ക്ഷേത്ര ചൈതന്യ വര്‍ദ്ധനവ് പൂജാദി കര്‍മങ്ങള്‍ കൊണ്ടാണ് സാധ്യമാകുന്നത്. ബലിക്രിയകള്‍ക്കും അതില്‍ പ്രാധാന്യമുണ്ട്. ശീവേലിവിഗ്രഹം എന്ന വിഗ്രഹത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിനുപുറത്തേക്ക് എഴുന്നള്ളിക്കുന്ന ക്ഷേത്രാചാരമാണ് ശീവേലി. തന്റെ ദേവ- ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് ഭഗവാന് നേരില്‍ കാണുകയാണ് എന്നതാണ് ശീവേലിയുടെ സങ്കല്പം. അവര്‍ക്ക് നല്കുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലി.
ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതാക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങള്‍ക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേല്‍ശാന്തിയും തലയില്‍ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. നാലമ്പലത്തിനുള്ളില്‍ അഷ്ടദിക്പാലകര്‍ക്കും, സപ്തമാതാക്കള്‍ക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേല്‍നോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.
ബലിക്രിയ ഓരോ ദേവപ്രതിഷ്ഠക്കും വ്യത്യസ്ത ക്രമത്തിലാകുന്നുവെങ്കിലും സാമാന്യ സങ്കല്പം ഒന്ന് തന്നെ. ബലി തൂവുക എന്നത് ബലികല്ലുകളുടെ ഭേദം അനുസരിച്ചു ദേവ – പാര്‍ഷദ- ഭൂത എന്നിങ്ങനെയുള്ള ക്രമമനുസരിച്ചുമാകുന്നു. ദേവഭാഗത്തില്‍ നിര്‍മ്മാല്യ ധാരി വരെ വരുന്ന അകത്തെ സൂക്ഷ്മ ദേഹ സംബന്ധിയായ ദേവതകള്‍ പഞ്ചഭൂതങ്ങള്‍ക്കുപരിയുള്ള സൂക്ഷ്മ ലോകത്തില്‍ വിഹരിക്കുന്ന ഊര്ധ്വ ദേവതകള്‍ ആകുന്നു. അതിന്റെ അധോഭാഗത്ത് സ്ഥൂല ദേഹത്തോട് ബന്ധിക്കുന്ന കണ്ണികളാണ് പാര്ഷദന്മാര്. പുറത്തെ ബലിവട്ടം തികച്ചും സ്ഥൂലദേഹത്തില്‍ വ്യാപരിക്കുന്ന ശക്തി വിശേഷങ്ങളാണ്.
ബലി ദ്രവ്യമായ ഹവിസ്സിനും ഈ ഭേദം ഉണ്ട്. ശ്രീഭൂത ബലിക്ക് ഹവിസ്സ് ഉണ്ടാക്കി ഒരിടത്ത് ഇലയില്‍ ചിക്കിയാല്‍ അതിനു തളിച്ച് രക്ഷിച്ചു ശോഷനാദി ത്രയം ചെയ്ത് പീഠം പൂജിച്ചാവാഹിച്ചു അര്‍ഘ്യ പുഷ്പാഞ്ജലിയും ചെയ്തു ആ ഹവിസ്സിനെ മൂന്നായി പകുത്ത് ഒന്നില്‍ തേങ്ങ, കദളിപ്പഴം, ശര്‍ക്കരയും നടുവിലത്തേതില്‍ പാഞ്ചഭൗതികമായ സ്ഥൂല ദേഹ സങ്കല്പത്തില് മഞ്ഞള്‍ അധികമായിട്ടും വടക്കേതില്‍ എള്ള്, തൈര്, മലര്, അരി വറുത്ത പൊടി ഇവ അധികമായി അല്പം മഞ്ഞളു കൂടി ഇട്ടാല്‍ തെക്ക് ദേവന്മാര്ക്കും നടുവില്‍ പാര്ഷദന്മാര്ക്കും വടക്കുള്ളത് ഭൂതങ്ങള്‍ക്കും തൊട്ടു ജപിച്ചു മന്ത്രം കൊണ്ട് പൂജിച്ചു അര്‍പ്പിക്കണം.
മന്ത്രോച്ചാരണത്തിന്റെ പശ്ചാത്തലമായുള്ള വാദ്യഘോഷം അതാതു മന്ത്രങ്ങളുടെയും പ്രണവത്തിന്റെയും മാത്ര കണക്കാക്കിയുള്ള സ്ഥൂല സ്പന്ദനങ്ങള്‍ വാദ്യത്തില്‍ ധ്വനിപ്പിച്ചും വേണം.
ആദ്യം അകത്തേ ബലിവട്ടത്തിലുള്ള ക്രിയ. അതിനു ശേഷം പുറത്തു കടക്കുകയായി. പുറത്തു കടക്കുമ്പോള്‍ നാലമ്പലത്തിന്റെ പുറത്തേക്കുള്ള ദ്വാരത്തിലൂടെ ദ്വാരപാലന്മാര്‍ക്കും തൂകണം. പിന്നീടാണ് വലിയ ബലിക്കല്ലിനടുത്തേക്ക് വരുന്നത്. അനന്തരം ധ്വജദേവതകള്‍, ഗണദേവതകള്‍, വലിയ ബലിക്കല്ലിന് ചുറ്റുമുള്ള എട്ട്, മുകളിലെ അധ്യക്ഷ ദേവത എന്നിവര്‍ക്ക് അര്‍പ്പിക്കുന്നു. പിന്നീട് ദിക്ബലിയും ശീഘ്രബലിയും ചെയ്തു ക്ഷേത്രപാലന് പാത്രശേഷ ഹവിസ്സിനെ പൂജിച്ചു തൂകി നിവേദിക്കുന്നു. ഇതാണ് സാധാരണ ക്രമം.
സാധാരണ ബലിദേവതകള്‍ അഷ്ടദള പദ്മമദ്ധ്യസ്ഥിതരാണ്. പദ്മ പീഠമെന്ന ഈ ചെറിയ ബലിക്കല്ലുകള്‍ക്ക് വീതി അളവനുസരിച്ചു യുക്തം പോലെ നിശ്ചയിക്കാം. വീതിയുടെ പകുതി ഉയരം ഉണ്ടാകണം. ചതുരാകൃതിയായ അടിഭാഗവും വൃത്താകൃതിയിലുള്ള കര്‍ണികയോട് കൂടിയ മുകള്‍ഭാഗവും എട്ടു ദളങ്ങള്‍ ചേര്‍ന്ന അന്തരാളവും ഉള്ളവയാണ് ഇവ. എന്നാല്‍ മാതൃക്കള്‍, നിര്‍മ്മാല്യ ധാരി, ക്ഷേത്രപാലന് എന്നിവര്‍ക്ക് സാധാരണയായി ബലിക്കല്ലുകള്‍ ലിംഗാകൃതിയിലാണ് പതിവ്. അ
പൂര്‍വം ക്ഷേത്രങ്ങളില്‍ ഇതല്ലാത്ത രൂപത്തിലും കണ്ടിട്ടുണ്ട്.
ചില ക്ഷേത്രങ്ങളില്‍ പരിവാരങ്ങളുടെ ബിംബങ്ങള്‍ പ്രതിഷ്ഠിച്ചു കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നുവെങ്കില്‍ അതാതു ദിക്കില്‍ പ്രാസാദവും വേണം. തൃച്ചംബരം ക്ഷേത്രത്തില്‍ നിര്‍മ്മാല്യധാരിക്ക് സരൂപ ബിംബവും പ്രാസാദവും ഉണ്ട്. ചൊവ്വല്ലൂര്‍, ചെങ്ങമനാട്, മട്ടന്നൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ സപ്ത മാതൃക്കള്‍ക്ക് തെക്കേ ചുറ്റമ്പലത്തില്‍ ബിംബപ്രതിഷ്ഠയുണ്ട്. തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ അപൂര്‍വമായ ഉത്തര സപ്ത മാതൃപ്രതിഷ്ഠയുമുണ്ട്.
പ്രദക്ഷിണ സമയത്തിങ്കല്‍ ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം. ബലിക്കല്ല് ചവിട്ടുകയോ, അറിയാതെ ചവിട്ടിയാല്‍, പരിഹാരമായി വീണ്ടും തൊട്ടു തലയില്‍ വെയ്ക്കുകയോ അരുത്. അറിയാതെ ബലിക്കല്ലില്‍ കാലുതട്ടുകയോ, ചവിട്ടുകയോ ചെയ്താല്‍
‘കരചരണകൃതം വാ
കായജം കര്മ്മജം വാ
ശ്രവണനയനജം വാ
മാനസം വാളപരാധം
വിഹിതമിഹിതം വാ
സര്വ്വസമേതല് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ
ശ്രീമഹാദേവശംഭോ”
എന്ന് മൂന്നു വട്ടം ജപിക്കുക. ഇതിനാല്‍ അറിയാതെ ബലിക്കല്ല് ചവിട്ടിയ അപരാധം നീങ്ങിക്കിട്ടുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: