മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം മാനവികം തന്നെ. മനുഷ്യനെ വഴിതെറ്റിക്കുന്ന മായയുടെ അടിസ്ഥാനഘടകം മാനവികതയല്ലാതെ മറ്റൊന്നല്ല. മനുഷ്യന് എന്ന നിലയില്‍ കാണുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുതന്നെ മായാമോഹം. മനുഷ്യജീവിതത്തിലെ നല്ലതിനും കെട്ടതിനും ഒരുപോലെ കാരണമായിരിക്കുന്നത് മാനവികതയാകുന്നു. മനുഷ്യന്റെ കാലഗണനയില്‍ മായ അനാദിയായിരിക്കാം. എന്നാല്‍ മനുഷ്യനില്ലെങ്കില്‍ മായയുമില്ല!
ആധുനിക വൈകാരിക ബുദ്ധിജീവികള്‍ മാനവികതയുടെ നല്ലവശം മാത്രം കാണുന്നവരാണ്. രാഗമുള്ളിടത്ത് ദ്വേഷമുണ്ട്, ഹിംസയുണ്ട്. പ്രേമമുള്ളിടത്ത് സ്പൃഹയുണ്ട്, ആസക്തിയുണ്ട്, മദമാത്സര്യങ്ങളുമുണ്ട് എന്നറിയേണ്ടിയിരിക്കുന്നു.
ജീവാത്മാവു കാണുന്നത് ജീവിയുടെ പരിസ്ഥിതി മാത്രം, പ്രകൃതിയെ അല്ല. ഈശ്വരന് കാണുന്നതാണ് പ്രകൃതി.
ആദ്ധ്യാത്മികസാധനയുടെ ആദ്യഘട്ടങ്ങളെല്ലാം (സദ്സംഗം, യമനിയമപാലനം, കര്‍മ്മഫലത്യാഗം, സമര്‍പ്പണം, അഹങ്കാരനാശം) ജീവിയില്‍ നിന്ന് ഇഷ്ടാനിഷ്ടങ്ങളെ കളഞ്ഞ് ഈശ്വരമായയ്ക്കുള്ളിലെ ജീവമായയെ നീക്കി പരമേശ്വരനിലേക്കുയരാനുള്ളതാകുന്നു. ജീവമായ പോയാല്‍ ബാക്കിനില്ക്കുന്ന, വ്യവസ്ഥിതമെന്നു തോന്നിക്കുന്ന മായയാണ് ഈശ്വരമായ. പരമേശ്വരസങ്കല്പവും മായയില്തന്നെ, മാനവികതയില്‍ തന്നെ.
മനുഷ്യന് ഇവിടെ അഭിമുഖീകരിക്കേണ്ടിവരുന്ന കുഴപ്പങ്ങള്‍ക്കൊന്നും കാരണം ഈശ്വരനോ പ്രകൃതിയോ അല്ല. അവന്റെ ഇഷ്ടാനിഷ്ടങ്ങളും മാനവികതയുമാകുന്നു. ശാസ്ത്രജ്ഞന് ഇന്ദ്രിയങ്ങള്‍ വഴി പഠിക്കുന്നതും പ്രയോഗങ്ങളിലൂടെ നേരിടുന്നതും ഈശ്വരനേയോ മൂലപ്രകൃതിയേയോ അല്ല. തന്നെത്തന്നെയോ, താന്‍കൂടി അടങ്ങിയിരിക്കുന്ന പൂര്‍ണ്ണതയെയോ അവന് എങ്ങനെ നേരിടും, എങ്ങനെ പഠിക്കും? അവന്റെ ഇന്ദ്രിയപ്രത്യക്ഷ വിഷയം അവന്റെ പരിസ്ഥിതി മാത്രമാകുന്നു.
വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളല്ല ഇവിടെ പ്രധാനമെന്നും മനുഷ്യന്റെ പ്രത്യേക വ്യക്തിത്വം എന്ന ആശയം തന്നെ മായാമോഹത്തില്‍ നിന്നുണ്ടാകുന്നതാണെന്നും തിരിച്ചറിയും വരെ മനുഷ്യവര്‍ഗ്ഗത്തിന് ശ്രേയസ്സോ പ്രേയസ്സോ പ്രതീക്ഷിക്കേണ്ടതില്ല. സമഷ്ടി ശ്രേയപ്രേയസ്സുകള്‍ തന്നെ വ്യഷ്ടി ശ്രേയപ്രേയസ്സുകള്‍.
മനുഷ്യനെ ഉണ്ടാക്കി നിലനിര്‍ത്തിക്കൊണ്ടുപോകുന്ന, മനുഷ്യശരീരം കൂടി ഉള്‍പ്പെടുന്ന, മൂലപ്രകൃതിയുടെ ഓര്‍മ്മ മാത്രമാണ് നമുക്ക് ഇവിടെ സ്ഥായിയായി കൊണ്ടുനടക്കാനുള്ളത്. സമഷ്ടി താല്പ്പര്യങ്ങള്ക്കേ ഇവിടെ വിലയുള്ളൂ, വില വെയ്ക്കേണ്ടതുമുള്ളൂ.
ഞാന്‍-എന്റെ (അഹം മമ) എന്നീ ബന്ധങ്ങളും വിചാരങ്ങളും വെടിഞ്ഞ് മുഖം നോക്കാതെ സമൂഹധര്‍മ്മം പാലിക്കാനുപദേശിക്കുന്ന ഭഗവത്ഗീതയായിരിക്കണം ഈ കാര്യത്തില്‍ നമുക്ക് ബാലപാഠം. നമ്മുടെ ശരീരത്തിലെ ഓരോ കോശവും ഓരോ ജീവിയാണെന്ന് ആധുനികശാസ്ത്രം പറയുന്നു. അവ ഒത്തുപോയില്ലെങ്കില്‍ മനുഷ്യശരീരമില്ല, മനുഷ്യനില്ല. അതില്‍നിന്നെങ്കിലും ആധുനികലോകത്തിന് പാഠം പഠിച്ചുകൂടേ?
മൂലപ്രകൃതിയിലേക്കും പരമേശ്വരനിലേക്കും നോക്കുന്ന ഭാരതീയന്റെ ഏകാത്മഭാവത്തിനു മാത്രമാണ് സനാതനമെന്നവകാശപ്പെടാനുള്ള അവകാശം ഇന്ന് ഇവിടെ ഉള്ളത്. ലോകമംഗളം കാംക്ഷിക്കുന്ന ഇന്നത്തെ ഏകശാസ്ത്രം ഏകാത്മഭാവത്തില്‍ അധിഷ്ഠിതമായ ഭാരതത്തിന്റെ ശാസ്ത്രചിന്ത മാത്രമാകുന്നു.
വിഷ്ണുമായ
മേല്പറഞ്ഞവയൊന്നു കൊണ്ടും, പരമേശ്വരനെപ്പോലും വഴിതെറ്റിച്ച വിഷ്ണുമായ ഇല്ലാതാകുന്നില്ല. ബഹുഭൂരിപക്ഷവും അത് മായയെന്നറിയുന്നുപോലുമില്ല (മമ മായാ ദുരത്യയാ). ബുദ്ധി കൊണ്ടുവേണം വിഷ്ണുമായയെ മറികടക്കാന്‍. ബുദ്ധി ഈശ്വരന്റെ വിഭൂതിയാകുന്നു. ഇന്ദ്രിയപ്രത്യക്ഷലോകം നിയമാനുസൃതമായി കാണുന്നപോലെ തോന്നിക്കൊണ്ടേയിരിക്കും. ആധുനികശാസ്ത്രവും അപരാവിദ്യകളും ഇവിടെ പ്രസക്തങ്ങളാണ്.
അഭിനവസാങ്കേതിക വിദ്യകളും വിദഗ്ധന്മാരും കൂടി വിഷ്ണുമായയുടെ സന്തതിപരമ്പരയില്‍ ഉള്‍പ്പെടുമെന്ന് പറഞ്ഞാല്‍ തെറ്റില്ല. കുട്ടിച്ചാത്തന് ഋഷിയാകേണമെങ്കില് ഉള്‍ക്കണ്ണു തുറക്കുകതന്നെ വേണം. നാം പെരുമാറുന്നതും നമ്മുടെ മാംസചക്ഷുസ്സുകള്‍ കൊണ്ടു കാണുന്നതുമല്ല മൂലപ്രകൃതി. മനുഷ്യന്റെ ജൈവശരീരം ലയിച്ചുചേരുമ്പോഴേ പരിസ്ഥിതി പ്രകൃതിയാവുകയുള്ളു.
ജീവാത്മാവു കാണുന്ന വിവിധ മായാദൃശ്യങ്ങളെ ബുദ്ധിയില്‍ ഏകീകരിച്ച ശേഷമേ വിഷ്ണുമായയില്‍ നിന്ന് വിടുതല്‍ കിട്ടുകയുള്ളു. നാനാത്വത്തിലെ ഏകത്വം ബോധ്യമാകുമ്പോള്‍ ജീവാത്മാവ് പരമേശ്വരപദത്തിലേക്കുയരുന്നു. പ്രത്യേകശരീരം ഉണ്ടെന്നുള്ള ബോധം പൂര്‍ണ്ണമായും നശിക്കുന്നു. മനോബുദ്ധികള്‍ ഈശ്വരന്റെ വിഭൂതികളായിത്തീരുന്നു. കുട്ടിച്ചാത്തന് തന്റെ മാതാപിതാക്കളെ തിരിച്ചറിയുന്നു.
അവിടെനിന്നുവേണം ഭാരതത്തിന്റെ ജ്ഞാനശാസ്ത്രം നിര്‍ദേശിക്കുന്ന രണ്ടല്ലാത്ത ഏകം എന്ന ലക്ഷ്യത്തിലെത്താന്‍. മാതാപിതാക്കള്‍ താന്‍തന്നെ എന്നറിയാന്‍ കുട്ടിച്ചാത്തന് ഋഷിയായിത്തീരാന്. ചലിക്കുന്ന പാമ്പില്‍ ചലിക്കാത്ത കയറിനെ മാത്രം കണ്ടാല്‍ പോരാ. അകമെന്നും പുറമെന്നും ഉള്ള ദ്വന്ദ്വം കൂടി ഇല്ലാതാകേണ്ടിയിരിക്കുന്നു. ശിവമായയെക്കൂടി മറികടക്കേണ്ടിയിരിക്കുന്നു. ആന്തരികചലനങ്ങള്‍ കൂടി ഇല്ലാതാകേണ്ടിയിരിക്കുന്നു. ഭ്രമം പോയാല്‍ പോരാ, ഭ്രമണം കൂടി അടങ്ങണം.
ശിവമായ
വിഷ്ണുമായയില്‍ ദൃശ്യങ്ങളെ അവയ്ക്ക് പുറത്തുനിന്നുകൊണ്ട് കാണുമ്പോള്‍, ശിവമായയില്‍ ദൃശ്യങ്ങളെ അവയ്ക്കകത്തു നിന്നുകൊണ്ടു കാണുന്നു. തനതായ (ശിൃേശിശെര) കാഴ്ചപ്പാട് ശിവപെരുമാള്‍ക്കു മാത്രം സാധ്യമായതാണ്. ശിവോഹം എന്നു സാക്ഷാത്ക്കരിച്ചാലേ സാധകന് അവിടെ പ്രവേശമുള്ളു. തീര്‍ത്തും ഭാരതീയമായ പ്രസ്തുത വീക്ഷണം പാശ്ചാത്യലോകത്തിന് തീര്‍ത്തും അന്യമാകുന്നു.
ചലനരഹിതമായ ഏകത്തില്‍ അവ്യവസ്ഥിതമായി അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചലനത്തിന്റെ ലാഞ്ഛന ഉണ്ടാകുമ്പോള്‍ ഏകം പരമാത്മാവായി അറിയപ്പെടുന്നു. സ്വയം ഭ്രമണം പ്രദക്ഷിണമെന്നും അപ്രദക്ഷിണമെന്നും (പരമേശ്വരനായും പരമേശ്വരിയായും) വേര്‍പിരിയാന്‍ തുടങ്ങുന്നതോടെ ഭ്രമണയുഗ്മമായി (അര്‍ദ്ധനാരീശ്വരനായി) നേര്ചലനത്തിനു തുടക്കം കുറിക്കുന്നു. നേര്ചലനം പുറത്തെന്നറിഞ്ഞ് ബഹിര്‍ദൃഷ്ടി സാധ്യമാകുന്നു.
പരമേശ്വരന് തന്റെ ബാഹ്യരൂപത്തെ വിഷ്ണുമൂര്‍ത്തിയായും പരമേശ്വരി വിഷ്ണുമായയായും അറിയുന്നു.
പുനഃസംഗമിക്കുമ്പോള് പഞ്ചഭൂത(പ്രപഞ്ച)സൃഷ്ടിയുണ്ടാകുന്നു. കവിഭാവനയില്‍ ശങ്കരമോഹനം എന്ന മനോരഞ്ജകപുരാണകഥ രൂപം കൊള്ളുന്നു. ഇവിടെ സ്ത്രീപുരുഷ ദ്വന്ദ്വം കവിഭാവന മാത്രം. യഥാര്‍ത്ഥ സ്ത്രീ-പുരുഷ ദ്വന്ദ്വം അവതാരങ്ങളുടെ തലത്തില്‍ മാത്രം.
ആധുനികശാസ്ത്രം
ന്യൂട്ടന്റേതുള്പ്പെടെയുള്ള സമസ്ത ആധുനിക ശാസ്ത്രവീക്ഷണങ്ങളും ദൃശ്യങ്ങളെ അവയ്ക്കു പുറത്തുനിന്നുകൊണ്ടു കാണുന്നു, അവയുമായി ഇടപെടുന്നു. അവ പ്രയോഗങ്ങള്‍ക്കും സിദ്ധികള്‍ക്കും കൊള്ളാം, എന്നാല്‍ ആത്യന്തികജ്ഞാനം നല്‍കുന്നില്ല.
ആധുനികശാസ്ത്രത്തില്‍ കണങ്ങളുടെ സ്വത്വം ബാഹ്യനിരീക്ഷണം കൊണ്ട് സ്ഥാപിക്കാനാകില്ലെന്നും, അവയ്ക്ക് അകത്തുനിന്നുകൊണ്ടു മാത്രം അറിയാവുന്ന ഗുണവിശേഷങ്ങളുണ്ടെന്നും, അവയെ പ്രത്യേകരീതിയില്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും ആദ്യമായി ചൂണ്ടിക്കാണിച്ചത് സത്യേന്ദ്രനാഥ് ബസു എന്ന കഴിഞ്ഞ തലമുറയിലെ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു. കണങ്ങളുടെ തനതായ ഗുണവിശേഷം അവയുടെ സ്വയംഭ്രമണല്ലാതെ മറ്റൊന്നല്ല.
കണക്കു കൂട്ടാനല്ലാതെ, ബസുവിന്റെ ഉള്‍ക്കാഴ്ചയുമായി പൊരുത്തപ്പെടാനോ, തനതായ ശാസ്ത്രസിദ്ധാന്തമായി രൂപപ്പെടുത്തിയെടുക്കാനോ, പാശ്ചാത്യ ശാസ്ത്രത്തിന് ഇന്നേവരെ സാധിച്ചിട്ടില്ല. ആന്തരികവീക്ഷണം പോലും ആ ശാസ്ത്രത്തിന് അന്യമാണല്ലോ. ഭാരതീയ ഭൗതികശാസ്ത്രജ്ഞര്‍ തന്നെ മുന്‍കൈ എടുക്കേണ്ടിവരും.
നിരീക്ഷകന് അകത്തുനിന്നുകൊണ്ടു മാത്രം അറിയാവുന്ന സ്വയം ഭ്രമണത്തിന്റെ തനതായ ഭൗതികം നാം വികസിപ്പിച്ചെടുക്കുകതന്നെ വേണം അപ്പോള്‍ മാത്രമേ എല്ലാ ദ്വന്ദ്വങ്ങളും പോയി ആധുനിക ശാസ്ത്രാന്വേഷണവും ആത്മാന്വേഷണവും ഒന്നിച്ചുകൊണ്ട് ഏകം എന്ന നമ്മുടെ പരമലക്ഷ്യത്തിലെത്തുകയുള്ളു.
ആധുനികശാസ്ത്രം വിഷയങ്ങളെ ചുരുക്കി ക്രമീകരിക്കാന്‍ ശ്രമിക്കുന്നു. യോഗി മനസ്സിനെ ഏകാഗ്രമാക്കാന്‍ ശ്രമിക്കുന്നു. ജ്ഞാനി അറിവിനെ അറിയാന്‍ ശ്രമിക്കുന്നു. ലക്ഷ്യം ഏകം. കുറുക്കുവഴികള്‍ തേടുന്നവര്‍ അഹങ്കാരത്തിലേക്ക് കൂപ്പുകുത്തുന്നു.
ജ്ഞാനദ്വയങ്ങള്‍
പലതുണ്ടാവതിന്നു ബത –
മോഹം നിമിത്ത, മതുപോകും-
പ്രകാരമിഹചേതസ്സിലാക ഹരീ
നാരായണായ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: