ശ്രീകണ്ഠപുരം: വന്യമൃഗവേട്ടക്കിടെ യുവാവിന് വെടിയേറ്റു. കുടിയാന്മല പൊട്ടന്‍പ്ലാവിലെ മൂക്കന് മാക്കല്‍ മനോജിനാണ് (40) വെടിയേറ്റത്. സംഭവത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും തോക്കും തിരകളും പിടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ മനോജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മനോജിന്റെ തോളിനും നെഞ്ചിനും ഇടയിലായാണ് വെടിയുണ്ട തുളച്ചു കയറിയത്. പൊട്ടന് പ്ലാവിലെ പുത്തന്‍പറമ്പില്‍ ബിനോയി(37)യാണ് അറസ്റ്റിലായത്. കൃഷിയിടത്തിലിറങ്ങുന്ന മൃഗങ്ങളെ വേട്ടയാടാന്‍ ഇവര്‍ പതിവായി പോകാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി മനോജും ബിനോയിയും കള്ളത്തോക്കുകളുമായി വേട്ടക്കായി കൃഷിയിടത്തിലേക്ക് പോയതായിരുന്നു. കാട്ടുപന്നിയാണെന്ന് കരുതി ബിനോയി വെടിയുതിര്‍ക്കുകയും അത് ഇരുട്ടില്‍ പതിയിരിക്കുകയായിരുന്ന മനോജിന്റെ ദേഹത്ത് തുളച്ചു കയറുകയുമായിരുന്നുവത്രേ.
നിലവിളി കേട്ടതോടെയാണ് മനോജിനാണ് വെടിയേറ്റതെന്ന് മനസ്സിലായതെന്നാണ് ബിനോയി പോലീസിനോടു പറഞ്ഞത്. ഉടന്‍ ചില സുഹൃത്തുക്കളെ വിളിച്ചു വരുത്തിയെങ്കിലും ബിനോയി തെറ്റായ കാര്യം പറഞ്ഞ് അവരെ വിശ്വസിപ്പിക്കുകയാണുണ്ടായത്. വന്യമൃഗവേട്ടക്കായി മരത്തില്‍ കയറിയപ്പോള്‍ മനോജ് താഴെ വീണ് കൈയിലുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിയുതിര്‍ന്നാണ് ദേഹത്തു തുളച്ചു കയറിയതെന്നാണ് ബിനോയി പറഞ്ഞിരുന്നത്. ഓടിയെത്തിയവരും ബിനോയിയും ചേര്‍ന്ന് ചോരയില്‍ കുളിച്ചു കിടന്ന മനോജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
മനോജിന് സ്വയം വെടി കൊണ്ടതാണെന്ന മൊഴിയാണ് ആശുപത്രിയിലും ബിനോയി നല്‍കിയത്. പിന്നീട് ഇയാള്‍ മുങ്ങിയതോടെ സംശയം തോന്നിയ പോലീസ് പിന്തുടര്ന്ന് പിടികൂടി. പിന്നീട് ചോദ്യം ചെയ്യലിലാണ് ഉണ്ടായ കാര്യങ്ങള്‍ സമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: