ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്സിന് ഇന്ത്യന്‍ ടീമിനെ സ്പോണ്സര് ചെയ്യാന്‍ മുന്നോട്ട് വന്ന ചൈനീസ് കമ്പനിയെ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ചൈനയിലെ പ്രസിദ്ധ അപ്പാരല്‍ ബ്രാന്റായ ലി നിംഗിനെയാണ് ഇന്ത്യയെ സ്പോണ്സര് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയത്.
ഇക്കാര്യം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) പ്രസിഡന്റ് നരീന്ദര്‍ ബത്ര പ്രഖ്യാപിച്ചു. പകരം ബ്രാന്‍ഡില്ലാത്ത വസ്ത്രങ്ങളാണ് 190 അംഗങ്ങളുള്ള ഇന്ത്യന്‍ ടീം ധരിക്കുക. ‘ഇന്ത്യയുടെ ആരാധകരുടെ വികാരത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. വസ്ത്രം സ്പോണ്സര് ചെയ്തിരുന്ന ചൈനീസ് കമ്പനിയുമായുള്ള കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങുകയാണ്. പകരം ബ്രാന്ഡൊന്നുമില്ലാത്ത വസ്ത്രങ്ങളാണ് അത്ലറ്റുകളും കോച്ചുമാരും മറ്റ് ഉദ്യോഗസ്ഥരും ധരിക്കുക,’ ഐഒഎ പ്രസിഡന്റ് നരീന്ദര്‍ ബത്രയും സെക്രട്ടറി ജനറല്‍ രാജീവ് മേഹ്ത്തയും ഒരു സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ സ്പോര്‍ടിംഗ് കിറ്റ് കഴിഞ്ഞയാഴ്ച കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു പുറത്തിറക്കിയിരുന്നു.
യുവജനകാര്യ-സ്പോര്‍ട്സ് മന്ത്രാലയമാണ് ഈ തീരുമാനമെടുത്തത്. അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളായതോടെ ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്ക്കരിക്കണമെന്ന പൊതുജന ആവശ്യം ശക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: