പാലക്കാട്: നെന്മാറയില് സ്ത്രിയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവം സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന് വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉടന്‍തന്നെ കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും.
സജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന് എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളില്‍ കഴിഞ്ഞുവെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ്.
വാതിലില്‍ വൈദ്യുതികടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന് കമ്മിഷന് വിലയിരുത്തി. കാമുകി, കാമുകന്, പ്രണയം എന്ന നിസ്സാരപദങ്ങളിലൂടെ സംഭവത്തിന്റെ ഗൗരവം കുറച്ചുകാട്ടിയ ചില മാധ്യമങ്ങളുടെ ശ്രമം പൗരബോധമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്നും കമ്മിഷന് വിലയിരുത്തി.
യുവതിയെ പത്തുവര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദവും ചാനലുകളുടെ പരിശുദ്ധ പ്രണയകഥയും തള്ളി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചത്. സജിത പുറത്തിറങ്ങാന്‍ സ്ഥിരമായി ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികള്‍ മൂന്നു മാസം മുമ്പാണ് മുറിച്ചുമാറ്റിയതെന്ന് റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ വാര്‍ത്താചാനലിനോട് പ്രതികരിച്ചു. ‘പാതി ചുമരുള്ള മുറിയിലാണ് റഹ്മാന് താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നു.
റഹ്മാന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മൂന്നു വര്‍ഷം മുമ്പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില് പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന് പറഞ്ഞത്’-പിതാവ് മുഹമ്മദ് കരീം പറഞ്ഞു. അതേസമയം, റഹ്മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. സജിതയുടെ മാതാപിതാക്കള്‍ നേരത്തെ ഇരുവരെയും സന്ദര്‍ശിച്ചിരുന്നു. പത്തു വര്‍ഷം കാണാതായ മകളെ കണ്ടതിലുള്ള സന്തോഷമായിരുന്നു അവര്‍ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: