തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റും നയപ്രഖ്യാപനവും രാഷ്ട്രീയ പ്രഖ്യാപനമായെന്ന് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുത്തരിക്കണ്ടം മൈതാനിയില്‍ പ്രഖ്യാപിക്കേണ്ടത് ബജറ്റിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ച കണക്കുകളില്‍ അവ്യകതതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ അധിക ചെലവ് 1715 കോടി എന്നാണ് പറയുന്നത്. 20,000 കോടിയുടെ ഉത്തജക പാക്കേജ് അധിക ചെലവില്‍ ഉള്െപ്പടില്ലേ. പിഡബ്ല്യുഡി കരാറുകാരുടെ കുടിശിക തീര്‍ക്കാനും പെന്ഷന് കുടിശിക തീര്‍ക്കാനുമാണ് കഴിഞ്ഞ തവണത്തെ ഉത്തേജക പാക്കേജ് ഉപയോഗിച്ചത്. അത് സര്‍ക്കാറിന്റെ ബാധ്യതയാണ്. കുടിശിക കൊടുത്തു തീര്‍ക്കല്‍ എങ്ങനെ ഉത്തേജക പാക്കേജ് ആകും. അപ്പോള്‍ 21,715 കോടിയല്ലേ അധിക ചെലവായി കണക്കാക്കേണ്ടത്.
റവന്യൂ കമ്മി 16,910 കോടിയാണ് കാണിച്ചിരിക്കുന്നത്. അതിനോട് 20,000 കോടി കൂട്ടണം. അപ്പോള്‍ റവന്യൂ കമ്മി 36,910 കോടി ആവും. ബജറ്റിന്റെ എസ്റ്റിമേറ്റില്‍ പുതിയതായി പ്രഖ്യാപിക്കപ്പെട്ട 20,000 കോടി ഇല്ല. എസ്റ്റിമേറ്റാണ് ശരിയായ ബജറ്റ്. ധനമന്ത്രി അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തതയുണ്ട്.
റവന്യൂ കമ്മി 36,000 കോടി ആവേണ്ടതായിരുന്നു. ബജറ്റിലെ എസ്റ്റിമേറ്റിന് തന്നെ അടിസ്ഥാനമില്ല. 8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. കരാര്‍ കുടിശ്ശികയും പെന്ഷന് കുടിശ്ശികയും കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. 5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. അതേക്കുറിച്ച് ബജറ്റില്‍ സൂചനയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: