തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്കി. ചില പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നിവ വ്യാപകമായി, കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കള്ള ടാക്സികള്‍ മൂലം നികുതിയിനത്തില്‍, കനത്ത നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിക്കാനുള്ള മന്ത്രിയുടെ നിര്‍ദേശം.
സര്‍ക്കാരിനോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കോ ചെലവ് ചുരുക്കലിന്റെ ഭാഗമായി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ മറവില്‍ സ്വകാര്യ വാഹനങ്ങള്‍ ഇത്തരം സര്‍വീസുകള്‍ നടത്തുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയവയിലാണ് ഇങ്ങനെ വന്‍തോതില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വാഹന ഉടമകള്‍ ആണ് യാഥാര്‍ത്ഥ്യം മറച്ചുവച്ച് കൂടുതലായും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്. കള്ള ടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന കാര്യം പലര്‍ക്കും അറിയില്ല. സ്വകാര്യ വാഹനം ടാക്സിയായി ഓടുന്നത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ്. ഇത്തരം വാഹനങ്ങളുടെ വിവരം ശേഖരിക്കാനും വാഹന പരിശോധനകള്‍ കര്‍ശനമാക്കാനും ഗതാഗത മന്ത്രി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: