കൊച്ചി: തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാതശിശുവിനെ അമ്മ പാറമടയില്‍ കെട്ടിതാഴ്ത്തി. പ്രസവത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവം നിലക്കാത്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരതയുടെ വിശദാംശങ്ങള്‍ പുറംലോക മറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തി.
ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്ത്തിയെന്നും അവര്‍ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉപയോഗശൂന്യമായ പാറമടയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്താന്‍ സ്കൂബാ ഡൈവിംഗ് വിദഗ്ദ്ധരുടെ സഹായവും പോലീസ് തേടിയിരുന്നു.
നാല്‍പ്പത്ത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളില്‍ മൂത്തയാള്‍ക്ക് 24 വയസുണ്ട്. ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന. കൃത്യം ചെയ്യാന്‍ ഇവരുടെ ഭര്‍ത്താവ് സഹായിച്ചോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
യുവതി നിലവില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവവും രണ്ട് ദിവസം നീണ്ട രക്തസ്രവവും കാരണം അവശയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: