ന്യൂദല്‍ഹി: ട്വിറ്ററിന് അന്ത്യശാസനം നല്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഐടി നിയമം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. ഐടി നിയമം പ്രകാരം പരാതി പരിഹാരത്തിനുള്ള മൂന്ന് ഉദ്യോഗസ്ഥരെ ഇതുവരെ കമ്പനി നിയമിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. ഇതടക്കം ഐടി നിയമത്തിലെ വകുപ്പുകള്‍ എടുത്തുകാട്ടിയാണ് ട്വിറ്ററിന് ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് അവസാന നോട്ടീസ് ആണെന്നും മുന്‍ നോട്ടീസുകള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
വളച്ചുചുറ്റി കാര്യങ്ങള്‍ പറയുന്നത് അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടു കാര്യങ്ങള്‍ ആജ്ഞാപിക്കുന്നതിനു പകരം രാജ്യത്തെ നിയമം പാലിക്കണമെന്നും കേന്ദ്രം ട്വിറ്ററിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ‘കാര്യങ്ങള്‍ വളച്ചുചുറ്റി പറയുന്നത് അവസാനിപ്പിച്ച് രാജ്യത്തെ നിയമങ്ങള്‍ ട്വിറ്റര്‍ അനുസരിക്കേണ്ടതുണ്ട്. നിയമനിര്‍മാണവും നയരൂപീകരണവും പരമാധികാര രാജ്യത്തിന്റെ മാത്രം അവകാശമാണ്. ഒരു സാമൂഹിക മാധ്യമം മാത്രമാണ് ട്വിറ്റര്‍. രാജ്യത്തെ നിയമങ്ങളുടെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് പറയാന്‍ ട്വിറ്ററിന് കഴിയില്ല’. -ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
നൂറ്റാണ്ടുകള്ക്കുമുന്പേ ഇന്ത്യയ്ക്ക് മഹത്തായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പാരമ്പര്യമുണ്ട്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍, ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദേശ സ്ഥാപനം മാത്രമായ ട്വിറ്ററിനെപ്പോലുള്ളവയ്ക്ക് പ്രത്യേക അവകാശമില്ല. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെയും അവയുടെ കരുത്തുള്ള സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: