ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം നടന്ന് വര്‍ഷം നാലായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഭരണകക്ഷിക്കെതിരെ വരെ ആരോപണം ഉയര്‍ന്നെങ്കിലും അന്വേഷണം പൊടുന്നനെ അവസാനിപ്പിച്ചതില്‍ ദുരൂഹതയുണ്ട്. 2017 സെപ്തംബര്‍ 21ന് പുലര്‍ച്ചെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോയ്ക്ക് നേരെ അക്രമം നടന്നത്. ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. അക്രമസമയത്ത് ആലപ്പുഴ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്.
അന്നത്തെ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ചാനല്‍ തുടര്‍ച്ചയായി വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് പ്രകോപനത്തിന് പിന്നിലെന്നായിരുന്നു പ്രചാരണം. സംഭവം ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. തോമസ് ചാണ്ടിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും സംശയ നിഴലിലാക്കിയായിരുന്നു പ്രചാരണ കോലാഹലം.
ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സമീപത്തെ സ്ഥാപനങ്ങളിലേത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ആദ്യ കാലങ്ങളില്‍ അന്വേഷണം നടന്നെങ്കിലും പൊടുന്നനെ നിലയ്ക്കുകയായിരുന്നു. തോമസ് ചാണ്ടിയെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും പ്രതിക്കൂട്ടിലാക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തിയതാണ് അക്രമം എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇത്രയും വര്‍ഷം പിന്നിട്ടിട്ടും പ്രമുഖ സ്ഥാപനത്തിനെതിര നടന്ന അക്രമസംഭവത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിലും, മാദ്ധ്യമ സ്ഥാപനമോ, മാദ്ധ്യമ പ്രവര്‍ത്തകരുടെ സംഘടനകളോ സമ്മര്‍ദ്ദം ചെലുത്താത്തതിലും സംശയങ്ങളേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: