തിരുവനന്തപുരം: ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാണെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായി മന്ത്രി വി. ശിവന്‍കുട്ടിയാണ് സഭയില്‍ പറഞ്ഞത്.
2021 മെയ് മാസത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചുകളില്‍ 37.71 ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ചില്‍ ഇത് 34.24 ലക്ഷം ആയിരുന്നു. മെയ്മാസത്തെ കണക്ക് പ്രകാരം 11 ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. 2020 മാര്‍ച്ചില്‍ ഇത് 10 ശതമാനമായിരുന്നു.
പഞ്ചായത്ത് തോറും ടൂറിസം കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഓരോ വിനോദ സഞ്ചാര കേന്ദ്രമെങ്കിലും ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. കൊവിഡ് മൂലം വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്നത് വൈകും. അതിനാല്‍ ആഭ്യന്തര ടൂറിസത്തിന് പ്രോ
ത്സാഹനം നല്‍കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും ഒരു ജില്ലയില്‍ നിന്ന് തൊട്ടടുത്ത ജില്ലയിലേക്കുമുള്ള യാത്രകള്‍ പ്രോത്സാഹിപ്പിക്കും. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ മുന്നണിപ്പോരാളികളായി പ്രഖ്യാപിച്ച് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്രൂ ചെയ്ഞ്ച്: വരുമാനം 2.12 കോടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ക്രൂ ചെയ്ഞ്ച് സൗകര്യം ഏര്‍പ്പെടുത്തിയത് വഴി സര്‍ക്കാരിന് 2020-21 കാലയളവില്‍ 2,12,75,919 രൂപ വരുമാനം ലഭിച്ചെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയെ അറിയിച്ചു. ഈ കാലയളവില്‍ 192 കപ്പലുകളാണ് തുറമുഖത്തെത്തിയത്. 2020 ജൂലൈ 15നാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ച് ആരംഭിച്ചത്. കപ്പലില്‍ നിന്ന് കരയിലേക്ക് ജീവനക്കാരെ കൊണ്ടുവരാനായി 3.2 കോടി രൂപ ചെലവില്‍ കേരളാ മാരിടൈം ബോര്‍ഡ് ഒരു ടഗ് വാങ്ങിയിട്ടുണ്ട്. 27 ലക്ഷം രൂപ ചെലവില്‍ ഫെസിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. വിഴിഞ്ഞം പദ്ധതിയുടെ പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു സ്പെഷ്യല്‍ പ്രൊജക്ട് ഡയറക്ടറെയും നിയമിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പൊതു പ്ലാറ്റ്ഫോം
തിരുവനന്തപുരം: അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പൊതു പ്ലാറ്റ്ഫോമില്‍ പ്രത്യേകം ലോഗിന്‍ ഐഡി നല്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.
ടൂറിസം മേഖലയിലും ക്ഷേമനിധി
തിരുവനന്തപുരം: ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിനായി പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍, വരുമാനരഹിതരായ, സര്‍ക്കാര്‍ അംഗീകൃത ടൂറിസ്റ്റ് ഗൈഡുമാര്‍ക്ക് ഒറ്റത്തവണ ഗ്രാന്റായി പതിനായിരം രൂപ നല്‍കിയിട്ടുണ്ട്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് കേരള ബാങ്ക് വഴി 30000 രൂപവരെയുള്ള ലോണ്‍ അനുവദിക്കുന്നതിനായുള്ള ടൂറിസം എംപ്ലോയിമെന്റ് സപ്പോര്‍ട്ട് സ്കീം നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി നിയമ സഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തുരങ്കപ്പാത മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും
തിരുവനന്തപുരം: കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപ്പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭ്യമാക്കി മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതിയുടെ നിര്‍മാണത്തിനായി 658 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഡിപിആര്‍ തയാറാക്കല്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി, സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: