രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ് അവതരിപ്പിച്ചു. കുനിഷ്ട് ഒന്നുമില്ലാത്ത കമ്മ്യൂണിസ്റ്റ്കാരനായ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഒന്നാം ബജറ്റാണിത്. കുറേവര്ഷമായി ബജറ്റ് പ്രസംഗത്തില്‍ ഉപമകളും ഉദ്ധരണികളും കഥകളും കവിതകളുമൊക്കെ കടന്നുവരാറുണ്ട്. ഇത്തവണ പക്ഷേ അതിനൊക്കെ ലാല്‍സലാം പറഞ്ഞു. അതിനാല്‍ തന്നെ പ്രസംഗം. ഒരു മണിക്കൂറില്‍ ഒതുങ്ങി.
ബാലഗോപാലന്റേത് സമ്പൂര്‍ണ ബജറ്റല്ലല്ലോ. ജനുവരിയില്‍ ഡോ. തോമസ് ഐസക്ക് ഇടക്കാല ബജറ്റിന് പകരം വിശാലമായ ഒരിനം അവതരിപ്പിച്ചിരുന്നല്ലോ. ഏതാണ്ട് മൂന്നര മണിക്കൂറോളം ഒരേ നില്പ്പില് അത് വായിച്ചു തീര്‍ത്തു. ആ ബജറ്റ് അതേ പടി തുടരുമെന്ന് പുതിയ ധനമന്ത്രി പറയുമ്പോള്‍ ഇല്ലായ്മകളെ കുറിച്ച് വേവലാതി പെടേണ്ടതില്ല. ചാനല്‍ വിശാരദന്മാര് പുതിയ നികുതിയില്ല, അതുകൊണ്ട് തന്നെ വിലക്കയറ്റമില്ല എന്നൊക്കെ പറയുന്നത് കേട്ടു. ഡോ. ഐസക് അതിനെല്ലാം പ്രതിവിധി കണ്ടിട്ടുണ്ട്.
കൊവിഡിനെ തുരത്താന്‍ 20,000 കോടിയുടെ പാക്കേജ് ഇടബജറ്റിന്റെ മേന്മയായി പറയുന്നുണ്ട്. ഇത് അഞ്ച് മാസം മുമ്പ് തോമസ് ഐസക്കും പറഞ്ഞതാണ്. അതൊക്കെ ചെലവായി പോയോ എന്തൊ? എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കുമെന്ന് ആദ്യം പറഞ്ഞത് പിണറായി സര്‍ക്കാരാണ്. എന്നിട്ടിപ്പോള്‍ കേന്ദ്രം നല്‍കുന്നില്ലെന്ന് വിലപിക്കുന്നതിന് വല്ല അര്‍ത്ഥവുമുണ്ടോ? ഏതാണ്ട് ഒരു കോടിക്കടുത്ത് കേന്ദ്രം നല്‍കിക്കഴിഞ്ഞു. ഉല്‍പ്പാദനവും ഇറക്കുമതിയും കൂടുന്ന മുറയ്ക്ക് കൂടുതല്‍ ലഭിക്കുകയും ചെയ്യും. എന്നിരുന്നാലും 1000 കോടി സൗജന്യത്തിന് നീക്കിവച്ചിട്ടുണ്ട്. കിറ്റിന്റെ കാര്യം ആവര്‍ത്തിക്കുന്നു. തുകയും പറയുന്നുണ്ട്. കേന്ദ്രം നല്കുന്ന അരിയടക്കമുള്ള ധാന്യങ്ങള്‍ ആവിയാവുകയാണോ?
അടിസ്ഥാന സൗകര്യവികസനത്തിന് നീക്കിയിരിപ്പൊന്നും കാര്യമായില്ല. സ്വപ്നത്തിലൊതുങ്ങുന്ന കുറേ കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. ജനങ്ങളുടെ ക്രയവിക്രയം സുഗമമാക്കാന്‍ സര്‍ക്കാര്‍ നേരിട്ടെന്തെങ്കിലും ചെയ്യുമെന്ന് പറയുന്നില്ല. വായ്പ ലഭ്യമാക്കാനുള്ള ആഗ്രഹമാണ് പറഞ്ഞുവച്ചത്. ദിശാബോധമോ യുക്തിയോ കാണാനേ കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്ടോപ് ലഭ്യമാക്കുമെത്രെ. അതും വായ്പ വഴി. ലാപ്ടോപ് വഴി പഠിക്കാന്‍ ഇന്റര്‍നെറ്റ് വേണ്ടേ. വൈദ്യുതിയില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ക്കുള്ള പരിഹാരമെന്താണ്?
കെഎസ്ആര്‍ടിസിയുടെ ഇന്ധനമാറ്റം, വൈദ്യുതിയില്‍ ഓടുന്ന സ്കൂട്ടര്‍ അങ്ങനെ ചില കാര്യങ്ങള്‍ വിവരിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം ഒട്ടും പ്രതീക്ഷ കാണാന്‍ കഴിയാത്തതില്‍ ദുഃഖിക്കുകയാണ്. പ്രതിപക്ഷ നേതാവ് അത് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രകടിപ്പിച്ച എതിര്‍പ്പൊന്നും നിലനില്‍ക്കുന്നതല്ല. കേന്ദ്രത്തിനെതിരെ ഒരു പ്രമേയം സര്‍ക്കാര്‍ അവതരിപ്പിച്ചാല്‍ ഇരുകൂട്ടരും മച്ചമ്പിമാരാകും. മന്ത്രിസഭ രൂപീകരിച്ച് രണ്ടാഴ്ച കഴിയുന്നതല്ലേയുള്ളൂ. രണ്ട് പ്രമേയമാണല്ലോ ഐക്യകണ്ഠേന പാസാക്കിയത്.
പ്രമേയത്തില്‍ ഒന്ന് ലക്ഷദ്വീപിനെ ചെല്ലിയാണ്. ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണത്രെ. എന്താണ് സംഘം. അതിന്റെ അജണ്ട എന്താണ്. ‘അഞ്ജനമെന്നാല്‍ ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും’ എന്നു പറയുംവിധമാണത്. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ ഉടന്‍ പിന്‍വലിക്കണമെന്നാണ് പ്രമേയം. പിന്‍വലിച്ചില്ലെങ്കില്‍ കേരള നിയമസഭ എന്ത് ചെയ്യും? കേന്ദ്രസര്‍ക്കാരിനെ പിരിച്ചുവിടുമോ? തമിഴ്നാട് ഗവര്‍ണറെ പിന്‍വലിക്കണമെന്ന് ആന്ധ്രനിയമസഭയ്ക്ക് പ്രമേയം പാസാക്കാമോ? പറ്റില്ലെങ്കില്‍ എന്തിന് ലക്ഷദ്വീപ് പ്രമേയം.
കേരളത്തിന് കേന്ദ്രം സൗജന്യമായി വാക്സിന് നല്‍കണമെന്നാവശ്യപ്പെടുന്നതാണ് മറ്റൊരു പ്രമേയം. ഉല്‍പ്പാദനം കൂടുന്ന മുറയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്കാനല്ലേ വാക്സിന്. കേന്ദ്രത്തിനത് പൂഴ്ത്തിവച്ചിട്ടെന്ത് കാര്യം? സര്‍ക്കാരിന്റെ മനസ്സറിഞ്ഞും അറിയാതെയും നാമൊന്ന് നമുക്കൊന്ന് എന്ന രീതിയിലാണവര്‍. പ്രതിപക്ഷം ഉന്നയിക്കുന്ന എതിര്‍പ്പിലൊന്നും കാര്യമില്ല. ‘ചേട്ടന് ബാവ അനിയന് ബാവ’മാരായി മാറിയിരിക്കുന്നു ഭരണപക്ഷവും പ്രതിപക്ഷവും. അവരില്‍ നിന്ന് നീതിയല്ല അനീതിയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. സ്വപ്നലോകത്തുള്ള ധനമന്ത്രി ഇത്രയൊക്കെ ചെയ്തല്ലോ എന്നാശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: