കണ്ണൂര്‍: കൊവിഡ് ബാധിച്ചു മരിച്ചവരുടെ യഥാര്‍ഥത്തിലുള്ള എണ്ണം ഔദ്യോഗിക കണക്കിന്റെ ഇരട്ടിയിലേറെയെന്ന് തദ്ദേശ സ്ഥാപനതലത്തില്‍ ലഭ്യമാകുന്ന കണക്കുകള്‍. സര്‍ക്കാര്‍ കണക്കില്‍ ജില്ലയിലെ ഇതുവരെയുള്ള കൊവിഡ് മരണങ്ങളുടെ എണ്ണം 667 ആണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പ്രാദേശികമായും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നേരെ ഇരട്ടി 1280 ആണെന്ന കണക്കാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
മറ്റു രോഗങ്ങള്‍ക്കൊപ്പം കൊവിഡ് കൂടി ബാധിച്ചു മരിച്ചവരെക്കൂടി ചേര്‍ത്താല്‍ എണ്ണം വീണ്ടും കൂടും. കൊവിഡ് മരണം 2000 കടന്നുവെന്ന അനൗദ്യോഗിക വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക കണക്ക് അഞ്ഞൂറിലേറെ മാത്രം. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയവേ മരിച്ചതാണെങ്കിലും നേരത്തേ വീണ്ടും പരിശോധന നടത്തി കൊവിഡ് കണക്കില്‍ നിന്ന് ഒഴിവാക്കാറുണ്ടായിരുന്നു. ഗുരുതരമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ച് മരിക്കുമ്പോള്‍ കൊവിഡ് പോസിറ്റീവ് ആണെങ്കില്‍പ്പോലും പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.
രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് പോലും സംസ്ഥാനതല വിദഗ്ധ സമിതി പരിഗണിക്കാറില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കൊവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരില്‍ പലരും സംസ്ഥാന പട്ടികയില്‍ ഉണ്ടാകാറില്ല എന്നതാണ് വസ്തുത.സംസ്ഥാന തലത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് മരണം കൊവിഡ് ബാധിച്ചാണോ അല്ലയോ എന്നു കണക്കാക്കുന്ന നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മരണം ഏതു വിഭാഗത്തില്‍പ്പെടുന്നുവെന്ന് ജില്ലാതലത്തില്‍ തീരുമാനിക്കാമെന്ന മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
മരണങ്ങള് കൃത്യമായി കണക്കാക്കാത്തത് തുടര്‍പഠനങ്ങള്‍ക്കും മൂന്നാംതരംഗം സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്ക്കുമെല്ലാം തടസ്സമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കൊവിഡ് മരണവുമായി ബന്ധപ്പെട്ട് മരണപ്പെട്ട വ്യക്തികളുടെ ബന്ധുക്കള്‍ക്കും മറ്റും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യങ്ങള്‍ കണക്കില്‍പ്പെടാത്തവര്‍ക്ക് ലഭിക്കില്ലെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: