ന്യൂദല്‍ഹി: ദല്‍ഹിക്കും ഉത്തര്‍പ്രദേശിനും പിന്നാലെ സംസ്ഥാനത്തെ കര്‍ശനമായി നിയന്ത്രിച്ചിരുന്ന ലോക്ഡൗണ്‍ തുറക്കാന്‍ മഹാരാഷ്ട്രയും.
അഞ്ചു ഘട്ടത്തിലായി സംസ്ഥാനത്തെ തുറക്കുന്ന പദ്ധതിയാണ് മഹാരാഷ്ട്ര തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഘട്ടം ഘട്ടമായി സംസ്ഥാനം തുറന്നിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ അഞ്ചായി തിരിച്ചായിരിക്കും അണ്‍ലോക്ക് ചെയ്യുക. . കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനമോ അതില്‍ താഴെയോ എത്തുകയും ഓക്സിജന്‍ ബെഡുകളില്‍ ആകെയുള്ള രോഗികളുടെ എണ്ണം 40 ശതമാനത്തില്‍ കുറവായിരിക്കുകയും ചെയ്യുന്ന ജില്ലകള്‍ ലെവല്‍ ഒന്നിലായിരിക്കും. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെയും വരുന്ന ലെവല്‍ ഒന്നില്‍പ്പെട്ട ജില്ലകള്‍ പൂര്‍ണമായി തുറന്നിടും. താനെ ഉള്‍പ്പെടെ 18 ജില്ലകള്‍ ഇപ്രകാരം തുറക്കും.
അഞ്ചാം ലെവലിലുള്ള ജില്ലകള്‍ റെഡ് സോണായിരിക്കും. ഇവിടെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണായിരിക്കും.
മുംബൈയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. സംസ്ഥാന തലസ്ഥാനം എന്ന നിലയില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിയാലും ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കേണ്ട എന്നതാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. മുംബൈയില്‍ കോവിഡ് രണ്ടാം തരംഗം പൂര്‍ണ്ണമായും നിയന്ത്രണത്തിലായിട്ടുണ്ട്. എങ്കിലും ഇവിടെ ലോക്കല്‍ ട്രെയിനുകള്‍ ഓടില്ല. മാള്‍, തിയറ്ററുകള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. കല്യാണം, സംസ്കാരം എന്നി ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: