തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് വയനാട്, തൃശൂര്‍, പത്തനംതിട്ട, പാലക്കാട്, ഇടുക്കി അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് കോടികളുടെ മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ സിപിഐക്ക് കുരുക്കു മുറുകി. അന്ന് വനം, റവന്യു വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് സിപിഐക്കാരാണ്. വിവാദമായതോടെ ഇപ്പോഴത്തെ വനംമന്ത്രി എ.കെ. ശശീന്ദ്രന് തിരിച്ചടിച്ചു. സിപിഎമ്മും വിവാദത്തില്‍ മൗനം പാലിച്ചു. ഇതോടെ ന്യായീകരിക്കേണ്ടത് സിപിഐയുടെ മാത്രം ജോലിയായി. കൃഷിക്കാര്‍ക്കു വേണ്ടി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് മരംമുറിച്ച വയനാട്ടിലെ മുട്ടില്‍സംഭവം ഒറ്റപ്പെട്ടത് എന്ന് വരുത്തിതീര്‍ക്കാനാണ് സിപിഐ ശ്രമിച്ചത്. എന്നാല്‍, സംസ്ഥാന വ്യാപകമായി ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നത് പരിശോധിക്കുമെന്ന വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട് തിരിച്ചടിയായി. സിപിഎമ്മിന്റെ മുന്‍ സ്ഥാനാര്‍ത്ഥി കൂടിയായ ചാനല്‍ മേധാവിയും മരംമുറിക്കേസിലെ പ്രതികളും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെ മുഖ്യമന്ത്രിയും സിപിഎമ്മും വെട്ടിലായി.
2020 ഒക്ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജിലെ വനവാസി-പിന്നാക്ക വിഭാഗങ്ങളുടെ പട്ടയഭൂമിയില്‍ നിന്ന് 10 കോടിയുടെ 101 ഈട്ടി മുറിച്ചു കടത്തിയത്. തടി കടത്താന്‍ 14 അപേക്ഷകള്‍ മേപ്പാടി റേഞ്ച് ഓഫീസില്‍ ലഭിച്ചു. മുട്ടില്‍ വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവരാണ് അപേക്ഷ നല്‍കിയത്. ഇവര്‍ക്ക് റേഞ്ച് ഓഫീസര്‍ കെ. ബാബുരാജ് അനുമതി നിഷേധിച്ചു. ഭീഷണപ്പെടുത്തിയിട്ടും ബാബുരാജ് അനുമതി നല്‍കിയില്ല. ഡിസംബറില്‍ ബാബുരാജ് വിരമിച്ചു. ജനുവരിയില്‍ ചുമതലയേറ്റ സമീര്‍ എം.കെ.യും അനുമതി നിഷേധിച്ചു. പക്ഷെ തടി പെരുമ്പാവൂരിലേക്ക് കടത്തി. 2021 ഫെബ്രുവരി മൂന്നിന് തടികള്‍ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തിയതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് ഫെബ്രുവരി എട്ടിന് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പെരുമ്പാവൂരില്‍ ചെന്ന് തടികള്‍ പിടിച്ചെടുത്തു. എന്നാല്‍, അന്ന് കോഴിക്കോട് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന് എന്‍.ടി. സാജന് പ്രതികള്‍ക്കനുകൂലമായും, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്കും ഡിഎഫ്ഒക്കും എതിരായും നിലപാട് സ്വീകരിച്ചു. സാജനെതിരെ നടപടി സ്വീകരിക്കണമെന്ന ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിലും നടപടിയുണ്ടായിട്ടില്ല.
പതിച്ചു നല്കുന്ന സമയത്ത് വൃക്ഷവില അടച്ച് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ കര്‍ഷകനു മുറിച്ചെടുക്കാമെന്നും കര്‍ഷകനെ തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമായിരുന്നു വിവാദ ഉത്തരവ്. തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങള്‍ ഇപ്രകാരം മുറിക്കാനാവില്ല എന്നിരിക്കെ ആയിരുന്നു ഇത്തരമൊരു ഉത്തരവ്. 2021 ഫെബ്രുവരി രണ്ടിന് വിവാദ ഉത്തരവ് റദ്ദാക്കി. പക്ഷെ, മരംമുറിയുമായി ബന്ധപ്പെട്ട് 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അറസ്റ്റുണ്ടായില്ല. പ്രതികളില്‍ ഒരാള്‍ക്ക് നിക്ഷേപമുണ്ടെന്ന് കരുതുന്ന ചാനലിലെ പ്രമുഖന് മധ്യസ്ഥനായി ഇടനില ശ്രമങ്ങളും നടന്നു.
പ്രതികള്‍ മന്ത്രിയെ കണ്ടുവെന്നും കൂടിക്കാഴ്ച നടത്തിയെന്നും ആക്ഷേപമുയര്‍ന്നതോടെ വനം മന്ത്രി എ.കെ. ശശീന്ദ്രന് പ്രതിരോധത്തിലായി. വനം വകുപ്പ് മേധാവിയോട് മന്ത്രി റിപ്പോര്‍ട്ടാവശ്യപ്പെട്ടു. തൃശൂര്‍, പാലക്കാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലും മരംകൊള്ള നടന്നുവെന്ന് മനസ്സിലാക്കിയ മന്ത്രി തനിക്കിതില്‍ പങ്കില്ലെന്ന് നിയമസഭയില്‍ തുറന്നടിച്ചു. താന്‍ മെയ് 20 നാണ് വന്നതെന്നും തെരഞ്ഞെടുപ്പ് കാലത്താണ് ഇത് നടന്നതെന്നും മന്ത്രി പറഞ്ഞു. ഇതോടെ സിപിഐ മന്ത്രിമാര്‍ പ്രതിക്കൂട്ടിലായി.
ഇതിനിടെ, പ്രതികള്‍ക്ക് പങ്കുള്ള മാംഗോ മൊബൈലുമായി ബന്ധപ്പെട്ട് എറണാകുളത്ത് സംഘടിപ്പിച്ച ഇവരുടെ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെ ആയിരുന്നുവെന്ന വിവരവും പുറത്തായി. ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതികളില്‍ ചിലര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: