ന്യൂദല്‍ഹി: കൊവിഡ് വാക്സിനേഷനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഭയരഹിതമായി ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. കൊവിഡ് വാക്സിനേഷനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ 1897ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട,് 2005ലെ ദുരന്തനിവാരണ ആക്ട് എന്നിവ പ്രകാരം ശക്തമായ നടപടിയെടുക്കണം. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ അംഗീകാരമില്ലാത്ത മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന വിധത്തില്‍ കേസെടുക്കണം. കൊവിഡ് പ്രതിരോധത്തിനിടയില്‍ ജിവന് നഷ്ടമാവുന്ന ഡോക്ടര്‍മാരുടെ കുടുംബത്തെ സഹായിക്കാനുള്ള നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് ഐഎംഎ നന്ദി പറഞ്ഞു. പ്രധാനമന്ത്രി കല്യാണ്‍ യോജന പദ്ധതി പ്രകാരം ഇന്‍ഷ്വറന്‍സ് ലഭിക്കാനുള്ള നടപടികളിലും പ്രധാനമന്ത്രിയെ ഐഎംഎ നന്ദിയറിയിച്ചു.
കൊവിഡിന്റെ ആദ്യതരംഗത്തില്‍ 754 ഡോക്ടര്‍മാര്‍ മരിച്ചിരുന്നു. എന്നാല്‍ 168 ഡോക്ടര്‍മാര്‍ക്കു മാത്രമെ അന്ന് അപേക്ഷിക്കാനായുള്ളു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മരിക്കുന്ന ഡോക്ടര്‍മാരെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമായി ശരിയായ സംവിധാനം ഒരുക്കണം. സെന്‍ട്രല്‍ ബ്യുറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സ് (സിബിഎച്ച്ഐ) ഇക്കാര്യം ഉറപ്പാക്കണം. കൊവിഡിനു ശേഷം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദേശം തയാറാക്കണം. അതുപോലെ ഡോക്ടര്‍മാര്‍ക്ക് മാനസികമായോ ശാരീരികമായോ ഒരുതരത്തിലുള്ള ഭീഷണിയുമില്ലാതെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: