പാറ്റ്ന: ബീഹാറിലെ ബങ്ക ജല്ലിയിലെ ഒരു മദ്രസയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തില്‍ മദ്രസയോട് ചേര്‍ന്ന പള്ളിയിലെ ഇമാം കൊല്ലപ്പെട്ടു. പരിസരത്തെ നിരവധി വീടുകള്‍ക്ക് കേട് പറ്റി.
ചൊവ്വാഴ്ച രാവിലെയാണ് നവ്തോലിയ പ്രദേശത്തെ മദ്രസ കെട്ടിടത്തിനുള്ളില്‍ ഉഗ്രമായ സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശക്തിയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പിളര്‍ന്ന് റോഡിലേക്ക് വീണു.
ആറ് പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. പരിക്കേറ്റ എല്ലാവരും സ്ഫോടനത്തിന് ശേഷം അപ്രത്യക്ഷരായി എന്നതാണ് പൊലീസിനെ അമ്പരിപ്പിക്കുന്നത്. തൊട്ടടുത്ത പള്ളിയിലെ ഇമാം അബ്ദുള്‍ സത്താര്‍ മൗകിന്‍ (33) സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ജസിദി പ്രദേശത്തുനിന്നുള്ള വ്യക്തിയാണ് ഇമാം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുരുതരമായി പരിക്കേറ്റ ഇമാം മരിച്ചത്. ഇമാമിന്റെ അനുയായികള്‍ അദ്ദേഹത്തെ സംസ്ഥാനത്തിന് പുറത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. എന്നാല്‍ ഇദ്ദേഹം വഴിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് കാറില്‍ ജഡം ഉപേക്ഷിച്ച് അനുയായികള്‍ കടന്നുകളഞ്ഞു.
നവ്തോലിയ മദ്രസയിലെ താഴത്തെ അടച്ചിട്ട മുറിക്കുള്ളിലാണ് രാവിലെ എട്ട് മണിക്ക് സ്ഫോടനം നടന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത ഒരു പ്രദേശവാസി പറയുന്നു. പക്ഷെ സ്ഫോടനത്തില്‍ പരിക്കേറ്റ ആറ് ചെറുപ്പക്കാരും ചികിത്സയ്ക്ക് പോലും കാത്ത് നില്‍ക്കാതെ ഓടി രക്ഷപ്പെട്ടത് ദുരൂഹതയായി തുടരുന്നു. അറസ്റ്റ് ഭയന്നാണ് ചെറുപ്പക്കാര്‍ ഗ്രാമം വിട്ടതെന്ന് പറയുന്നു.
‘ഈ പ്രദേശത്തെ ചില മുസ്ലിങ്ങള്‍ ഒരു ആക്രമണം നടത്താന്‍ പദ്ധതിയിടുകയായിരുന്നു. അവര്‍ മദ്രസയ്ക്കുള്ളില്‍ കുറെ നേരം ബോംബ് സൂക്ഷിച്ചിരുന്നു. ലോക് ഡൗണ്‍ കാരണം മദ്രസ രണ്ടു മാസമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഒരു കുട്ടി പോലും ഹാജരായിരുന്നില്ല. സ്ഫോടനത്തില്‍ പള്ളിയും മദ്രസകെട്ടിടവും പാടെ നശിച്ചു. മേല്‍ക്കൂര പോലും സ്ഫോടനത്തിന്റെ ശക്തിയില്‍ തകര്‍ന്ന് വീണു,’- മറ്റൊരു നവ്തോലിയ വാസി പറയുന്നു.
’25-30 ബോംബുകളെങ്കിലും മുറിയ്ക്കുള്ളിലുണ്ടായിരുന്നു. ഒരു കിലോമീറ്റര്‍ അകലെ താമസിച്ചവര്‍ വരെ ശബ്ദം കേട്ടിരുന്നു. പ്രദേശത്തെ മുസ്ലിംവാസികള്‍ പൊലീസിനോട് സത്യം പറയാന്‍ മടിക്കുകയാണ്. പകരം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് അവര്‍ പറയുന്നു,’ അയാള്‍ പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി അക്രമികള്‍ ഇവിടെ പതിവായി ഒത്തുചേരാറുണ്ടെന്നും അയാള്‍ പറഞ്ഞു.
പൊട്ടിത്തെറിയ്ക്ക് ശേഷം പ്രദേശത്തെ ആണുങ്ങള് എല്ലാം ഒളിവില്‍ പോയത് സംശയം ജനിപ്പിക്കുന്നതായി ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ബാഗല്പൂര് റേഞ്ച്) സുജീത് കുമാര്‍ പറയുന്നു. ഒരു സംഘം ഫോറെന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഫോടന സ്ഥലം പരിശോധിച്ചിട്ടുണ്ട്.
ബീഹാറിലെ ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുഡാലോചനക്കുറ്റം, സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഐപിസി വകുപ്പുകള്‍ പ്രകാരവും സ്ഫോടകവസ്തു നിയമത്തിലെ അഞ്ചാം സെക്ഷന്‍ പ്രകാരവും കേസെടുത്തു.
പരിക്കേറ്റവര്‍ അപ്രത്യക്ഷരായതിനാല്‍ അന്വേഷണോദ്യോഗസ്ഥര്‍ തീവ്രവാദപ്രവര്‍ത്തനത്തിന്റെ സാധ്യതയും പരിശോധിക്കും. യാദവ് സമുദായത്തിന് മേല്‍ക്കോയ്മയുള്ള ഈ പ്രദേശത്ത് നല്ലൊരു പങ്ക് മുസ്ലിങ്ങളാണ്. മാത്രമല്ല, ഇവിടെ വര്‍ഗ്ഗീയമായ ഏറ്റുമുട്ടലുകളുടെ ഒരു ചരിത്രവും ഉണ്ട്. ചെറിയ ഏറ്റുമുട്ടലുകള്‍ പതിവായിരുന്നെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഏറ്റുമുട്ടല്‍ ഇവിടെ നടന്നിരുന്നു.
ബിസ്ഫിയിലെ ബിജെപി എംഎല്‍എ ഹരി ഭൂഷണ് താക്കൂര്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖല തീവ്രവാദത്തിന്റെ കേന്ദ്രമാണെന്നും ഇവിടെ തീവ്രവാദം മാത്രമാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും സ്ഫോടനത്തിന്റെ സ്വഭാവം തീവ്രവാദത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
‘മദ്രസയില്‍ ദളിതരെയും പിന്നോക്ക വിഭാഗക്കാരെയും പീഡിപ്പിക്കണമെന്ന് പാഠമാണ് നല്‍കുന്നത്, അതുവഴി അവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു. കിഷന്‍ഗഞ്ജ്, ദര്‍ഭാംഗ, ജമൂയി, ഗോപാല്‍ഗഞ്ജ് എന്നീ പ്രദേശങ്ങളില്‍ ദളിതരെ മുസ്ലിങ്ങള്‍ പീഡിപ്പിക്കുന്നതിന് പിന്നീല് കൃത്യമായ ആസൂത്രണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: