കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ കുടുംബവാഴ്ച ഉറപ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ശനിയാഴ്ച എംപിയും മരുമകനുമായ അഭിഷേക് ബാനര്‍ജിയെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുകയാണ് മമത. ഇതോടെ ഭരണത്തിന്റെ താക്കോലും പാര്‍ട്ടിയുടെ താക്കോലും മമതയുടെ കുടുംബത്തിന്റെ കൈകളിലായി.
പണ്ട് തൃണമൂലിന്റെ അധികാരം അഭിഷേക് ബാനര്‍ജിയുടെ കൈകളില്‍ ഒതുങ്ങുന്നു എന്ന് തോന്നിയപ്പോഴാണ് മമതയുടെ നിഴലും രണ്ടാമനുമായി കൂടെ നടന്ന സുവേന്ദു അധികാരി പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയത്. പല പ്രമുഖ തൃണമൂല്‍ നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയത് മമതയുടെ മരുമകനോടുള്ള അന്ധമായ സ്നേഹത്തില്‍ പ്രതിഷേധിച്ചായിരുന്നു.
ഡയമണ്ട് ഹാര്‍ബറിനെ പ്രതിനിധീകരിക്കുന്ന ലോക്സഭാ എംപിയാണ് അഭിഷേക് ബാനര്‍ജി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ തൃണമൂല്‍ പ്രവര്‍ത്തകസമിതിയുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാന്നിദ്യം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയമുള്ളതിനാല്‍ ഇപ്പോഴത്തെ തൃണമൂല്‍ യൂത്ത് വിംഗ് ചുമതലയില്‍ നിന്നും അഭിഷേഖ് ഒഴിഞ്ഞു. പകരം രാഷ്ട്രീയത്തിലേക്ക് വന്ന സിനിമാതാരം സായോനി ഘോഷ് തൃണമൂല്‍ യൂത്ത് വിംഗിന്റെ അധികാരം കയ്യാളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: