ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച 2021 -22 ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിന്റെ ഒന്നാം ഭാഗം പൂര്‍ണ്ണമായും ഇടതുമുന്നണി സര്‍ക്കാറിന്റെ രാഷ്ട്രീയനേട്ടങ്ങള്‍ വിവരിക്കാനും കേന്ദ്രസര്‍ക്കാറിനെ നിശിതമായി വിമര്‍ശിക്കാനുമാണ് ഉപയോഗിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം കാരണം കേന്ദ്രനയങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ധനകാര്യമന്ത്രി പണിപ്പെടുകയായിരുന്നു. ഒരു സംസ്ഥാന ബജറ്റിന്റെ അന്ത:സത്ത കളഞ്ഞുകുളിച്ച ഒരു തട്ടിക്കൂട്ട് ബജറ്റാണ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പേ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതില്‍ പ്രഖ്യാപിച്ച വന്‍ പദ്ധതികളെക്കുറിച്ചും കിഫ്ബിയുടെ പങ്കാളിത്തത്തെക്കുറിച്ചും യാതൊരു പരാമര്‍ശവുമില്ലാത്തത് ബജറ്റിന്റെ പ്രസക്തി നഷ്ടപ്പെടുത്തി. അടിസ്ഥാനപരമായ ധനകാര്യമാനേജ്മെന്റിനെ വിസ്മരിക്കുകയും രാഷ്ട്രീയപ്രസംഗത്തിന്റെ നിലവാരത്തിലേക്ക് ബജറ്റ് പ്രസംഗം മാറുകയും ചെയ്തു. കേന്ദ്രനയങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞുവെന്ന് പരാതിപ്പെടുമ്പോള്‍, പുതിയ ധനസമാഹരണ നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. മാത്രവുമല്ല ചെലവ് ചുരുക്കുന്നതിനും ധൂര്‍ത്ത് നിയന്ത്രിക്കുന്നതിനും ഫലപ്രദമായ യാതൊരുനിര്ദ്ദേശവും ബജറ്റിലില്ല.
ഉയര്‍ന്ന തൊഴിലില്ലായ്മയും കുറഞ്ഞ മൂലധനമുതല്മുടക്കുമാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്ന് സൂചിപ്പിക്കുന്ന ധനകാര്യമന്ത്രി, ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഇവരണ്ടും സൗകര്യപൂര്‍വ്വം വിസ്മരിച്ചു. ഏറ്റവും രസകരമായ വസ്തുത കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 2-ാം ഉത്തേജനപാക്കേജാണ്. മൊത്തം 20,000 കോടി രൂപയുടെ പാക്കേജ് എന്ന തരത്തിലാണ് അതിനെ അവതരിപ്പിച്ചത്. ഇതില്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടിയും, ഉപജീവനപ്രതിസന്ധി നേരിടുന്നവര്ക്കാശ്വാസമായി 8900 കോടി രൂപ നേരിട്ട്പണമായി ലഭ്യമാക്കാനും, 8300 കോടി രൂപ സാമ്പത്തിക പുനര്‍ജീവനത്തിനായി ലോണുകള്‍, പലിശസബ്സിഡി എന്നിവയ്ക്കായുമാണ് വകയിരുത്തിയിരിക്കുന്നത്.
ബജറ്റ് പ്രസംഗത്തിന്റെ 12-ാം പേജില്‍ 8900 കോടി രൂപ ഈ പാക്കേജിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് നേരിട്ടു നല്‍കുമെന്ന് പ്രഖ്യാപിച്ചത് തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ ധനകാര്യ മന്ത്രി തിരുത്തിയത് ഗുരുതരമായ തെറ്റാണ്. ഈ തുക വാസ്തവത്തില്‍ ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശികയാണ്. അപ്പോള്‍ അതെങ്ങനെ പുതിയ പാക്കേജായിമാറും. പലിശ, സബ്സിഡി, വായ്പകള്‍ തുടങ്ങിയവയ്ക്ക് 8300 കോടി വകയിരുത്തിയതില്‍ മുഖ്യപങ്കും ബാങ്കുകള്‍വഴിയും കേന്ദ്ര പദ്ധതികള്‍ വഴിയുമുള്ളവയാണ്. പുതിയ 20,000 കോടി രൂപയുടെ അധികപാക്കേജ് പ്രഖ്യാപിച്ചിട്ടും പുതുക്കിയബജറ്റ് ചെലവ് 1715 കോടി രൂപയാണ് വര്‍ദ്ധിച്ചിട്ടുള്ളത്. അതും യാതൊരു ധനസമാഹരണവും നടക്കാത്ത സാഹചര്യത്തില്‍. ഇത് വലിയ രാഷ്ട്രീയ തട്ടിപ്പാണ്. ബജറ്റിനെ ഇത്രയും താഴ്ത്തികെട്ടിയത് നെറികേടാണ്.
2800 കോടിരൂപയുടെ ആരോഗ്യ പാക്കേജില്‍ 1000 കോടിരൂപ കൊവിഡ് വാക്സിന് വാങ്ങാനും 500 കോടി അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാനുമാണ്. കേന്ദ്രം സൗജന്യമായി വാക്സിന് നല്‍കുന്നില്ലെന്ന് പരാതിപ്പെടുന്ന ധനകാര്യമന്ത്രി, കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി 93.34 ലക്ഷം ഡോസ് വാക്സിന് കേന്ദ്രം സൗജന്യമായി നല്കി എന്ന് നിയമസഭയില്‍ പറഞ്ഞത് മറച്ചുവെക്കുകയായിരുന്നു. ആശുപത്രികളില്‍ 10 ബെഡ്ഡുകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും മറ്റുമായി 636.5 കോടി വകയിരുത്തിയിട്ടുണ്ട്. ഇതിന് എംഎല്‍എമാരുടെ അസറ്റ് ഫണ്ട് വിനിയോഗിക്കാനും ധാരണയായിട്ടുണ്ട്. 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് നൈട്രജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 25 ലക്ഷവും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി മുന്‍കൈയെടുത്ത് ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് ഉല്പാദനം തുടങ്ങാനുള്ളസാദ്ധ്യതാ പഠനത്തിനായി 10 കോടിയും ഒരു മെഡിക്കല്‍- സാംക്രമിക രോഗനിവാരണ ഗവേഷണ സ്ഥാപനം സ്ഥാപിക്കാനുള്ള പഠനത്തിന് 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
1,30,981 കോടിരൂപ വരവും 1,47891 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 16910 കോടിരൂപയുടെ കമ്മിയാണുള്ളത്. വിഭവസമാഹരണവും ചെലവ് കുറയ്ക്കലും കാര്യമായി നടക്കാത്ത സാഹചര്യത്തില്‍ ബജറ്റ് കമ്മി ഇനിയും കുതിച്ചുയരും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആംനസ്റ്റി അടക്കമുള്ള നികുതി കുടിശ്ശിക പിരിക്കാനുള്ള പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. 2018-19 ലെ പുതുക്കിയ ബജറ്റ് കണക്കുകളനുസരിച്ച് 15626 കോടി രൂപ പലിശയായും 18007 കോടി രൂപ തിരിച്ചടവായും മൊത്തം 33633 കോടി പലിശക്കും തിരച്ചടവിനുമായി സംസ്ഥാന ബജറ്റില്‍ നിന്ന് ചെലവായിരുന്നു. ഇത് മൊത്തം റവന്യൂ വരവിന്റെ 26.98 ശതമാനമായിരുന്നു. ഇത് പിന്നീടുള്ള വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കുകയും 2020-21 ല്‍ വളരെകൂടുതലാവുകയും ചെയ്തു. പ്രത്യേകിച്ചു ആഭ്യന്തര നികുതിവരുമാനവും മറ്റ് വരുമാനങ്ങളും പകുതിയോളം കുറഞ്ഞ അവസ്ഥയില്‍. ഉദാഹരണത്തിന് 2018-19 ല്‍ മദ്യത്തില്‍ നിന്ന് 14504 കോടിയും ഭാഗ്യക്കുറിയില്‍ നിന്ന് 11300 കോടിയും ലഭിച്ചിരുന്നത് ഇപ്പോള്‍ പകുതിപോലും ലഭിക്കുന്നില്ല. കേന്ദ്രനികുതിയിലും 20 ശതമാനത്തിലധികം കുറവ് വരും. ഈ സാഹചര്യത്തില്‍ കേരളം കടക്കെണിയിലേക്ക് നീങ്ങുന്നത് ഒഴിവാക്കേണ്ട ഉത്തരവാദിത്വം ധനകാര്യമന്ത്രിക്കുണ്ട്.
ഡോ. ഐസക്കിന്റെ കഴിഞ്ഞ ബജറ്റുകളില്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന കിഫ്ബിപദ്ധതികള്ക്കായിരുന്നു. നേരത്തെ പ്രഖ്യാപിച്ചവ തുടരുമെന്നുപറഞ്ഞതല്ലാതെ കിഫ്ബിയെ വലുതാക്കികാണിക്കാത്തത് സി.എ.ജി റിപ്പാര്‍ട്ടിന്റെ പശ്ചാത്തലത്തിലാകാം. അതേസമയം കുടുംബശ്രീക്ക് അമിതമായ പരിഗണനയാണ് ഈ ബജറ്റില്‍ നല്‍കിയിട്ടുള്ളത്. 10,000 പുതിയ കുടുംബശ്രീയൂണിറ്റുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചതോടൊപ്പം, കുടുംബശ്രീ വഴി 1000കോടി ബാങ്ക് വായ്പ വിതരണം ചെയ്യുമെന്നും, പലിശസബ്സിഡിയായി 100 കോടി വകയിരുത്തിയിട്ടുണ്ടെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020 സപ്തംബറിലെ കണക്കനുസരിച്ച് മൊത്തം 2,87,733 അയല്‍കൂട്ടങ്ങളിലായി 45,11,834 അംഗങ്ങള്‍ കുടുംബശ്രീയില്‍ ഉണ്ടായിരുന്നു. ഇവര്‍ 19489 വാര്‍ഡ് തല ഏരിയാകമ്മറ്റികളായും 1064 സിഡിഎസ്സുകളായും പ്രവര്‍ത്തിക്കുന്നു. ഇത്രയും കൂടുതല്‍ കുടുംബശ്രീകളും അയല്‍കൂട്ടവും ഉള്ളിടത്ത് ഇത്രയധികം പുതിയ അയല്ക്കൂട്ടങ്ങളുമുണ്ടാക്കുമെന്ന പ്രഖ്യാപനം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്.
കാര്‍ഷികമേഖലയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായ അവസ്ഥയില്‍ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കാര്യമായ നിര്ദ്ദേശങ്ങളൊന്നുമില്ലാത്തത് വലിയ അപാകതതന്നെയാണ്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും അസമയത്തുണ്ടായ മഴമൂലവും എല്ലാ വിളകള്‍ക്കും ഉണ്ടായ നഷ്ടവും വില്പന പ്രശ്നങ്ങളും നിരവധിയാണ്. പ്രത്യേകിച്ചും നെല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. അവര്‍ക്ക് ഏതാണ്ട് 180 കോടിയിലധികം കുടിശ്ശിക സര്‍ക്കാരില്‍ നിന്നു മില്ലുകാരില് നിന്നും മാസങ്ങളായി ലഭിക്കാനുണ്ട്. കര്‍ഷക സമരത്തെ സര്‍വ്വാത്മനാ പിന്തുണച്ചിരുന്ന ഇടതു സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന ക്രൂരതയാണിത്. റബ്ബര്‍ കര്‍ഷകര്‍ക്ക് 50 കോടി സബ്സിഡികൊടുക്കുവാന് തയ്യാറായ സര്‍ക്കാര്‍ നെല്ലുകര്ഷകരെയും പച്ചക്കറി കര്‍ഷകരെയും അവഗണിച്ചതിന് എന്ത് നീതീകരണമാണുള്ളത്. കാര്ഷികവിപണനത്തിന് മാറ്റിവെച്ചത് വെറും 10 കോടി മാത്രമാണ്.
അതേസമയം കര്‍ഷകര്‍ക്ക് 2000 കോടി രൂപയുടെ വായ്പ പ്രഖ്യാപിച്ചത് കേന്ദ്രപദ്ധതിയുടെ ഭാഗമായസഹായമാണ്. കേന്ദ്രസര്‍ക്കാര്‍ നബാര്‍ഡ് വഴി സംസ്ഥാന സഹകരണ ബാങ്കുള്‍ വഴി കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ 4 ശതമാനം പലിശക്കുനല്കുന്ന കാര്‍ഷിക വായ്പയാണിത്. ജൂണ്‍ 3 നുള്ള പത്രത്തില്‍ നബാര്‍ഡ് സംസ്ഥാന സഹകരണ ബാങ്കിന് 2670 കോടി രൂപ ഇതിനായി കൈമാറിയവാര്ത്ത ഉണ്ടായിരുന്നു. റിസര്‍വ്വ് ബാങ്ക് 2021 ഏപ്രിലില്‍ 25000 കോടി രൂപയ്ക്കുള്ള സ്പെഷല്‍ ലിക്വിഡിറ്റി ഫണ്ട് രൂപീകരിച്ച് നബാര്‍ഡ് വഴി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത് നേരത്തെ കേന്ദ്രബജറ്റില്‍ ഉള്‍ക്കൊള്ളിച്ച 15 ലക്ഷം കോടി കാര്‍ഷിക വായ്പയ്ക്കുപുറമെയാണ്. ഇപ്പോള്‍ കേരളത്തിനുലഭിച്ച 2670 കോടിയില്‍ 1000 കോടി കേരള ഗ്രാമീണ്‍ ബാങ്ക്മുഖേനയും 1670 കോടി സംസ്ഥാന സഹകരണ ബാങ്കിലൂടെ പ്രാഥമിക സഹകരണസംഘങ്ങള്‍ വഴിയുമാണ് നടപ്പാക്കുക. അപ്പോള്‍ കാര്‍ഷികവായ്പയുടെ കാര്യത്തിലും കേരള ബജറ്റിന് കാര്യമൊന്നുമില്ല.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സ്കൂള്‍ വിദ്യാഭ്യാസം വലിയപ്രതിസന്ധിയിലാണ്. ഇവയൊന്നും സമയബന്ധിതമായി പരിഹരിയ്ക്കാന്‍ യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ലാത്തത് ഖേദകരമാണ്. പൊതുവിദ്യാഭ്യാസരംഗത്ത് ഓണ്‍ലൈന്‍ പദ്ധതിക്ക് വെറും 10 കോടിയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇത് കടുത്ത അനീതിയാണ്. ഉള്‍നാടന്‍ പ്രദേശങ്ങളിലും ഗിരിവര്ഗ്ഗപ്രദേശങ്ങളിലും മൊബൈല്‍, ലാപ്ടോപ്, ടിവി എന്നിവ ആവശ്യത്തിന് ലഭ്യമല്ല. ഉള്ളസ്ഥലത്ത് നെറ്റ് സൗകര്യവുമില്ല. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരമായി വ്യക്തമായ പദ്ധതികള്‍ ബജറ്റില്‍ ഉണ്ടാകേണ്ടതായിരുന്നു. സര്‍ക്കാര്‍ പ്രശ്നത്തെ ഗൗരവത്തോടെ കാണുന്നില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.
എന്നാല്‍ വിദ്യാഭ്യാസ മേഖലയെ സ്കൂള്‍ തലം മുതല്‍ പുനസ്സംഘടിപ്പിക്കനായി ഒരു വിദഗ്ധ സമിതിയെ നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള കേന്ദ്രപദ്ധതിയുമാണ് ബന്ധപ്പെട്ടതാണ്. ചുരുക്കത്തില്‍ എടുത്തുപറയത്തക്ക പരിപാടികളും നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്ത ഒരു തട്ടിക്കൂട്ട് ബജറ്റാണിത്. കേരളം നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുമ്പോള്‍ അവയോടെല്ലാം മുഖംതിരിച്ച് നിന്ന് രാഷ്ട്രീയ താല്പര്യം മാത്രം മുന്‍നിര്‍ത്തി തയ്യാറാക്കിയ ബജറ്റാണിത്. ഇത് കേരളത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളി വിടാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: