കവരത്തി: ഭാരതത്തിനെതിരെ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ നടിയും സംവിധായകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു. ബിജെപി. ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐഷയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും പോലീസ് വ്യക്തമാക്കി. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ലക്ഷദ്വീപിലെ ഭരണകൂടത്തിനെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ടൂള്‍കിറ്റ് അടക്കം തയാറാക്കിയ സിനിമ പ്രവര്‍ത്തകയാണ് ഐഷ. കഴിഞ്ഞ ദിവസം മീഡിയ വണ്‍ നടത്തിയ രാത്രി ചര്‍ച്ചയിലാണ് ലക്ഷദ്വീപ് നിവാസികള്‍ക്കു നേരേ ഭാരത സര്‍ക്കാര്‍ കൊറോണ എന്ന ബയോവെപ്പണ്‍(ജൈവായുധം) പ്രയോഗിച്ചു എന്ന് ഐഷ പറഞ്ഞത്. ഐഷയുടെ പരാമര്‍ശം ഉണ്ടായ ഉടന്‍ അതു പിന്‍വലിക്കണമെന്നും കടുത്ത രാജ്യവിരുദ്ധതയാണ് പറയുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി വിഷ്ണു വ്യക്തമാക്കിയിരുന്നു. ഒരു ഭരണകൂടം അവരുടെ പൗരന്‍മാരുടെ നേര്‍ക്ക് ജൈവായുധം പ്രയോഗിച്ചു എന്ന എങ്ങനെ പറയാന്‍ സാധിക്കുന്നു എന്നും വിഷ്ണു ഐഷയോട് ചോദിച്ചു. എന്നാല്‍, താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ചൈന മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ച ജൈവായുധമാണ് കൊറോണ എന്നു പറയുന്നതു പോലെയാണ് ഇതെന്നും ഐഷ പറഞ്ഞിരുന്നു. കോവിഡ് ഇല്ലാതിരുന്ന നാട്ടില്‍ ഇളവുകള്‍ നല്‍കിയാണ് അഡ്മിനിസ്ട്രേറ്റര്‍ കോവിഡ് രോഗം എത്തിച്ചതെന്നും ഐഷ ആരോപിച്ചു.
പൗരന്‍മാര്‍ക്കു നേരേ ജൈവായുധം പ്രയോഗിച്ചു എന്നത് പിന്‍വലിക്കാന്‍ തയാറാകാന്‍ അവതാകരനായ നിഷാദ് റാവുത്തറോട് ബിജെപി പ്രതിനിധി ആവശ്യപ്പെട്ടെങ്കിലും അതിനു മാധ്യമപ്രവര്‍ത്തകന്‍ തയാറായില്ല. ഐഷ പറഞ്ഞത് അതീവ ഗുരുതര ആരോപണമാണെന്ന് വ്യക്തമാക്കിയ നിഷാദ്, അതു ഏറ്റെടുക്കാനോ തള്ളിക്കളയാനോ താനില്ലെന്നും പറഞ്ഞത് തെളിയിക്കാന്‍ ഐഷ തയാറാണെന്നും വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നു അഡ്മിനിസ്ട്രേറ്ററുടെ ബയോവെപ്പണ്‍ തന്നെയാണ് കോവിഡെന്നും പലതവണ ഐഷ ആവര്‍ത്തിച്ചു.
കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചുവെന്ന് രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ഐഷ സുല്‍ത്താനക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവമോര്‍ച്ച പരാതി നല്‍കിയിരുന്നു. പാലക്കാട്ടും, പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനും, പത്തനംതിട്ട പോലീസില്‍ ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃതത്തിലും തിരുവനന്തപുരത്ത് യുവമോര്‍ച്ചസംസ്ഥാന സെക്രട്ടറി ബി ജി വിഷ്ണുവുമാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: