ന്യൂനപക്ഷ സമൂഹത്തെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചു, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ നിന്നുപോലും അവരെ അകറ്റിനിര്‍ത്തി. ന്യൂനപക്ഷ വനിതകളുടെ വിദ്യാഭ്യാസവും തൊഴിലും പോലും ഉറപ്പാക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയം പരാജയപ്പെട്ടു. മറ്റുള്ളവന്റെ ചെലവില്‍ ജീവിക്കുകയാണ് എല്‍ഡിഎഫ്.
കേരളത്തിലെ മുതലെടുപ്പ് രാഷ്ട്രീയത്തിനെതിരെ, ന്യൂനപക്ഷ സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനുള്ള കര്‍മ്മ പദ്ധതികളെക്കുറിച്ച് ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷനും കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വിസിയുമായ ഡോ.എം. അബ്ദുള്‍ സലാം ജന്മഭൂമി ലേഖകന്‍ ശ്യാം കാങ്കാലിനോട് പറഞ്ഞത്:
കേന്ദ്ര സര്‍ക്കാരിനെതിരായ പ്രചാരണങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ ദിവസേന തെറ്റിദ്ധരിപ്പിക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തില്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന ഗുണകരമായ പദ്ധതികളില്‍ പോലും ഇതാണ് അവസ്ഥ. തെറ്റിദ്ധാരണ തിരുത്തി ന്യൂനപക്ഷ ജനവിഭാഗങ്ങളെ ദേശീയതയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ ഉപാദ്ധ്യക്ഷനെന്ന നിലയില്‍ ഞാന്‍ ഊന്നുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ വനിതകള്‍ക്ക് ശരിയായ വിദ്യാഭ്യാസവും തൊഴിലും ഇല്ലാത്തത് പരിഹരിക്കപ്പെടേണ്ട അടിയന്തര പ്രശ്നമാണ്. ഇതിനായി മൈനോറിറ്റി യൂണിവേഴ്സിറ്റി അടക്കമുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യും.
ഉന്നം സ്ത്രീകളുടെ ഉന്നമനം
ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളുടെ ഉന്നമനം സാധ്യമാക്കേണ്ട ഒരു ലക്ഷ്യമാണ്. വൈവാഹിക ജീവിതം കൊണ്ടോ സാഹചര്യം കൊണ്ടോ അവര്‍ക്ക് നേടാന്‍ കഴിയാതെ പോയ വിദ്യാഭ്യാസം, ജോലി എന്നിവ ലഭ്യമാക്കാന്‍ എല്ലാവര്ക്കും പ്രയോജനമാകും വിധം ക്വാളിറ്റി മൈനോറിറ്റി യൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. വിദ്യാഭ്യാസ സാങ്കേതിക നിലവാരം മെച്ചപ്പെടുത്തുന്നത് വഴി ന്യൂനപക്ഷത്തെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാന്‍ സാധിക്കും.
പ്രവാസി ക്ഷേമത്തില്‍ ശ്രദ്ധ45 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളില്‍ ഭൂരിഭാഗം ആളുകളുടെയും കുടുംബ വരുമാനം വിദേശ രാജ്യങ്ങളില്‍ നിന്നാണ്. കേരളം കൂടാതെ രാജ്യത്തെ മറ്റ് പത്തോളം സംസ്ഥാനങ്ങളും നല്ല തൊഴിലിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നു. ഇവര്‍ക്കായി ദേശീയ പ്രവാസി മിഷന് സ്ഥാപിക്കുകയും സംസ്ഥാന തലത്തില്‍ പ്രവാസി ക്ഷേമ ബോര്‍ഡുകള്‍ കൊണ്ടുവരുകയും ചെയ്യാന്‍ പദ്ധതികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രവാസികളുടെ ആരോഗ്യം, യാത്ര, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഓണ്‍ലൈന്‍ പ്രവാസി പോര്‍ട്ടല്‍ രൂപീകരിക്കും. ഇതുവഴി പ്രവാസികളുടെ സമ്പൂര്‍ണ ഉന്നമനമാണ് ലക്ഷ്യം വയ്ക്കുന്നത്, ഒപ്പം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും.
കേരളത്തിലേത് മുതലെടുപ്പ് രാഷ്ട്രീയം
കേരളത്തില്‍ മാറി വന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മാത്രമല്ല, മത്സരിച്ചു പോക്കറ്റിലാക്കുകയാണ് ചെയ്തത്. തികച്ചും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് തന്നെ വേണം പറയാന്‍. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ അവര്‍ക്കിടയില്‍ പ്രചരിപ്പിച്ചും അവരില്‍ ചിലരുടെ അറിവില്ലായ്മ മുതലെടുത്തും ഭിന്നിപ്പിച്ചു കൊണ്ടേയിരുന്നു. ഒരുപാട് ആളുകള്‍ അത്തരം പ്രലോഭനങ്ങളില്‍ വീണുപോയിട്ടുണ്ട്. അവരിലുണ്ടായ തെറ്റിദ്ധാരണകള്‍ തിരുത്തി അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുക കൂടിയാണ് എന്റെ ലക്ഷ്യം.
കേന്ദ്ര പദ്ധതികള്‍ക്കെതിരെ വ്യാപകമായി പ്രചരണം നടത്തുന്നതിന് ഇവര്‍ ഉപയോഗിക്കുന്നതും ന്യൂനപക്ഷ സമൂഹത്തെയാണ്. കൗശലം കൊണ്ടും ബുദ്ധി കൊണ്ടും കേന്ദ്ര പദ്ധതികളെ സ്വന്തം പേരിലേക്ക് മാറ്റുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്തുവരുന്നത്. സൗജന്യ വാക്സിന് നല്‍കാമെന്ന് പറഞ്ഞിട്ട് പിന്നീട്, കേന്ദ്രം തന്നാല്‍ ഞങ്ങള്‍ കൊടുക്കാം എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയില്ലേ?
മറ്റുള്ളവന്റെ ചെലവില്‍ ജീവിക്കാമെന്ന് പഠിച്ച പാര്‍ട്ടിയാണ് എല്‍ഡിഎഫ്. ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. ന്യൂനപക്ഷ വികാസം ലക്ഷ്യംവച്ച് നിരവധി പദ്ധതികളാണ് കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളത്. ഇത് ഇവരിലേക്ക് കൃത്യമായി എത്തിയാല്‍ തന്നെ ഒരുപരിധിവരെ തെറ്റിദ്ധാരണ മാറും.
വേണ്ടത് സമവായത്തിന്റെ രാഷ്ട്രീയം
സംഘട്ടനത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും രാഷ്ട്രീയം നന്നല്ല. ഈരാറ്റുപേട്ടയില്‍ പി.സി. ജോര്‍ജിന് നേരിട്ട പ്രചരണ വിലക്ക് ജനാധിപത്യത്തിന് നിരക്കുന്നതല്ല. അവിടത്തെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ അറിവില്ലെങ്കിലും അത്തരത്തില്‍ ഒരു സാഹചര്യത്തില്‍ കുറച്ചുകൂടി രമ്യമായി പ്രശ്നം പരിഹരിക്കാന്‍ കഴിയുമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ഒരു വെല്ലുവിളിക്കപ്പുറം എതിരാളികളുടെ വികാരവും പരിഗണിക്കുന്ന പെരുമാറ്റമാണ് സമന്വയത്തിന്റെ വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: