തൃശൂര്‍ : കൊടകര കവര്‍ച്ചക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും റിപ്പോര്‍ട്ട് കൈമാറി. കവര്‍ച്ച ചെയ്യപ്പെട്ടത് കള്ളപ്പണമാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു. എഫ്ഐആറില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ തുക ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ധര്മ്മരാജന് പോലീസിന് നല്കിയ മൊഴിയും കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നതും പൊരുത്തപ്പെടുന്നില്ല. പിടിച്ചെടുത്ത പണം ധര്‍മ്മരാജനും സുനില്‍ നായ്കിനും കൈമാറരുതെന്നും പോലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കവര്‍ച്ച ചെയ്യപ്പെട്ടത് 25 ലക്ഷമെന്നായിരുന്നു പരാതി. എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഈ തുകയാണ്. എന്നാല്‍ മൂന്നരക്കോടി രൂപ കാറില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഒരുകോടി നാല്പത് ലക്ഷം മാത്രമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്. ബാക്കി പണം എവിടെയെന്ന ചോദ്യത്തിന് പോലീസിന് ഉത്തരമില്ല.
കവര്‍ച്ച സംഘത്തിന് വിവരം ചോര്‍ത്തി നല്കിയ റഷീദിനെ ഇന്നലെയും പോലീസ് ചോദ്യം ചെയ്തു. പണം പലര്‍ക്കായി കൈമാറിയതായാണ് റഷീദ് പറയുന്നത്. കവര്‍ച്ച തുകയിലെ നാല് ലക്ഷം രൂപ കൂടി പ്രതികള്‍ ഹാജരാക്കി. ബഷീറും രഞ്ജിത്തുമാണ് പണം ഹാജരാക്കിയത്. ഇ ഡി കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയതോടെ പോലീസിന്റെ അന്വേഷണം ഇനി മുന്നോട്ടു പോകാനിടയില്ല എന്നാണ് സൂചന.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പണം തനിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ധര്‍മ്മരാജനും സുനില്‍ നായ്ക്കും ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് പോലീസ് ഇന്നലെ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: