ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ഥലം ലോക്ഡൗണിന്റെ മറവില്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷമായി.ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഒത്താശയോടെ നടന്ന കയ്യേറ്റമാണ് ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത്.
പുരാതനകാലം മുതല്‍ ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തണ്ണീര്‍പ്പന്തലും കിണറും നിന്ന സ്ഥലമാണിത്. ക്ഷേത്രഗോപുരത്തിന് താഴയാണ് ഈ ഭൂമി. എന്നാല്‍ ഇതിനിടെ സ്വകാര്യവ്യക്തി ഈ സ്ഥലം വ്യാജപ്രമാണം ചമച്ച് കൈവശപ്പെടുത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഈ നീക്കത്തിനെതിരെ അന്നത്തെ ക്ഷേത്ര ഉപദേശകസമിതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമാണം കളവായി ചമച്ചതാണെന്നും അങ്ങനെയൊരു പട്ടയം കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ നിന്നോ അന്നത്തെ താലൂക്ക് ഓഫീസായ അടൂരില്‍ നിന്നോ നല്‍കിയിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു.
വ്യാജ പട്ടയമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഈ സ്ഥലം റവന്യു വകുപ്പിന്റെ അധീനതയിലാണിപ്പോള്‍. ഇതിനിടെ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ വ്യാജ രേഖ ചമച്ച് സ്ഥലം കയ്യേറാനുള്ള ഗൂഢനീക്കമാണ് കഴിഞ്ഞ ദിവസം നടന്നതത്രെ. സംഭവം അറിഞ്ഞെത്തി പണി നിര്‍ത്തിവയ്പിച്ച നാട്ടുകാരും ഭക്തജനസമിതി പ്രവര്‍ത്തകരും കുന്നത്തൂര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്കി. നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ച റവന്യു അധികൃതര്‍ രേഖകള്‍ പരിശോധിച്ചതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: