ആലപ്പുഴ: പ്രളയ സെസിന് മേല്‍ പലിശ ഈടാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ആവശ്യം ഉയരുന്നു.ലോക്ക്ഡൗണ്‍ കാരണം വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ജിഎസ്റ്റിയുമായി ബന്ധപ്പെട്ട മാസിക, ത്രൈമാസിക റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതികള്‍ നീട്ടിയിരിക്കുകയാണ്.
കൂടാതെ, അടയ്ക്കുവാനുള്ള നികുതിയിന്മേലുള്ള പലിശയ്ക്കും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ റിട്ടേണുകളോടൊപ്പം ഫയല്‍ ചെയ്യേണ്ട കേരള ഫ്ളഡ് സെസ്സിന് മേല്‍, സംസ്ഥാന സര്‍ക്കാര്‍ 18 ശതമാനം പലിശ ഈടാക്കുന്നു. ഏപ്രില്‍ മാസത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിയിരുന്ന തീയതി മെയ് 20 ആയിരുന്നു. ഈ മാസത്തെ ജിഎസ്റ്റി ആര് 3 ബി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 4 വരെ നീട്ടിയിട്ടുണ്ട്. അതനുസരിച്ച്, നികുതി അടയ്ക്കുന്നവര്‍ക്ക്, നികുതിയിന്മേല് ജിഎസ്റ്റി വകുപ്പ് പലിശ ഈടാക്കുന്നില്ല.
എന്നാല്‍, സംസ്ഥാനത്ത് മാത്രം ബാധകമായുള്ള കേരള ഫ്ളഡ് സെസ്സ് അടയ്ക്കുമ്പോള്‍, കെഎഫ്സി പോര്‍ട്ടല്‍ തന്നെ 18% പലിശ ഈടാക്കുന്നു. ഈ പലിശ തുക കൂടി അടച്ചാല്‍ മാത്രമേ കെഎഫ്സി റിട്ടേണുകള്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുന്നുള്ളൂ. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഈ വിഷയത്തില്‍ പതിയണമെന്നും, പലിശ ഈടാക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നും ആള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസ്സിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: