കൊച്ചി : ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിന്റെ സാമ്പത്തിക സ്രോതസ്സ് പോലീസ് പരിശോധിക്കും. ഒളിവിലായിരുന്ന പ്രതിയെ ബുധാനാഴ്ച രാത്രിയാണ് തൃശ്ശൂര്‍ അയ്യന്‍കുന്നിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയത്. തുടര്‍ന്ന് രാത്രിയോടെ കൊച്ചിയില്‍ എത്തിച്ച മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു പറഞ്ഞു.
മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതിന് ശേഷമാണ് യുവതിക്ക് ക്രൂര പീഡനം ഏറ്റതായി അറിയുന്നത്. അതാണ് പ്രതിയെ പിടികൂടാന്‍ വൈകിയത്. എങ്കിലും കേസ് എടുത്ത ഉടനെ പ്രതിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. പരാതി ലഭിച്ചിട്ടും നടപടി എടുക്കാന്‍ വൈകിയോ എന്ന കാര്യം പരിശോധിക്കും. പ്രതിയെ ഭയന്ന് യുവതി പരാതി നല്കാന് ആദ്യം വിസമ്മതിച്ചു. പ്രതിയുടെ ജീവിത സാഹചര്യം സംശയകരമാണ്. യുവതിയുടെ കയ്യില്‍ നിന്നും പ്രതി അഞ്ചു ലക്ഷം രൂപയും വാങ്ങിയിട്ടുണ്ട്.
പതിയെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്നു പേര് കൂടി പിടിയിലായിട്ടുണ്ട്. സുഹൃത്തുക്കളായ ധനേഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ രക്ഷപെടാന്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കഞ്ചാവ് കേസും നിലവിലുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
അതേസമം കൊച്ചിയിലെ മറ്റൊരു യുവതികൂടി മാര്‍ട്ടിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് 22 ദിവസം ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കിയത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ അന്ന് മുതല്‍ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. തുടര്‍ന്ന് യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. എന്നാല്‍ ഈ കേസിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വീടുകളില്‍ ഇത്തരത്തില്‍ പീഡനങ്ങള്‍ നടക്കുന്നുണ്ടോ എന്നു റസിഡന്റ്സ് അസോസിയേഷന്റെ സഹായത്തോടെ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: