ബംഗളൂരു: കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയതിന് ഗൂഗിള്‍ ക്ഷമാപണം നടത്തി. ‘ഏറ്റവും മോശം ഭാഷ’ കന്നഡയെന്ന് സൂചിപ്പിക്കുന്ന സെര്‍ച്ച് റിസര്‍ട്ട് ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. ‘ഇന്ത്യയിലെ മോശം ഭാഷ ഏത്’ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് റിസര്‍ട്ട് കാണിച്ചത്. ഇത് വൈറലാവുകയും ഗൂഗിളിനെതിരെ രൂക്ഷ പ്രതികരണത്തിന് ഇടയാക്കുകയുമായിരുന്നു. നിയമപരമായി നോട്ടിസ് നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഗൂഗിളിന് ശക്തമായ താക്കീത് നല്കി.
ആളുകള്‍ രോഷം പ്രകടിപ്പിക്കുകയും രാഷ്ട്രീയ നേതാക്കള്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ വിമര്‍ശിക്കുകയും ചെയ്തതോടെ ‘ഇന്ത്യയിലെ എറ്റവും മോശം ഭാഷ’ കന്നഡ എന്ന പരാമര്‍ശം ഗൂഗിള്‍ നീക്കം ചെയ്യുകയും സെര്‍ച്ച് റിസര്‍ട്ട് ഗൂഗിളിന്റെ അഭിപ്രായമല്ലെന്ന് പറഞ്ഞ് ക്ഷമാപണം നടത്തുകയുമായിരുന്നു. ആ ചോദ്യത്തിന് അത്തരത്തിലുള്ള മറുപടി കാണിക്കുന്നതിന് ഗൂഗിളിന് നിയമപരമായി നോട്ടിസ് അയയ്ക്കുമെന്ന് കര്‍ണാടക സംസ്കാരിക, വനം വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കന്നഡയോടും കന്നഡിഗരോടും ഗൂഗിള്‍ മാപ്പു ചോദിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് അദ്ദേഹം ട്വിറ്ററില്‍ കുറിപ്പിട്ടു. കന്നഡ ഭാഷയ്ക്ക് സ്വന്തമായ ചരിത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2,500 വര്‍ഷത്തെ പഴക്കമുണ്ട്. കാലങ്ങളായി ഭാഷ കന്നഡിഗരുടെ അഭിമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സെര്‍ച്ച് റിസള്‍ട്ടുകള്‍ എല്ലായ്പ്പോഴും ശരിയായിരിക്കില്ലെന്ന് ഗൂഗിള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: