ഇസ്ലാമബാദ്: സിനോഫറവും സിനോവാകും ലോകാരോഗ്യ സംഘടന(ഡബ്യൂടിഒ)യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ചൈനീസ് നിര്‍മിത കോവിഡ് വാക്സിന് ഉപയോഗിച്ചുള്ള കുത്തിവയ്പിന്റെ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാത്ത രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയതോടെ പാക്കിസ്ഥാന് തലവേദന. പശ്ചിമേഷ്യയിലെ ഏതാനും രാജ്യങ്ങളിലും സൗദിയിലും ചൈനീസ് വാക്സിന് അംഗീകാരമില്ലാത്തത് പ്രധാനമന്ത്രി ഇമ്രാന് ഖാന് ‘വ്യക്തിപരമായി പരിശോധിക്കുന്നു’ണ്ടെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ഞായറാഴ്ച വ്യക്തമാക്കി.
ഫൈസര്‍, അസ്ട്രാസെനക, മൊഡേണ, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സിനുകളാണ് സൗദ്യ അറേബ്യയില്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് ‘ദി ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഈ വിഷയവുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി സംസാരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി മന്ത്രിസഭയെ അറിയിച്ചതായി’ ഇസ്ലാമബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റാഷിദ് വ്യക്തമാക്കി. സിനോഫറം മികച്ച വാക്സിനെന്നും ഇതില്‍ ചൈനയുടെ സഹകരണത്തെ താന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബീജിംഗ് ബയോ-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്സ് കോ ലിമിറ്റഡ് വികസിപ്പിച്ച സിനോഫറത്തിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യസംഘടന നല്‍കിയിട്ടുണ്ട്. അത്തരം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഹജ്ജിന് പോകുന്നവര്‍ക്കും ഫൈസര്‍ വാക്സിന് നല്‍കുമെന്ന് പാക്കിസ്ഥാന് ഫെഡറല്‍ മന്ത്രി അസദ് ഉമര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: