തിരുവനന്തപുരം: മുട്ടില്‍ വനംകൊള്ളക്കേസ് പ്രതി മുഖ്യമന്ത്രി പിണറായി വിജയന് മുമ്പ് ഹസ്തദാനം നല്കുന്ന ചിത്രം പങ്കുവെച്ച് പി.ടി. തോമസ് എംഎല്‍എ. റോജി അഗസ്റ്റിന് ഹസ്തദാനം നല്കുന്ന ചിത്രം നിയമസഭയിലാണ് എംഎല്‍എ ഉയര്‍ത്തിക്കാട്ടിയത്. പി.ടി. തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ്, കര്‍ണ്ണാടക പോലീസില്‍ പ്രതികളാണ് ഇവര്‍. 11 ഓളം കേസുകള്‍ വനം കൊള്ളക്കേസ് പ്രതികള്‍ക്കെതിരെയുണ്ട്. നിരവധി തവണ ഇവര്‍ പിടിയിലായിട്ടുമുണ്ട്. 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എം. മുകേഷ് എംഎല്‍എയ്ക്കൊപ്പമാണ് മുഖ്യമന്ത്രി പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. മാംഗോ മൊബൈല്‍ വെബ് സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനും നിശ്ചയിച്ചിരുന്നു. പിന്നീട് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിന്മാറുകയായിരുന്നു. വിഷയത്തില്‍ മുകേഷിനെ മുഖ്യമന്ത്രി ശാസിച്ചെന്നും പി.ടി. തോമസ് പറഞ്ഞു.
എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്ന ചടങ്ങ് ദേശാഭിമാനിക്കു വേണ്ടി സ്പോണ്സര് ചെയ്തത് മാംഗോ മൊബൈലാണ്. മുഖ്യമന്ത്രിക്ക് വനം കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് താന്‍ പറയില്ല. എന്നാല്‍ ഈ വസ്തുതകള്‍ മറച്ചു വച്ചാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി. വനം കൊള്ളയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന്റെ ചര്‍ച്ചയിലാണ് മാംഗോ മൊബൈലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നെന്ന് പി.ടി തോമസ് പറഞ്ഞത്.
എന്നാല്‍ അത് 2016 ഫെബ്രുവരിയില്‍ ആയിരുന്നെന്നും അന്ന് താനായിരുന്നില്ല മുഖ്യമന്ത്രിയെന്നുമാണ് പിണറായി കഴിഞ്ഞദിവസം മറുപടി നല്‍കിയത്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാനായി സഭയെ ദുരുപയോഗിക്കുന്നതിനെതിരെ താന്‍ മുമ്പും ഈ സഭയില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. സഭാവേദി നല്കുന്ന പരിരക്ഷ രാഷ്ട്രീയമായി ആവര്‍ത്തിച്ചു ദുരുപയോഗിക്കുന്നതു വീണ്ടും സഭാധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. നിയമസഭാതലം തെറ്റിദ്ധരിപ്പിക്കലിനുള്ള വേദിയാക്കുന്നത് അനുവദിക്കരുത് എന്നാണ്. സഭാതലത്തെ ആ വിധത്തില്‍ ദുരുപയോഗിച്ചതിന് സാധാരണ നിലയില്‍ സഭയോട് ആ അംഗം മാപ്പ് പറയണമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: