ന്യൂദല്‍ഹി : സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ വെര്‍ച്വല്‍ സംവാദ പരിപാടിയില്‍ അപ്രതീക്ഷിമായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷകള്‍ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കകളും മറ്റും മനസ്സിലാക്കുന്നതിനായാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത്.
പെട്ടെന്നാണ് ഞാനിതില്‍ പങ്കുചേര്‍ന്നത്. ശല്യപ്പെടുത്തിയില്ലെന്നു കരുതുന്നു. പരീക്ഷ റദ്ദാക്കിയതു കൊണ്ട് നിങ്ങളുടെ സന്തോഷത്തിന് അതിരില്ലെന്നാണു തോന്നുന്നതെന്ന് ചോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി യോഗത്തില്‍ ഭാഗമായത്. കോവിഡ് മഹാമാരി മൂലം പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കുറ്റമറ്റ രീതിയില്‍ മാര്‍ക്ക് നല്‍കുമെന്ന് മോദി അറിയിച്ചു.
പരീക്ഷ റദ്ദാക്കിയതിനുശേഷം ഉണ്ടായ പെട്ടെന്നുള്ള ശൂന്യതയെക്കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ചോദിച്ചപ്പോള്‍ പരീക്ഷകള്‍ ഒരു ഉത്സവമായി ആഘോഷിക്കണമെന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്. അതിനാല്‍ പരീക്ഷകളേക്കുറിച്ച് മനസ്സില്‍ ഭയമില്ലെന്നായിരുന്നു ഒരു വിദ്യാര്‍ത്ഥി അറിയിച്ചത്. പത്താം ക്ലാസ് മുതല്‍ വായിച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രിയുടെ ‘പരീക്ഷാ വാരിയേഴ്സ്’ എന്ന പുസ്തകം അനിശ്ചിതാവസ്ഥയുടെ ഈ കാലത്തെ നേരിടാന്‍ തനിക്ക് ഒരു വലിയ സഹായമായെന്ന് ഗുവഹാത്തി സ്വദേശിയായ വിദ്യാര്‍ത്ഥി അറിയിച്ചു. കോളേജ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തനിക്ക് ഇപ്പോള്‍ മതിയായ സമയം ലഭിച്ചു എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥി മറുപടി നല്‍കിയത്.
പരീക്ഷ റദ്ദാക്കലിനുശേഷമുള്ള അവരുടെ സമയം ഫലപ്രദമായി വിനിയോഗിക്കാനും മോദി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. പൊതു പങ്കാളിത്തത്തിലൂടേയും കൂട്ടായ്മയിലൂടേയും കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിനിടയില്‍ കണ്ട സംഘബോധത്തിന് അദ്ദേഹം വിദ്യാര്‍ത്ഥികളെ പ്രശംസിച്ചു. ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് കാണുമോ അതോ ഒളിമ്പിക്സ് അല്ലെങ്കില്‍ അന്താരാഷ്ട്ര യോഗ ദിനത്തിനായി കാത്തിരിക്കാനും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: