ആലപ്പുഴ: കന്നിട്ട ജെട്ടിയ്ക്ക് തെക്ക്ഭാഗത്ത് കെട്ടിയിട്ടിരുന്ന രണ്ട് ഹൗസ്ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. തീപിടിക്കുന്ന സമയത്ത് ജീവനക്കാര്‍ ആരും ബോട്ടില്‍ ഇല്ലായിരുന്നതിനാല്‍ ആളപയം ഇല്ല. ഫയര്‍ഫോഴ്സും, നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടുബോട്ടുകളും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റു ബോട്ടുകള്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളിനീക്കിയതിനാല് തീപടരാതെ വന്‍ദുരന്തം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. സംഭവത്തില്‍ ദുരുഹതയുള്ളതിനാല്‍ പോലീസ് ശാസത്രീയപരിശോധനാ വിഭാഗത്തിന്റെ സഹായം തേടി. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ആലപ്പുഴ കൊമ്മാടി സ്വദേശിയായ നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് മൈ ട്രിപ്പ്. വാടയ്ക്ക് എടുത്ത ആറ് ബോട്ടുകളില്‍ കൊയ്ന്യൂനിയ ക്രൂയിസ് വണ്‍, ടൂ എന്നീ ഹൗസ് ബോട്ടുകളാണ് പൂര്‍ണ്ണമായും അഗ്നിക്ക് ഇരയായത്. കോവിഡും ലോക്ക് ഡൗണും നിമിത്തം വിനോദ സഞ്ചാരികള്‍ എത്താത്തതിനാല്‍ സര്‍വീസ് ഇല്ലാതെ ബോട്ടുകള്‍ ജെട്ടിയില്‍ തന്നെ ദിവസങ്ങളായി കെട്ടിയിട്ടിരിക്കുകയാണ്.
20ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണ ജോലികള്‍ നടന്നുകൊണ്ടിരുന്ന ബോട്ടുകളായിരുന്നു തീ പിടിച്ചത്. ഈ സമയം നിയാസും തൊഴിലാളികളും മറ്റൊരു ബോട്ടില്‍ ഉണ്ടായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്പീഡ് ബോട്ടില്‍ സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് ബോട്ടും അറുപതുശതമാനത്തോളം കത്തിനശിച്ചിരുന്നു. ആദ്യം തീപിടിച്ച ബോട്ടില്‍ നിന്നാണ് സമീപത്തുണ്ടായിരുന്ന ബോട്ടിലേക്കും തീ പടര്‍ന്നതെന്നു പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: