കേപ്ടൗണ്‍: എച്ച്ഐവി ബാധിതയായ ദക്ഷിണാഫ്രിക്കന്‍ യുവതിയില്‍ കൊറോണ വൈറസിന് അപകടകരമായ നിരവധി വകഭേദങ്ങള്‍ ഉണ്ടായതായി കണ്ടെത്തല്‍. 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന ഈ മുപ്പത്താറുകാരിയില് വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ സംഭവിച്ചെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. മെഡ്ആര്‍ക്കൈവ് എന്ന മെഡിക്കല്‍ ജേണലില്‍ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
2020 സെപ്റ്റംബറില്‍ കൊവിഡ് ബാധിച്ച ഈ യുവതിയില്‍ വൈറസിന്റെ സ്വഭാവത്തിന് മാറ്റമുണ്ടാകുന്ന വിധത്തില്‍ പതിമൂന്ന് വകഭേദങ്ങളും പത്തൊമ്പത് മറ്റ് ജനികതവ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. അപകടശേഷി കൂടിയ വൈറസ് വകഭേദങ്ങളായ E484K,(ആല്‍ഫ വകഭേദത്തില്പ്പെടുന്നത്), N510Y(ബീറ്റ വകഭേദത്തില്പ്പെടുന്നത്)എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
യുവതിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാല്‍ മേഖലയില്‍ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് പ്രായപൂര്‍ത്തിയായ നാല് പേരില്‍ ഒരാളെങ്കിലും എച്ച്ഐവി പോസിറ്റീവാണ്. ഗുരുതര എച്ച്ഐവി ബാധിതര്‍ വൈറസ് വകഭേദങ്ങളുടെ ഉറവിടമാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. എച്ച്ഐവി ബാധിതരിലെ വൈറസ് വ്യതിയാനം ഏറ്റവുമധികം ബാധിക്കാനിടയാകുന്നത് ഇന്ത്യയിലായിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: