പുനലൂര്‍: പുതിയതായി നിര്‍മ്മിച്ച മലയോര ഹൈവേയുടെ തകര്‍ന്ന ഭാഗം പുനര്‍നിര്‍മ്മിക്കാന്‍ 80 ലക്ഷം രൂപ അനുവദിച്ചതായി സ്ഥലം എംഎല്‍എ പി.എസ്.സുപാല്‍ അറിയിച്ചു. ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയായി നാടിന് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിടും മുന്‍പ് റോഡ് തകര്‍ന്നതും, നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ റോഡ് ഇടിഞ്ഞ് താണതില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രളയ ഫണ്ട് ഇതിന്റെ അറ്റകുറ്റപണികള്‍ക്ക് അനുവദിച്ച് നിര്‍മ്മാണ വേളയിലെ ജനപ്രതിനിധികളേയും, ഉദ്യോഗസ്ഥരേയും വെള്ളപൂശുവാനുള്ള ശ്രമങ്ങളാണ് എംഎല്‍എയുടെ പ്രഖ്യാപനത്തിലൂടെ പുറത്ത് വരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുനലൂര്‍ മുതല്‍ കുളത്തൂപ്പുഴ വരെ നിരവധി സ്ഥലങ്ങളില്‍ ആണ് ഇത്തരത്തില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയത്.
ഈ സ്ഥലങ്ങളിലെല്ലാം റോഡുകളില്‍ അറ്റകുറ്റപണികള്‍ നടത്തേണ്ട അവസ്ഥയാണ് ഇന്നുള്ളത്. മറ്റ് പല സ്ഥലങ്ങളിലും റോഡിന്റെ വശങ്ങള് കെട്ടാതെ റോഡ് നിര്‍മ്മിച്ചതാണ് ഹൈവേയുടെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുള്ളത്. നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന്റെ ഉന്നതതല ബന്ധങ്ങളും ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: