പൊതുകടത്തിന് പലിശ നല്‍കാന്‍പോലും കടം വാങ്ങേണ്ട സാമ്പത്തിക സാഹചര്യമാണ് കേരളത്തിനുള്ളത്. ‘നഞ്ചു വാങ്ങാന്‍ പോലും നയാ പൈസയില്ലെന്ന’ പഴയ ഗാനത്തെ ഓര്‍മ്മിച്ചുപോകുന്ന മുഹൂര്‍ത്തങ്ങള്‍ നിരവധി. അതിനിടയിലാണ് മുന്‍പിന്‍ നോക്കാതെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ അതിവേഗ റെയില്‍ പദ്ധതിക്കുള്ള തിരക്കിട്ട നീക്കം.
ദല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരവും കേന്ദ്രീകരിച്ച സെന്‍ട്രല്‍ സെക്രട്ടേറിയറ്റും പണിയാന്‍ തീരുമാനിച്ചതിനെതിരെ നെഞ്ചത്തടിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചവരുടെ സര്‍ക്കാരാണ് അതിവേഗ പാതക്കായി ബഹുവേഗം നടപടികള്‍ നീക്കുന്നത്. ദല്‍ഹി പദ്ധതി ഇന്ത്യാ ഗവണ്മെന്റിന്റേതാണ്. പ്രഖ്യാപിക്കുന്ന പദ്ധതി നടപ്പാക്കാന്‍ കയ്യില്‍ കാശുണ്ട്. 30,000 കോടി രൂപയാണ് അതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ഒരു നയാപൈസപോലും നീക്കിയിരിപ്പില്ലാത്ത കേരളം റെയില്‍പാതക്ക് കണക്കാക്കിയ ചെലവ് 64,000 കോടി രൂപയാണ്. പണി തീരണമെങ്കില്‍ അതിന്റെ ഇരട്ടിയിലധികം ചെലവാക്കേണ്ടി വരില്ലേ എന്ന സംശയം വേറെ.
അതിവേഗ റെയില്‍പാത നിലവിലുള്ള പാതകളുമായി ഒട്ടും ചേരുന്നില്ല. പുതിയ പാതയുടെ ദൂരം 529 കിലോമീറ്ററാണ്. അതിനായി രണ്ട് പാത നിര്‍മ്മിക്കണം. ഭൂമി അതിനനുസരിച്ചുവേണം. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു. ദല്‍ഹിയില്‍ പുതിയ നിര്‍മ്മിതി വരുമ്പോള്‍ മരം പോകും, തണല്‍ ഇല്ലാതാകും, ചൂട് കൂടും എന്നൊക്കെ വിലപിച്ച മഹാരഥന്മാരൊന്നും അതിവേഗ റെയില്‍ പദ്ധതിക്ക് ഇടങ്കോലാകാന്‍ വരാത്തത് ഏതായാലും നന്നായി. കേന്ദ്രാനുമതി കിട്ടാന്‍ വൈകുമെന്ന പ്രതീക്ഷയോടെയായിരുന്നു അതിവേഗം പദ്ധതി പ്രഖ്യാപിച്ചത്. പക്ഷേ സ്ഥിതി മറിച്ചായി. കേന്ദ്രം ഒരു തടസ്സവും ഇതുവരെ പറഞ്ഞിട്ടില്ല. വികസനത്തിന് എന്നും ഒരടി മുന്നിലാണല്ലൊ നരേന്ദ്രമോദി സര്‍ക്കാര്‍. അതാണിപ്പോള്‍ കേരളത്തിന് പുലിവാലായത്.
ഭൂമിക്കും കെട്ടിടത്തിനും മരത്തിനുമെല്ലാം ഒരിരട്ടിയല്ല നാലിരട്ടി തുക നല്‍കാനാണ് തീരുമനിച്ചിട്ടുള്ളത്. നുള്ളിപ്പെറുക്കിയ കാശിന് പേഴ്സ് വാങ്ങിയാല്‍ പേഴ്സിലിടാന്‍ കാശിന് നെട്ടോട്ടമോടുന്നവരെ കുറിച്ച് കേട്ടിട്ടില്ലെ. അതുപോലെയാണ് പാതക്ക് കാശിനുവേണ്ടിയുള്ള അലച്ചില്‍. ഭൂമിക്ക് കിഫ്ബിയെ ആശ്രയിക്കണം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വണ്ടി ഓടിക്കാന്‍ 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ ഭൂമി ഏറ്റെടുക്കണം. അതിന് കിഫ്ബി നല്കുന്ന വായ്പകൊണ്ട് തികയുമോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. അതുകഴിഞ്ഞാല്‍ കടം തേടുന്ന സ്ഥാപനങ്ങളില്‍ എഡിബിയുമുണ്ട്. കേരളത്തില്‍ നേരത്തെ എഡിബി വായ്പ സ്വീകരിച്ചതിനെതിരെ അതിശക്തമായി പോരാട്ടം നടത്തിയവരാണ് ഇന്ന് ഭരിക്കുന്നത്. ലോകബാങ്കിനും എഡിബിക്കും കാണാചരടുണ്ടെന്ന് ഘോരഘോരം പ്രസംഗിച്ചവരുടെ മന്ത്രിസഭ ഭിക്ഷാംദേഹി എന്ന മട്ടില്‍ അലയുന്നത് കാണുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നുക തന്നെ ചെയ്യും.
പണത്തിനുവേണ്ടി പരക്കം പായുന്നവരാണ് അര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങാന്‍ കഴിയാതെ അന്ധാളിച്ച് നില്‍ക്കുന്നത്. സിഎജി അക്കാര്യം കഴിഞ്ഞ ദിവസം നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നികുതി പിരിച്ചെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത വീഴ്ച വരുത്തിയതാണ് സിഎജി ചൂണ്ടിക്കാട്ടിയത്. 20,146 കോടിയാണ് പിരിച്ചെടുക്കാനുള്ളത്. അതില്‍ ഗതാഗത വകുപ്പിന്റേത് മാത്രം 2,098 കോടിയുണ്ട്. 11 വകുപ്പുകള്‍ അഞ്ചുവര്‍ഷമായി പിരിക്കാത്ത 5,765 കോടിയാണ്. ഇതൊന്നും ശ്രദ്ധിക്കാതെ പണമുണ്ടാക്കാന്‍ നടത്തുന്ന പെടാപാട് കാണുമ്പോള്‍ കണ്ണുതള്ളിപ്പോകും.
എംഎല്‍എമാരുടെ ആസ്തി വികസനത്തിന് വര്‍ഷം ഒരാള്‍ക്ക് ഒരു കോടി നല്കിപ്പോന്നു. അഞ്ചുവര്‍ഷം കിട്ടുന്നത് 5 കോടി. അത് ഇനി മുതല്‍ 1 കോടിയായി ചുരുങ്ങുന്നു. അതുവഴി ഖജനാവിലെത്തുന്നത് 560 കോടി. ഇതില്‍ നിന്നെടുത്ത് മൂന്നുപേര്‍ക്ക് സ്മാരകം നല്കാന് നാലരക്കോടി ചെലവാക്കുകയും ചെയ്യുന്നു. ഇതൊന്നും ചോദ്യം ചെയ്യരുത്. എതിരായ സമരവും വരരുത്. അതിന് എന്തുവഴി? അതിന് മുഖ്യമന്ത്രിയുടെ പാര്‍ട്ടി പലനാളായി തുടരുന്ന കുതന്ത്രമുണ്ട്. വിമര്‍ശനം ആര്‍എസ്എസിനെതിരെയാകുമ്പോള്‍ നേട്ടം പലത്. കാക്കയുടെ വിശപ്പും തീരും പോത്തിന്റെ കടിയും തീരും എന്ന പോലെ ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍ ബിജെപി ഒഴികെ രാഷ്ട്രീയക്കാരെല്ലാം വിമര്‍ശിക്കുന്നവരോടൊപ്പം നില്ക്കും. മുസ്ലിം തീവ്രവാദികളുടെ പൂര്‍ണ പിന്തുണയും ലഭിക്കും.
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട എന്നു പറയുന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ആര്‍എസ്എസിന് വേറെ ഒരുപാട് പണിയും തിരക്കുമുണ്ട്. അതിനിടയിലെവിടെ ലക്ഷദ്വീപിനെ നോക്കാന്‍ നേരം. അതുപോലൊന്നാണ് കൊടകരയിലെ കവര്‍ച്ചയും. സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിപക്ഷവുമെല്ലാം കൊടകര വിഷയത്തില്‍ ഒളിച്ചുകളിയും ഒത്തുകളിയുമാണ്. കൊടകര വിഷയത്തില്‍ എന്തിനാണാവോ ആര്‍എസ്എസിനെ വലിച്ചിഴക്കുന്നത്. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ’ എന്ന ന്യായം വിളമ്പുന്നത് ഇരുട്ടില്‍ തപ്പുന്നതുകൊണ്ട് മാത്രമാണ്.
പണ്ട് പോള്‍ മുത്തൂറ്റ് വധിക്കപ്പെട്ടപ്പോള്‍ ആര്‍എസ്എസിനെ വലിച്ചിഴക്കാന്‍ നോക്കിയ വീരനാണ് പിണറായി വിജയന്. പോള്‍ കുത്തേറ്റത് ‘എസ്’ ആകൃതിയിലുള്ള കത്തികൊണ്ടാണെന്ന് പ്രസ്താവിച്ച പിണറായി ഈ ആകൃതി കത്തി ഉപയോഗിക്കുന്നത് ആര്‍എസ്എസ് കാരാണെന്നും തട്ടിവിട്ടു. സിബിഐ അന്വേഷണം വന്നപ്പോള്‍ എല്ലാ കള്ളങ്ങളും പൊളിഞ്ഞു. ഒടുവിലത്തെ പ്രചാരണങ്ങളുടെ സ്ഥിതിയും അതുതന്നെയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: