കൊല്ലം: വിവാഹവും അനുബന്ധ ആഘോഷങ്ങളും വിലക്കിലും കടുത്ത നിയന്ത്രണങ്ങളിലുമായതോടെ പട്ടണിയിലാണ് ജില്ലയിലെ ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും. 5000 പേര് ഈ തൊഴിലുമായി ബന്ധപ്പെട്ട് ജില്ലയില്‍ സജീവമാണ്. തൊഴില്‍നഷ്ടം തീവ്രമായതോടെ ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്റ്റുഡിയോ വര്‍ക്കുകള്‍ക്ക് നിയന്ത്രണം വന്നതോടെയാണ് ഇവരുടെ ജീവിതഫ്രെയിമില്‍ ഇരുട്ട് കയറിയത്. ജില്ലയില്‍ സ്റ്റുഡിയോകളിലും അല്ലാതെയുമായി ആയിരക്കണക്കിന് ആളുകള്‍ വേറെയും ജോലിചെയ്യുന്നുണ്ട്. ധനകാര്യ സ്ഥാപനങ്ങളില്‍ വീടും സ്ഥലവും സ്വര്‍ണവും പണയംവെച്ചും സ്ഥാപനം തുടങ്ങിയവരെല്ലാം ഇപ്പോള്‍ വന്ബാധ്യതയിലാണ്.
വായ്പയെടുത്തും അമിത പലിശക്ക് കടംവാങ്ങിയും സംഘടിപ്പിച്ച ക്യാമറ, ലൈറ്റ്, ഫ്ളാഷ്, കംപ്യൂട്ടര്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന് എന്നിവയെല്ലാം ഉപയോഗമില്ലാതെ നശിക്കുന്നു. അടഞ്ഞുകിടക്കുന്ന സ്റ്റുഡിയോയുടെ വൈദ്യുതി ചാര്‍ജും വാടകയും കൊടുക്കാനും കഴിയുന്നില്ല. ലക്ഷങ്ങളുടെ ബാധ്യതയിലാണ് സ്റ്റുഡിയോ ഉടമകളും തൊഴിലാളികളും.
വരുമാനം നിലച്ചതോടെ പലരും മറ്റ് തൊഴില്‍മേഖലകളിലേക്ക് നീങ്ങി. ടാപ്പിങ്, കാലിവളര്‍ത്തല്‍, പച്ചക്കറിവ്യാപാരം, മറ്റ് കൂലിപ്പണികള്‍ തുടങ്ങിയവയായി ജീവിതമാര്‍ഗം. ഈ മാസം ഒന്‍പതിന് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നാലും സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുമോയെന്ന ആശങ്കയിലാണ് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും.
സ്റ്റുഡിയോകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടാകണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത്രയും കാലം അടച്ചിട്ടതിന്റെ നഷ്ടം ഭീമമാണ്. കുടുംബം പുലര്‍ത്താനാണ് ഈ പണിയെടുക്കുന്നത്. വിവാഹം അടക്കമുള്ള ചടങ്ങുകള്‍ പഴയതുപോലെയല്ലെങ്കിലും നന്നായി നടത്തേണ്ടതാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നടക്കം വായ്പയെടുത്താണ് കട നടത്തുന്നത്. ഫോട്ടോഗ്രാഫേഴ്സിനെയും വീഡിയോഗ്രാഫേഴ്സിനേയും സഹായിക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുത്.
അഖില്‍, ഫോട്ടോഗ്രാഫര്‍, മൈലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: