ന്യൂദല്‍ഹി: രാജ്യത്തെ ഐടി നിയമങ്ങള്‍ പാലിക്കാമെന്നും കോവിഡ് പ്രതിസന്ധി മൂലം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അല്പം കൂടി സമയം അനുവദിക്കണമെന്നും അറിയിച്ച് ട്വിറ്റര്‍. ഇന്ത്യയുടെ ഐടി നിയമങ്ങള്‍ പാലിക്കാന്‍ തയാറാണെന്നും അല്പം സമയം അനുവദിക്കണമെന്നും അറിയിച്ച് ഐടി മന്ത്രാലയത്തിനു തിങ്കളാഴ്ച ആണ് ട്വിറ്റര്‍ അധികാരികള്‍ കത്തു നല്‍കിയത്.
അന്ത്യശാസനം നല്കി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ട്വിറ്റര്‍ മറുപടി നല്‍കിയത്. രാജ്യത്ത് ഐടി നിയമം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഐടി നിയമം പ്രകാരം പരാതി പരിഹാരത്തിനുള്ള മൂന്ന് ഉദ്യോഗസ്ഥരെ ഇതുവരെ കമ്പനി നിയമിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. ഇതടക്കം ഐടി നിയമത്തിലെ വകുപ്പുകള്‍ എടുത്തുകാട്ടിയാണ് ട്വിറ്ററിന് ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് അവസാന നോട്ടീസ് ആണെന്നും മുന്‍ നോട്ടീസുകള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
വളച്ചുചുറ്റി കാര്യങ്ങള്‍ പറയുന്നത് അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടു കാര്യങ്ങള്‍ ആജ്ഞാപിക്കുന്നതിനു പകരം രാജ്യത്തെ നിയമം പാലിക്കണമെന്നും കേന്ദ്രം ട്വിറ്ററിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ‘കാര്യങ്ങള്‍ വളച്ചുചുറ്റി പറയുന്നത് അവസാനിപ്പിച്ച് രാജ്യത്തെ നിയമങ്ങള്‍ ട്വിറ്റര്‍ അനുസരിക്കേണ്ടതുണ്ട്. നിയമനിര്‍മാണവും നയരൂപീകരണവും പരമാധികാര രാജ്യത്തിന്റെ മാത്രം അവകാശമാണ്. ഒരു സാമൂഹിക മാധ്യമം മാത്രമാണ് ട്വിറ്റര്‍. രാജ്യത്തെ നിയമങ്ങളുടെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് പറയാന്‍ ട്വിറ്ററിന് കഴിയില്ല’. -ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: