കുന്നത്തൂര്‍: മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലങ്ങള്‍ കൃത്യമായി അറിയിക്കുന്നില്ലെന്ന് പരാതി. കൊവിഡ് പോസിറ്റീവ് ആയിട്ടും വിവരം സമയബന്ധിതമായി അറിയിക്കാത്തതിനാല്‍ സമ്പര്‍ക്ക രോഗബാധിതര്‍ കൂടിയതായും ആക്ഷേപമുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ആന്റിജന്‍ പരിശോധന നടന്നു വരികയാണ്. ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയരായവര്‍ക്ക് ഫോണ്‍ വഴി ഫലം അറിയിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. പോസിറ്റീവ് ആണെങ്കില്‍ മാത്രമെ വിളിക്കുകയുള്ളു എന്ന സൂചനയും നല്കി. ഫോണ്‍ കോളുകള്‍ വരാത്തതിനാല്‍ പലരും നെഗറ്റീവാണെന്ന ധാരണയില്‍ കുടുംബാംഗങ്ങളുമായി അടുത്തിടപഴകി.
ടെലി കൗണ്‍സിലിംഗിന്റെ ഭാഗമായി കൗണ്‍സില്‍ ചെയ്യാനായി ദിവസങ്ങള്‍ കഴിഞ്ഞ് വിളിക്കുമ്പോഴാണ് തങ്ങള്‍ കൊവിഡ് രോഗിയാണെന്ന വിവരം അറിയുന്നതു പോലും. ഇത്തരത്തില്‍ മൈനാഗപ്പള്ളി 9-ാം വാര്‍ഡില്‍ പരിശോധയ്ക്ക് വിധേയനായ യുവാവ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗിയാണെന്നറിഞ്ഞത്. ഇതിനിടയില്‍ ഭാര്യയും കുഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി.
രാവിലെ മുതല്‍ നടക്കുന്ന പരിശോധന ഫലങ്ങള്‍ വൈകിട്ടോടെ അതാത് വാര്‍ഡ് ആശാ-ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. അവരവരുടെ പരിധിയില്‍ പെട്ട രോഗികളെ വിവരം ധരിപ്പിക്കുന്നതും ഇവരാണ്. എന്നാല്‍ മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ആശാ പ്രവര്‍ത്തകര്‍ക്ക് കൃത്യമായി പരിശോധനാ ഫലം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതാണ് രോഗികള്‍ വിവരം അറിയാന്‍ വൈകുന്നതിന് കാരണം. മഹാമാരിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം നടക്കുന്നതിനിടെ ചില ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി മൈനാഗപ്പള്ളി തെക്ക് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: