ടോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംഘങ്ങളാണ് വന്‍കിട ഹോട്ടലുകാരുമായി സഹകരിച്ച് ലോക്ഡൗണില്‍ വന്‍തോതില്‍ ലാഭമുണ്ടാക്കുന്നത്.
ഹോട്ടലുകള്‍ക്ക് ഇളവ് നല്കി പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെങ്കിലും പാര്‍സല്‍ നല്കാന് മാത്രമാണ് അനുവാദമുള്ളത്. സാധാരണക്കാര്‍ നടത്തുന്ന ഹോട്ടലുകള്‍ക്ക് ഭക്ഷണം ഡെലിവറിയായി നല്‍കാനുള്ള സംവിധാനമില്ലാത്തതാണ് വന്‍ ഹോട്ടലുകാര്‍ ഓണ്‍ലൈന്‍ ഡെലിവറി സംഘങ്ങള്‍ വഴി യഥേഷ്ടം പ്രവര്‍ത്തിക്കുന്നതും വന്‍തോതില്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നത്. അതിനിയന്ത്രണ മേഖലയില്‍ പോലും പോലീസിനെയും ആരോഗ്യവകുപ്പിനെയും നോക്കുകുത്തിയാക്കി ഓണ്‍ലൈന്‍ ഡെലിവറി സംഘങ്ങള്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
സാധാരണക്കാര്‍ നടത്തുന്ന ഹോട്ടലുകാര്‍ക്ക് ഡെലിവറി സംഘങ്ങള്‍ ഇല്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോഴും അടഞ്ഞുകിടപ്പാണ്. പല ഹോട്ടലുടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. വാടക, കറന്റ് ബില്‍, ജീവനക്കാരുടെ ശമ്പളം എന്നീവ മുടങ്ങിയിരിക്കുകയാണ്. മിക്കവരും വാടകക്കെടുത്തും ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തുമാണ് ഹോട്ടലുകള്‍ നടത്തുന്നത്. വായ്പാ തവണകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് പലരും എന്ത് ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ്.
ഡെലിവറി ചാര്‍ജായി ഈടാക്കുന്നത് വന്‍ തുക
ഓണ്‍ലൈന്‍ ഡെലിവറി ഭക്ഷണ സംഘങ്ങള്‍ ടാക്സ്, ഡെലിവറി ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത് വന്‍ തുക. 100 മുതല്‍ 300 രൂപവരെയാണ് പലരും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ഇത്തരത്തില്‍ ഈടാക്കുന്ന തുകയില്‍ വലിയൊരു ശതമാനം വന്‍കിട ഹോട്ടലുകാര്‍ക്കും ലാഭയിനത്തില്‍ ലഭ്യമാകുന്നുണ്ട്.
ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം ഉറപ്പാക്കി 50 ശതമാനം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുതകുന്ന രീതിയില്‍ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കണം.ഓണ്‍ലൈന്‍ ഡെലിവറി സംഘങ്ങള്‍ക്ക് ബദലായി ഹോട്ടലുകളുമായി സഹകരിച്ച് അസോസിയേഷന് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ അത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അടുത്ത് തന്നെ അതിന്റെ പ്രവര്‍ത്തനം തൃശൂരിലേക്കും വ്യാപിപ്പിക്കും. ആപ്പില്‍ 10 ശതമാനത്തിന് താഴെ മാത്രമേ ഉപഭോക്താവില്‍ നിന്നും സര്‍വീസ് ചാര്‍ജായി ഈടാക്കൂവെന്ന് ഉണ്ണികൃഷ്ണന് ഈച്ചരത്ത് (ജില്ലാ പ്രസിഡന്റ്, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്) പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: