ലക്ഷ്ണയുക്തമായ ഒരു കെട്ടിടം പണിത് അതില്‍ താമസമുപ്പിച്ചതു കൊണ്ടു മാത്രം വീടെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാവില്ല. പൗരാണികമായി നമ്മള് പിന്തുടര്ന്നു വരുന്ന ഒട്ടേറെ ആചാരാനുഷ്ഠാനങ്ങളാണ് വീടിനെ ചൈതന്യവത്താക്കുന്നത്. അതില്‍ ഗൃഹസ്ഥന് പാലിക്കേണ്ട ധര്‍മങ്ങളുണ്ട്. കുടുംബിനിയുടെ ധര്‍മങ്ങളുണ്ട്. മറ്റ് അംഗങ്ങള്‍ക്കുമുണ്ട് വീടിനെ വീടാക്കി മാറ്റുന്നതില്‍ അനുവര്‍ത്തിക്കേണ്ട ചിട്ടകള്‍.
പലതും കാലഹരണപ്പെട്ട ചിന്തകളെന്ന പേരില്‍ തള്ളിക്കളയാവുന്നവയല്ല. ഹൈന്ദവ ധര്‍മമനുസരിച്ച് കടുംബനാഥന്‍ അനുഷ്ഠിക്കേണ്ട ആചാര്യമര്യാദകള്‍ നമ്മുടെ സ്മൃതികളും പുരാണങ്ങളും നിര്‍ദേശിക്കുന്നുണ്ട്. എല്ലാം പാലിക്കുക പ്രായോഗിക മല്ലെങ്കിലും മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്രദമായവ പാലിക്കുന്നതാണ് ഉത്തമം.
ഏതു കാര്യം ചെയ്യുമ്പോഴും അന്യരെ ആശ്രയിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. സത്യം, ധര്‍മം, സദാചാരം, ശുചിത്വം എന്നിവ പുലര്‍ത്തുന്നതില്‍ വിട്ടുവീഴ്ചയരുത്. പുത്രനേയും ശിഷ്യനേയുമല്ലാതെ മറ്റാരേയും അടിക്കരുത്. പുത്രനായാലും ശിഷ്യനായാലും അവര്‍ തെറ്റു ചെയ്താല്‍ ശിക്ഷിക്കുന്നതില്‍ നീതികേടില്ല. സ്വന്തം ദുര്യോഗത്തെ ഒരിക്കലും പഴിക്കരുത്.
അഗ്നിദേവനാണ് തീ. ഒരിക്കലും തീയുടെ മുകളില്‍ കാണിച്ച് കാലുകള്‍ ചൂടാക്കരുത്. ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണ പാത്രം ഒരിക്കലും മടിയില്‍ വയ്ക്കരുത്. സന്ധ്യാനേരത്തും വെളുപ്പിനും ഭക്ഷണം കഴിക്കുന്നത് ഗുണകരമല്ല. യാചകരായി ആരാണ് നമ്മുടെ മുമ്പിലെത്തുന്നതെന്ന് പറയാനാവില്ല. ദേവന്മാര് പോലും ഭിക്ഷയാചിച്ചെത്തുന്ന കഥകള്‍ പുരാണ പ്രസിദ്ധമാണ്. അതിനാല്‍ യാചകര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണം. കോപിക്കുന്നവരെ ശാന്തനാക്കണം. ഭയപ്പെട്ടവരെ ആശ്വസിപ്പിക്കണം.
വീടിന്റെ ഐശ്വര്യത്തിന് ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും നമുക്ക് ബോധമുണ്ടാവണം. അക്കാര്യത്തില്‍ കുടുംബാംഗങ്ങളെല്ലാം പ്രത്യേകം ശ്രദ്ധചെലുത്തേണ്ടതുണ്ട്. വീടിന്റെ ഐശ്വര്യം കാക്കുന്നതില്‍ ദൃഷ്ടിദോഷമകറ്റുന്നത് സുപ്രധാനമെന്ന് പറയപ്പെടുന്നു. മുള വെച്ചു പിടിപ്പിക്കുന്നത് ഇതിന് പരിഹാരമത്രേ. വീട് നിര്‍മിക്കുമ്പോള്‍ പുറം ചുവരുകളില്‍ അല്പഭാഗം സിമന്റ് തേയ്ക്കാതെ ഒഴിവാക്കി വിടാറുണ്ട്. പൂര്‍ണമായും മിനുക്കിയെടുത്താല്‍ അവിടെ മഹാലക്ഷ്മി വാഴില്ലെന്നൊരു വിശ്വാസത്തെ പിന്പറ്റിയാണിത്.
വീടുകളില്‍ ഈശ്വരന്മാരുടെ ചിത്രങ്ങള്‍ ആരാധനയ്ക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ചില ആളുകള്‍ വീടിനുള്ളിലോ, സമീപത്തോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജിക്കാറുണ്ട്. ആവശ്യമായ ചിട്ടകള്‍ ഇക്കാര്യങ്ങള്‍ തുടരാനായില്ലെങ്കില്‍ ഫലം വിപരീതമായേക്കാം. വീടായതിനാല്‍ വിഗ്രഹങ്ങള്‍ക്കുള്ള പൂജയും ആരാധനയും അത് അര്‍ഹിക്കുന്ന പരിശുദ്ധിയോടെയും ആചാരക്രമങ്ങളോടെയും അനുവര്ത്തിക്കാനായെന്നു വരില്ല.
വീട്ടുകാര്‍ കഴിക്കുന്നതിനു മുമ്പ് വളര്‍ത്തു മൃഗങ്ങള്‍ക്കും കാക്കള്‍ക്കും മറ്റും ഭക്ഷണം നല്‍കണം. രാത്രിയില്‍ കിടക്കുന്ന കട്ടിലിനടിയില്‍ ഒരു പാത്രത്തില്‍ ശുദ്ധജലം വയ്ക്കുന്നത് നല്ലതത്രേ. പിറ്റേന്നു രാവിലെ അത് തുളസി പോലുള്ള പുണ്യസസ്യങ്ങളുടെ ചുവട്ടില്‍ ഒഴിക്കണം.
സൂര്യനുദിക്കും മുമ്പ് മുറ്റം തൂത്തുവാരി വൃത്തിയാക്കണം. മുള്ളുള്ള ചെടികളും വൃക്ഷങ്ങളും വീടിനു ചുറ്റും വച്ചു പിടിപ്പിക്കരുത്. ധനസമൃദ്ധിയുടെ സൂചകങ്ങളായ സ്വര്‍ണം, പണം എന്നിവ സൂക്ഷിക്കുന്നയിടം ഒടിക്കലും ശൂന്യമായി കിടക്കരുത്.
ഇതിനെല്ലാം ഉപരിയായി വീടിനും വീട്ടുകാര്‍ക്കും സര്‍വ ഐശ്വര്യങ്ങളും നല്‍കുന്നത് ദൈവകടാക്ഷമാണ്. വെളുപ്പിനും സന്ധ്യയ്ക്കും കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് അല്‍പ്പനേരമെങ്കിലും ഈശ്വരഭജനത്തിനായി മാറ്റിവയ്ക്കാന്‍ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: