ത്രിവിധം നരകസ്യേദം
ദ്വാരം നാശനമാത്മനഃ
കാമക്രോധസ്തഥാ ലോഭഃ
തസ്മാദേതത് ത്രയം ത്യജേത്
നരകത്തിലേക്കുള്ള മൂന്ന് വാതിലുകളത്രേ കാമവും ക്രോധവും ലോഭവും. നരകം എന്നതിന് തിന്മയെന്നോ മാനസികമായ അധഃപതനം എന്നോ വ്യാഖ്യാനിക്കാം. അധാര്‍മികമായ മൂന്ന് ശക്തികളെ കുറിച്ചാണ് ഭഗവാന്‍ ഗീതയില്‍ അര്‍ജ്ജുനന് പറഞ്ഞുകൊടുക്കുന്നത്.
കാമം, ക്രോധം, ലോഭം എന്നിവ ആത്മാവിന് അനര്‍ഥ ഹേതുക്കളാണ്. അതിനാല്‍ ഇവ മൂന്നും ഉപേക്ഷിക്കണം. നിഷ്‌കാമത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ശുദ്ധാന്തരീക്ഷത്തിലേക്ക് മനസ്സിനെ നയിക്കണം. നമുക്ക് ഇഷ്ടപ്പെട്ട വസ്തുവിനെ നേര്‍ക്കുള്ള നിരന്തരമായ ചിന്തകളുടെ പ്രവാഹമാണ് കാമം. അതിന് തടസ്സമുണ്ടാകുമ്പോള്‍ ക്രോധമുണ്ടാകും. ആഗ്രഹം സാധിക്കാതെ വരുമ്പോള്‍ ക്ഷോഭം ഉണ്ടാകും. വിഷയത്തിന്റെ അനുക്രമമായ പരിവര്‍ത്തനത്തിലൂടെ നാശം ഉണ്ടാകുന്നത് എങ്ങനെയെന്ന് ഭഗവത്ഗീതയില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. കാമക്രോധങ്ങള്‍ നിറവേറ്റുമ്പോള്‍ ലോഭം ബാധിക്കും. അതായത് എത്ര കിട്ടിയാലും മതിയാകില്ല എന്ന അവസ്ഥ.
ലോകം പിടിച്ചടക്കാന്‍ നടന്ന അലക്‌സാണ്ടര്‍ എന്ന ഏകാധിപതിയോട് ഡയോജനിസ് എന്ന ഗുരുനാഥന്‍ ചോദിക്കുന്നു; എന്തിനാണ് ആക്രമണം നടത്തുന്നത്? പിടിച്ചടക്കാന്‍ എന്ന് ഉത്തരം. പിടിച്ചടക്കുന്നതെന്തിന്? അതൊരു സന്തോഷം. ഇപ്പോള്‍ സന്തോഷമില്ലേ? ബലം പ്രയോഗിച്ച് സന്തോഷം ഉണ്ടാക്കാനാവില്ല. അത് സ്വയം ഉണ്ടാകുന്നതാണ്. മനുഷ്യന്റെ പ്രകൃത്യാലുള്ള ഭാവം സന്തോഷമാണ്. ആ സന്തോഷം നിലനിര്‍ത്തി കൊണ്ടുപോവുക. മനസ്സിന് എന്നും സമാധാനമുണ്ടാകും. അതുതന്നെ സംതൃപ്തി. പിന്നെ വര്‍ത്തമാനകാലത്തില്‍ ജീവിക്കുക. മുന്‍പറഞ്ഞ ചക്രവര്‍ത്തി അവസാനകാലത്ത് പരിചാരകരോട് പറഞ്ഞു; എന്റെ ഇരുകൈകളും ശവപ്പെട്ടിയുടെ പുറത്തേക്ക് നീണ്ടു കിടക്കണം. ഞാന്‍ ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകുന്നില്ല എന്ന് ജനം അറിയട്ടെ.
എരിതീയില്‍ എണ്ണൊഴിച്ചു കൊടുത്തു കൊണ്ടിരുന്നാല്‍ അഗ്നി കൂടുതല്‍ ആളികത്തുകയല്ലാതെ ശമിക്കുമോ? കാമക്രോധലോഭങ്ങള്‍ മനുഷ്യനെ ദുഃഖഹേതുക്കളാണ് . അതിരാഗംമൂലം ദശഗ്രീവന്‍ നശിച്ചത് ഒരുദാഹരണം. അതിലോഭം മൂലം ദുര്യോധനനും മരിച്ചു. അതുകൊണ്ട് ‘അതി സര്‍വ്വത്ര വര്‍ജയേത്’.
കാമത്തിന്റെയും ലോഭത്തിന്റെയും മൂര്‍ത്ത രൂപമാണ് മഹാഭാരതത്തിലെ ദുര്യോധനന്‍. അര്‍ഹമായ രാജ്യങ്ങളില്‍ അനര്‍ഹമായ രാജ്യം കൈയടക്കി എന്നുമാത്രമല്ല സൂചികൊണ്ട് കുത്തിയാല്‍ കിട്ടുന്നത്ര മണ്ണുപോലും പാണ്ഡവര്‍ക്ക് കൊടുക്കില്ല എന്നായിരുന്നു അയാളുടെ ദുര്‍വാശി. ഇനി രാമായണമെന്ന ഇതിഹാസത്തിലേക്ക് നോക്കൂ; രാമന്‍ കാട്ടിലേക്ക് പോകാനായി അക്ഷമ കാട്ടുന്ന കൈകേയി. അപ്പോള്‍ രാമന്‍ പറയുന്നു; ‘ നാഹം അര്‍ഥ പരോദേവി’ എന്ന്. ഒരാള്‍ കാമത്തിന്റെ പ്രതീകം. മറ്റെയാള്‍ സ്ഥിതപ്രജ്ഞന്‍.
സാധനകന് ശ്രേയസ് ഉണ്ടാകണമെങ്കില്‍ നരക വാതിലില്‍ കൂടി പോകരുത് .വ്യക്തിക്കും സമൂഹത്തിനും നന്‍മ വരുത്തുന്നത് എന്താണോ അതാണ് ശ്രേയസ്. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ കരുത്തും ആത്മസംയമനവും വേണം. ദേഹത്തില്‍ ഒളിഞ്ഞിരിക്കുന്ന മൂന്ന് തസ്‌കരന്മാരാണ് ഇവരെന്നും ജ്ഞാനമാകുന്ന രത്‌നങ്ങള്‍ ഇവര്‍ തട്ടിക്കൊണ്ടു പോകുമെന്നും ശങ്കരാചാര്യര്‍ മുന്നറിയിപ്പ് തരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: