കണ്ണൂര്‍: താവക്കരയിലെ നിവാസികള്‍ക്ക് ദുരിതമായി തണ്ണീര്‍തടത്തിലെ മാലിന്യം. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമായ ഇവിടുത്തെ താവ തണ്ണീര്‍ത്തടം മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങളായി ഇവിടെ നിന്നും ചെളി പോലും നീക്കം ചെയ്തിട്ടില്ല. നിര്‍ത്താതെ രണ്ട് മണിക്കൂര്‍ മഴ പെയ്താല്‍ ഇവിടെനിന്നും വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്.
താവക്കര പുതിയ ബസ് സ്റ്റാന്റ്, കണ്ണൂര്‍ സര്‍വ്വകലാശാല എന്നിവയുടെ നിര്‍മാണത്തിന് ശേഷം കൂടുതല്‍ മണ്ണ് വീണ് തണ്ണീര്‍ത്തടത്തിന്റെ ആഴം കുറഞ്ഞിരുന്നു. അതോടെ മഴ പെയ്താലുടന്‍ സമീപ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓടകള്‍ വഴി ചാക്കുകണക്കിന് മാലിന്യങ്ങളും ഇവിടേക്ക് ഒഴുകിയെത്തുന്നു. ഇതോടെ തണ്ണീര്‍ത്തടത്തിന്റെ ആവാസവ്യവസ്ഥ പൂര്‍ണമായും നശിച്ചു.
ഒരു കാലത്ത് ഈ ജലാശയം മുഴുവന്‍ പൂത്താലി ചെടിയായിരുന്നു. പിന്നീട് കുളവാഴയും, ആഫ്രിക്കന്‍ പായലും നിറഞ്ഞു. ഇപ്പോള്‍ ആഴത്തില്‍ വേരിറങ്ങുന്ന ചെടികളാണ് ഇവിടെയുള്ളത്. ഇതിനടിയിലാകെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. സാധാരണ നിലയില്‍ ഈ ജലം ഒഴുകി കടലില്‍ ചേരേണ്ടതാണ്. മാലിന്യങ്ങള്‍ നിറഞ്ഞതോടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുകയും വെള്ളം കയറാന്‍ കാരണമാകുകയും ചെയ്തു. വെള്ളം കയറുമ്പോള്‍ ഇഴജന്തുക്കളും വീടുകളിലെത്തുന്നു.
15ഓളം വീട്ടുകാരാണ് നിലവില്‍ ഈ അവസ്ഥയുടെ ദുരിതം അനുഭവിക്കുന്നത്. ചിലരൊക്കെ വീടും സ്ഥലവും വിറ്റ് മാറിപ്പോയി. അല്ലാത്തവര്‍ വീടിന്റെ തറ നിരപ്പ് ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. ചെളി നീക്കം ചെയ്ത് ആഴം കൂട്ടിയാല്‍ ഇവരുടെ ദുരിതത്തിന് പരിഹാരമാകുന്നതോടൊപ്പം നഗര സൗന്ദര്യവല്‍ക്കരണവും സാധ്യമാകും. കൗണ്‍സിലര്‍ കെ. ഷബീന ടീച്ചറുടെ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇവിടുത്തേക്ക് മണ്ണുമന്തിയന്ത്രം ഉള്‍പ്പെടെ എത്തിക്കുന്നതില്‍ പ്രയാസങ്ങളുണ്ട്. നീക്കം ചെയ്യുന്ന ചെളി നിക്ഷേപിക്കുകയെന്ന പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: