പെഷവാര്‍: വടക്കുകിഴക്കന്‍ പാക്കിസ്ഥാനില്‍ മുസ്ലിം മതപണ്ഡിതനെ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരിൽ അവരെ ഭീഷണിപ്പെടുത്തിയതിനും മലാലയെ ആക്രമിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതിനുമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ മര്‍വത് ജില്ലയിലുള്ള മതപണ്ഡിതനായ മുഫ്തി സര്‍ദാര്‍ അലി ഹഖാനിയാണ് അറസ്റ്റിലായത്.
വീട്ടില്‍ പരിശോധന നടത്തിയാണ് പിടികൂടിയതെന്ന് ലക്കി മര്‍വത് ജില്ലാ പൊലീസ് ഓഫിസിനെ ഉദ്ധരിച്ച് ഡൗണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരവിരുദ്ധ നിയമപ്രകാരം പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വസിം സജ്ജദ് പറഞ്ഞു. നിയമം കയ്യിലെടുത്ത് മലാലയെ ആക്രമിക്കാന്‍ പെഷവാറില്‍ കൂടിയ ആളുകളെ മുഫ്തി സര്‍ദാര്‍ പ്രേരിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവം നടക്കുമ്പോള്‍ ഇയാളുടെ കൈയില്‍ ആയുധമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ‘മലാല പാക്കിസ്ഥാനിലേക്ക് വരുമ്പോള്‍ അവര്‍ക്കെതിരെ ചാവേറാക്രമണം നടത്തുന്ന ആദ്യ ആള്‍ ഞാനായിക്കും.’- മതപണ്ഡിതന്‍ പറഞ്ഞകായി എഫ്‌ഐആര്‍ പറയുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നുള്ള ബിരുദധാരിയാണ് 23-കാരിയായ മലാല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ്. 2012 ഒക്ടോബറില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ മലാലയുടെ തലയ്‌ക്ക് വെടിയേറ്റിരുന്നു.
എന്നെങ്കിലും വിവാഹിതയാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അടുത്തിടെ വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. ‘ആളുകളെന്തിന് വിവാഹം കഴിക്കണമെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ജീവിതത്തില്‍ ഒരാള്‍ വേണമെങ്കില്‍ വിവാഹകരാറില്‍ എന്തിന് ഒപ്പിടണം. എന്തുകൊണ്ട് അതൊരു പങ്കാളിത്തം മാത്രമായിക്കൂടാ?’- അവര്‍ മാഗസിനോട് പറഞ്ഞു. അഭിമുഖം മുന്‍നിര, സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: