മക്കളേ,
ഇന്നു മാനവരാശിക്കുമുന്നിലുള്ള ഏറ്റവും വലിയ ഭീഷണി ഒരു ലോകമഹായുദ്ധമല്ല, മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍മൂലം പ്രകൃതിയുടെ താളം തെറ്റിയിരിക്കുന്നു എന്നതാണ്. തോക്കിന്‍കുഴലിനു മുന്നില്‍ നില്ക്കുന്ന ഒരു പട്ടാളക്കാരന് എത്ര മാത്രം ജാഗ്രതയുണ്ടായിരിക്കുമോ അതിലുമേറെ ജാഗ്രതയോടെ പ്രകൃതിയെ സംരക്ഷിക്കുവാന്‍ നമ്മള് തയ്യാറാകണം. എങ്കില്‍ മാത്രമേ മാനവരാശിക്ക് ഈ ഭൂമിയില്‍ നിലനില്പുള്ളു.
മനുഷ്യന് പ്രകൃതിയില്‍നിന്നു ഭിന്നനല്ല, പ്രകൃതിയുടെതന്നെ ഭാഗമാണ്. അവന് നിലനിക്കുന്നതുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള താളലയം നഷ്ടപ്പെടുമ്പോള്‍ പ്രകൃതി സംഹാരതാണ്ഡവമാടുവാന്‍ ആരംഭിക്കും. അതാണ് ഇന്നു വര്‍ദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങള്‍ക്കു കാരണം.
എവിടെയാണ് നമുക്കുതെറ്റുപറ്റിയത്. ആവശ്യവും ആഡംബരവും തമ്മില്‍ നമുക്കു തിരിച്ചറിയാന്‍ കഴിയാതെ പോയി. ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടതിലധികം എന്തു പ്രകൃതിയില്‍ നിന്നെടുത്താലും അത് അധര്‍മ്മമാണ്, പാപമാണ്.
ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കഥ ഓര്‍ക്കുകയാണ്. അദ്ദേഹം അതിരാവിലെ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നദീതീരത്ത് പല്ല് തേച്ചുകൊണ്ടിരിക്കുകയായിരുന്നു. അതോടൊപ്പം ചില അത്യാവശ്യകാര്യങ്ങള്‍ ചുറ്റുംകൂടിയ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നുമുണ്ട്. വാ കഴുകാനായി പാത്രമെടുത്തപ്പോള്‍ അതിലെ വെള്ളം തീര്‍ന്നത് അദ്ദേഹം കണ്ടു. ”ദൈവമേ ഞാനെന്തു അശ്രദ്ധയാണ് കാണിച്ചത്. പല്ലുതേയ്പ് കഴിയുന്നതിനു മുന്‍പുതന്നെ വെള്ളവും തീര്‍ന്നു.”മറ്റുള്ളവര്‍ക്ക് ഇദ്ദേഹം ഇങ്ങനെ വിഷമിക്കുന്നതിന്റെ കാരണം മനസ്സിലായില്ല. അവര്‍ ചോദിച്ചു,”അതിലെന്തു വിഷമിക്കാനാണ്. തൊട്ടുമുന്പില് കൈയ്യെത്തുന്ന ദൂരത്തില്‍ നദിനിറഞ്ഞൊഴുകുന്നതു കാണുന്നില്ലേ?”അദ്ദേഹം പറഞ്ഞു,”നദിയില്‍ വെള്ളമുണ്ടായേക്കാം. പക്ഷേ എനിക്കു വേണ്ടതിലധികം എടുക്കാനുള്ള അധികാരമില്ലല്ലോ?” ഈ സാമൂഹ്യപ്രവര്‍ത്തകന്‍ കാണിച്ച ധര്‍മ്മബോധം നമ്മുടെതലമുറയ്ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ പ്രകൃതിദുരന്തങ്ങള്‍ കുറയും. പട്ടിണി മരണവും ദാരിദ്ര്യവുമെല്ലാം ഇല്ലാതാകും.
നമ്മുടെ നിലനില്പിന് ആവശ്യമായതു മാത്രമേ നമ്മള് പ്രകൃതിയില്‍നിന്ന് എടുക്കാന്‍ പാടുള്ളൂ. അങ്ങനെയായാല്‍ എല്ലാവര്ക്കും ആവശ്യമുള്ള ഭക്ഷണവും വെള്ളവും വസ്ത്രവും ഇവിടെയുണ്ടാകും. ഭീകര രൂപം വെടിഞ്ഞു പ്രകൃതി വീണ്ടും കാമധേനുവിനെപ്പോലെ ആയിത്തീരുകയും ചെയ്യും.
ഒരു ശാസ്ത്രജ്ഞന് പറയുകയുണ്ടായി, ”ഇന്നീ ലോകത്തിലെ കൃമികീടങ്ങളെല്ലാം അപ്രത്യക്ഷമായാല്‍ അടുത്ത അന്‍പതുവര്‍ഷത്തിനകം ഭൂമിയില്‍നിന്ന് ജീവന്തുടച്ചു നീക്കപ്പെടും. മറിച്ച് മനുഷ്യരാശി ഇന്ന് ഇല്ലാതായാല്‍ അടുത്ത അന്പതുവര്ഷം കഴിയുമ്പോള്‍ ഭൂമിയില്‍ മറ്റെല്ലാ ജീവജാലങ്ങളും കൂടുതല്‍ പുഷ്ടിപ്പെടും.”എന്ന്. ഭൂമി മരിക്കാതിരിക്കണമെങ്കില്‍ മനുഷ്യന് മരിക്കണം എന്ന അവസ്ഥ വരാന്‍ പാടില്ല.
സ്വന്തം അമ്മയെ എന്ന പോലെ പ്രകൃതിമാതാവിനേയും പരിരക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്. ആ യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മള് കണ്ണുതുറന്നേപറ്റൂ. യഥാര്‍ത്ഥത്തില്‍ അത് പ്രകൃതിയോടുള്ള നമ്മുടെ കടമയല്ല, മനുഷ്യരാശിയോടുള്ള നമ്മുടെ കടമയാണ്. കാരണം പ്രകൃതിയില്ലെങ്കില്‍ മനുഷ്യനു നിലനില്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: