കൊല്ലം: സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ മുന്‍നിരയില്‍ നില്ക്കുന്ന വാട്സ്ആപ്പിനെയും ഫേസ്ബുക്കിനെയും മറികടക്കാന്‍ കഴിയുന്ന തരത്തില്‍ മറ്റൊരു ആപ്പ് ഉണ്ടായിട്ടില്ലെന്ന് പറയുന്നവര്‍ക്ക് ഇനി അല്‍പ്പം ബ്രേക്ക് എടുക്കാം. ട്വിറ്റര്‍ പോലും രണ്ടാം സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ ട്രെന്‍ഡിങ്ങില്‍ ട്വിറ്ററിനെയും മറികടന്ന് ക്ലബ്ബ് ഹൗസ് എന്ന ആപ്ലിക്കേഷന്‍ എത്തുന്നത്.
എന്നാല്‍ പെട്ടെന്ന് പൊട്ടിമുളച്ച ഒരു സൈബര്‍ ഇടമല്ല ക്ലബ്ബ്ഹൗസ്. കഴിഞ്ഞ ഒരുവര്‍ഷമായി ഐഒഎസില്‍ മാത്രം ലഭ്യമായിരുന്ന ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയതോടെയാണ് ക്ലബ്ബ്ഹൗസ് നമുക്കിടയില്‍ ഇത്രയധികം പ്രചാരം നേടിയത്. ഇപ്പോള്‍ എവിടെയും ക്ലബ്ബ് ഹൗസിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കാണുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പലതരം ആപ്പുകളില്‍ നിന്നുള്ള വ്യത്യസ്ഥതയാണ് ക്ലബ്ബ് ഹൗസിന് ഇത്രമാത്രം പ്രചാരം നല്കിയതും. 2020ല്‍ ഇന്ത്യക്കാരനായ റോഹന്‍ സേത്തും അമേരിക്കന്‍ ഹൈലൈറ്റ് എന്ന സോഷ്യല്‍ മീഡിയ സംരംഭത്തിന്റെ ഉടമയായ പോള്‍ ഡേവിഡ്സണും ചേര്‍ന്നാണ് ക്ലബ്ബ് ഹൗസ് എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചത്.
ആപ്പിള്‍ ഉടമസ്ഥതയിലുള്ള ഐഒഎസില്‍ ആണ് ആദ്യം പുറത്തിറക്കിയത്. അതേ വര്‍ഷംതന്നെ അമേരിക്കയില്‍ ക്ലബ്ബ്ഹൗസിന് അതിവേഗ പ്രചാരം ലഭിച്ചു. 2021ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഈക്കഴിഞ്ഞ 21നാണ് ഇന്ത്യയില്‍ ലഭ്യമായത്. ലോക്ക്ഡൗണില്‍ വീടിനുള്ളില്‍ പെട്ടുപോയ ആളുകളുടെ ബോറടി മാറ്റാന്‍ കടന്നുവന്ന സോഷ്യല്‍ ശൃംഖലയെ നിറഞ്ഞ കൈയടിയോടെയാണ് കേരളക്കരയും എതിരേറ്റത്. മറ്റ് സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ഓഡിയോ രൂപത്തില്‍ ആശയവിനിമയം നടത്താം എന്നതാണ് ഈ കുഞ്ഞന്‍ ആപ്പിന്റെ പ്രത്യേകത.
ക്ലബ് ഹൗസ് എന്നാല്‍ എന്ത് ?
കുറച്ച് ആളുകള്‍ ചേര്‍ന്ന് ഒരു വിഷയത്തെ ആസ്പദമാക്കി ഒരു മുറിയില്‍ നടക്കുന്ന സംസാരത്തെ അതേപടി വെര്‍ച്വല്‍ ലോകത്തേക്ക് പറിച്ചു നടുകയാണ് ക്ലബ്ബ് ഹൗസ് ചെയ്യുന്നത്. റൂം ക്രിയേറ്റ് ചെയ്യുന്ന ആള്‍ക്കാണ് മോഡറേറ്റര്‍ പദവി. പൊതുവായ റൂമില്‍ ആര്‍ക്കും പ്രവേശിക്കാം, ചര്‍ച്ചയിലും പങ്കെടുക്കാം.
ക്ലോസ്ഡ് റൂമുകള്‍ ക്രിയേറ്റ് ചെയ്ത് സ്വകാര്യ സംഭാഷണങ്ങള്‍ നടത്താനും സൗകര്യമുണ്ട്. ഇതേസമയം യൂസേഴ്സില്‍ ആര്‍ക്കും തന്നെ ക്യാമറ ഓണാക്കാനോ വീഡിയോ പ്ലേ ചെയ്യാനോ മെസേജ് അയക്കാനോ സാധിക്കില്ല. അതുകൊണ്ട് അവിടെ ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്നു. ഒരു സമയം 5000 പേരെ വരെ ഒരു റൂമില്‍ ഉള്‍പ്പെടുത്താം.
സുരക്ഷാ നടപടിയുടെ ഭാഗമായി ഇ-മെയില്‍ വെരിഫയ് ചെയ്യുന്നതോടെ സ്വന്തമായി ക്ലബ്ബുകള്‍ രൂപീകരിക്കാനും ആളുകളെ അതിലേക്ക് സ്വാഗതം ചെയ്യാനും സാധിക്കും. മറ്റൊന്ന്, മോഡറേറ്ററുടെ അനുവാദമില്ലാതെ സംസാരിക്കാന്‍ സാധിക്കില്ല എന്നതും അനാവശ്യ സംസാരം നടത്തുന്നവരെ പുറത്താക്കാന്‍ സാധിക്കുമെന്നതും ആപ്പിനെ വ്യത്യസ്തമാക്കുന്നു. ആപ്പ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ ആര്‍ക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാം.
ചോദ്യമുന നീളുന്ന ക്ലബ്ബ്ഹൗസിലെ ഐക്കണ്‍
ക്ലബ്ബ്ഹൗസ് എന്ന ആപ്പ് ഇന്ത്യയില്‍ ലഭ്യമായ അന്ന് തൊട്ട് ഇന്നുവരെ നിരവധി ആളുകളുടെ മനസ്സില്‍ തട്ടിയ ഒരു ചോദ്യമാണ്, ആപ്പിന്റെ ഐക്കണിലെ സ്ത്രീ ആരാണ് എന്നുള്ളത് ? കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി സെലിബ്രിറ്റി താരങ്ങളുള്‍പ്പെടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തെങ്കിലും മലയാളത്തിലെ നടീ-നടന്മാര്ക്ക് പോലും ഉണ്ടായ സംശയമാണ് ഐക്കണ്‍ കഥാപാത്രം ആരെന്നുള്ളത്. ഇതിനെക്കുറിച്ച് ആദ്യദിവസങ്ങളില്‍ പല ചാറ്റ് റൂമുകളിലും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളും നടന്നു.
പ്രശസ്ത വിഷ്വല്‍ ആര്‍ടിസ്റ്റും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഡ്രൂ കറ്റോഗയാണ് ക്ലബ്ബ്ഹൗസിന്റെ ഐക്കണ്‍ ചിത്രമായി നല്‍കിയിട്ടുള്ളത്. ആപ്പിന്റെ പ്രാരംഭകാലം തൊട്ടുള്ള ഒരു ഉപഭോക്താവാണ് കറ്റോഗ. ക്ലബ്ബ്ഹൗസ് വഴി സ്റ്റോപ്പ് ഏഷ്യന്‍ ഹേറ്റ് എന്ന ക്യാമ്പയിന് കറ്റോഗ തുടക്കം കുറിച്ചതോടെയാണ് അവര്‍ മുഖ്യധാരയിലേക്ക് എത്തുന്നത്. ഇതിനിടെ ഏഴു ലക്ഷം ഫോളോവേഴ്സിനെയാണ് കറ്റോഗ ക്ലബ്ബ്ഹൗസില്‍ ഉണ്ടാക്കിയത്. ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കായി വലിയ ഒരു തുക ശേഖരിക്കാനും കറ്റോഗയ്ക്ക് ഇതിലൂടെ സാധിച്ചു. ക്ലബ്ബ്ഹൗസിന്റെ ഏഴാമത്തെ ഐക്കണാണ് കറ്റോഗ.
അമിതവിശ്വാസം വേണ്ടെന്ന അഭിപ്രായവുമുണ്ട്
അതിവേഗത്തില്‍ തരംഗമായ ക്ലബ്ബ്ഹൗസില്‍ ചില അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. നിലവില്‍ ക്ലബ്ബ്ഹൗസില്‍ റൂം ഉണ്ടാക്കിയാല്‍ അത് തീര്‍ത്തും ലൈവാണ്. അതില്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ സാധ്യമല്ല.
എന്നാല്‍ ആള്‍മാറാട്ടം, ശബ്ദ തട്ടിപ്പുകള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ നിരവധി വ്യാജ പ്രൊ
ഫൈലുകള്‍ ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നടന് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന് എന്നിവരുടെ പേരില്‍ ഉണ്ടാക്കിയ ഐഡികള്‍ തങ്ങളുടേതല്ല എന്ന പ്രസ്താവനയുമായി അവര്‍ രംഗത്തുവന്നിരുന്നു. ഇത്തരത്തില്‍ നിരവധി വ്യാജ പ്രൊ
ഫൈലുകള്‍ നിലവിലുണ്ട്. വെര്‍ച്ച്വല്‍ നമ്പറുകള്‍, നിയമവാഴ്ചയില്ലാത്ത രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഉള്ള നമ്പറുകള്‍ ഉപയോഗിച്ചാല്‍ പലപ്പോഴും ഉറവിടം കണ്ടെത്താന്‍ പറ്റാത്ത അക്കൗണ്ടുകള്‍ സൃഷ്ടിക്കാവുന്നതാണ്. അതിനാല്‍ത്തന്നെ ആപ്പിനെ അമിതമായി വിശ്വസിക്കരുത് എന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: