ന്യൂദല്‍ഹി: രാഷ്ട്രീയകേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായി പ്രധാനമന്ത്രിയുമായുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കൂടിക്കാഴ്ച. അത്തരം കൂടിക്കാഴ്ചകളില്‍ ഒരു തെറ്റുമില്ലെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. പാക്കിസ്ഥാന് നേതാവ് നവാസ് ഷെറീഫിനെ കാണാന്‍ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വേര്‍പിരിഞ്ഞുവെങ്കിലും ‘ബന്ധം അവസാനിച്ചിട്ടില്ല’ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവ് അശോക് ചവാന് എന്നിവരാണ് ഇന്ന് പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. 90 മിനിറ്റ് നീണ്ട ആശയവിനിമയത്തിനിടെ പ്രധാനമന്ത്രിയും താക്കറെയും തമ്മില്‍ ഒറ്റയ്ക്ക് സംസാരിക്കുകയും ചെയ്തു.
‘ഇന്ന് രാഷ്ട്രീയമായി ഞങ്ങള്‍ അവര്‍ക്കൊപ്പമല്ല, പക്ഷെ ഞങ്ങളുടെ ബന്ധം അവസാനിച്ചുവെന്ന് അതിനര്‍ഥമില്ല’- പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി. അരമണിക്കൂറോളം ഇരുവരും സംസാരിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘പ്രധാനമന്ത്രിയെ പ്രത്യേകം കണ്ടതില്‍ തെറ്റൊന്നുമില്ല. നവാസ് ഷെറീഫിനെ(പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി) കാണാന്‍ ഞാന്‍ പോയിട്ടില്ല. ഞാന്‍ വ്യക്തിപരമായി കണ്ടിട്ടുണ്ടെങ്കില്‍ എന്താണ് തെറ്റ്. അതില്‍ എന്താണ് തെറ്റ്?’-താക്കറെ ചോദിക്കുന്നു.
2019-ലാണ് ശിവസേന എന്‍ഡിഎ വിട്ട് എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മഹാ വികാസ് അഘാടി(എംവിഎ) സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മോദിയും താക്കറെയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരണം തേടിയപ്പോള്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തും എന്‍സിപി സംസ്ഥാന അധ്യക്ഷനും ജലവിഭവ വകുപ്പ് മന്ത്രിയുമായ ജയന്ത് പാട്ടീലും മുംബൈയില്‍ പ്രതികരിച്ചു.
‘എംവിഎ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രത്യേകം കൂടിക്കാഴ്ച നടത്തിയതില്‍ ആശങ്കപ്പെടാനൊന്നുമില്ല. എംവിഎ സര്‍ക്കാരിന് ഭീഷണിയില്ല’-പാട്ടീല്‍ പറഞ്ഞു. മറാത്ത, പിന്നാക്ക വിഭാങ്ങള്‍ക്കുള്ള സംവരണം, ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള 12 പേരുടെ നാമനിര്‍ദേശം, ജിഎസ്ടി നഷ്ടപരിഹാരത്തുകയുടെ കുടിശിഖ വിതരണം തുടങ്ങിയ ഒട്ടേറെ വിഷങ്ങള്‍ താക്കറെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: